Breaking news

ചൈതന്യയില്‍ അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം ആരംഭിച്ചു

കോട്ടയം: മഴവില്ലിന്റെ വര്‍ണ്ണ ശോഭയോടെ വലുതും ചെറുതുമായ അലങ്കാര മത്സ്യങ്ങള്‍ വെള്ളത്തില്‍ നീന്തി തുടിക്കുന്ന ദൃശ്യം കാഴ്ച്ചക്കാരുടെ കണ്ണുകള്‍ക്ക് അവര്‍ണ്ണനീയമായ നയനാനുഭൂതിയാണ് സമ്മാനിക്കുന്നത്. വിവിധ ആകൃതിയിലും നിറത്തിലുമുള്ള അലങ്കാര മത്സ്യങ്ങളുടെ വിപുലമായ ശേഖരവുമായി സന്ദര്‍ശകര്‍ക്ക്് ഈ ദൃശ്യാനുഭവം ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. റെഡ് പാരറ്റ്, സക്കര്‍, കാര്‍പ്പ്, എയ്ഞ്ചല്‍ ഫിഷ്, അറോവാന, മില്‍ക്കി കാര്‍പ്പ്, എസ്.കെ ഗോള്‍ഡ്, ആല്‍ബിനോ ഓസ്‌ക്കാര്‍, ഷാര്‍ക്ക്, ആല്‍ബിനോ പിരാന, ഫുള്‍ മൂണ്‍ ഫൈറ്റര്‍ തുടങ്ങിയ വിവിധയിനം അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശന കേന്ദ്രമാണ് ചൈതന്യയില്‍ ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കൊവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസിക ഉല്ലാസത്തിനും കൗതുകത്തിനും അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം വഴിയൊരുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് സന്ദര്‍ശകര്‍ക്ക് അലങ്കാര മത്സ്യ പ്രദര്‍ശന യൂണിറ്റില്‍ പ്രവേശനം അനുവദിക്കുന്നത്.

ഫാ. സുനില്‍ പെരുമാനൂര്‍
എക്സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063

Facebook Comments

knanayapathram

Read Previous

ഡബ്ല്യുഎഫ്ജിക്ക് മലയാളി വൈസ് ചെയർമാൻ. ദക്ഷിണേന്ത്യയിൽ നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ ആളായി കോട്ടയം സ്വദേശി ജോമോൻ മാത്യു

Read Next

അമലഗിരി: പടവത്തില്‍ എത്സമ്മ തോമസ്‌(67) നിര്യാതയായി.