കോട്ടയം അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയുടെ ഏഴാം ബാച്ച് അംഗമായ സെബിന്‍ ജോര്‍ജ്ജ് മംഗളാംകുന്നേലിന് നീറ്റ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. അഖിലേന്ത്യാതലത്തില്‍ നടന്ന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 720 ല്‍ 700 മാര്‍ക്കോടെ 96-ാം റാങ്ക് സ്വന്തമാക്കിയാണ് ക്‌നാനായ സ്റ്റാര്‍സ് അംഗം അഭിമാന വിജയം നേടിയത്. സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ഇടവകയില്‍ മംഗളാംകുന്നേല്‍ ജോര്‍ജ്ജ് ജെയ്‌നി ദമ്പതികളുടെ ഇളയ മകനാണ് സെബിന്‍. പിതാവ് ജോര്‍ജ്ജ് എം. ലൂക്കാ അബുദാബിയില്‍ മെഷീന്‍ ഓപ്പറേറ്റായി ജോലി ചെയ്‌തുവരുന്നു. സൗദിയില്‍ നഴ്‌സായി സേവനം ചെയ്‌തിരുന്ന അമ്മ ജെയ്‌നി മടങ്ങിയെത്തി മക്കളുടെ പഠനത്തിനായി ഇപ്പോള്‍ വീട്ടില്‍ തന്നെയുണ്ട്. മൂത്ത സഹോദരി സ്‌നേഹ എം.എസ്.സി കെമിസ്‌ട്രി ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായ ശേഷം തുടര്‍പഠനത്തിന് തയ്യാറെടുക്കുന്നു. ഇടവകയുടെ അള്‍ത്താര ബാലനായി സന്തോഷത്തോടെ ശുശ്രൂഷ ചെയ്യുന്ന സെബിന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ യൂണിറ്റ് സെക്രട്ടറി കൂടിയാണ്.
ദൈവാനുഗ്രഹവും ഗുരുഭൂതരുടെയും കാരണവന്മാരുടെയും മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയും പ്രോത്സാഹനവുമാണ് ഈ വിജയത്തിലേക്കു തന്നെ നയിച്ചതെന്ന് സെബിന്‍ പറഞ്ഞു. ക്‌നാനായ സ്റ്റാര്‍സ് അംഗമായിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് സെബിന്‍ കൂട്ടിച്ചേര്‍ത്തു. അതിരൂപതാ വികാരി ജനറാളും കാര്‍ട്ട് ഡയറക്‌ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഇടവക വികാരി ഫാ. സജി കൊച്ചുപറമ്പില്‍ എന്നിവര്‍ ഭവനത്തിലെത്തി സെബിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും കൃതജ്ഞതാ പ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു. ക്നാനായ പത്രത്തിന്റെ വായനക്കാരുടെ സ്‌നേഹനിര്‍ഭരമായ അനുമോദനങ്ങളും സെബിനും കുടുംബാംഗങ്ങള്‍ക്കും സ്‌നേഹപൂര്‍വ്വം നേരുന്നു.