മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
(PRO UKKCA)
പുതിയ ക്നാനായ കുടുംബങ്ങളുടെ കതിരുകൾ വിരിയിക്കാനായി UKKCA ആരംഭിച്ച ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 101 കഴിഞ്ഞു. സൂര്യചന്ദ്രൻമാർ ഉള്ള നാൾ വരെ ക്നാനായ സമുദായം അഭിമാനത്തോടെ നിലകൊള്ളാനും തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് അഭംഗുരം കൈമാറി വരുന്ന വിശ്വാസത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും പുഴ പ്രവാസ വേനലിൽ വറ്റിവരളാതെ എന്നും കരകവിഞ്ഞൊഴുകാനുമായി UKKCA ആരംഭിച്ച മാട്രിമോണിയൽ വെബ് സൈറ്റിനെ ആഗോള ക്നാനായ സമൂഹം ഇരുകൈകളും നീട്ടി സ്വീകരിയ്ക്കുന്നത് UKKCA ക്ക് അഭിമാനനേട്ടമാണ്. വിവാഹാനന്തരം പുരോഹിതൻ സുറിയാനി ഭാഷയിലെ മംഗള ഗാനമായ ” ബറുമറിയം” പാടുന്ന വിവാഹങ്ങൾ അനുസ്യൂതം തുടരുവാനായി ആരംഭിച്ച ഗ്ലോബൽ ക്നാനായ മോട്രിമോണിയലിൽ അംഗങ്ങളായവരിൽ UKയിൽ നിന്നുള്ളവരെക്കാളേറെ അമേരിക്ക, ആസ്ട്രേലിയ, ഗൾഫ് നാടുകൾ, ഇൻഡ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.
ദക്ഷിണ മെസെപ്പെട്ടോമിയയിൽ നിന്നും യാത്ര തിരിയ്ക്കും മുമ്പ് ക്നായിത്തോമായുടെ നേതൃത്വത്തിലുള്ള കുടിയേറ്റ സംഘം എസ്രാ പ്രവാചകൻ്റെ കബറിടത്തിൽ പ്രാർത്ഥിച്ചിരുന്നതായി പുരാതനപ്പാട്ടുകളിൽ കാന്നുന്നുണ്ട്. സ്വവംശ വിവാഹ നിഷ്ഠയ്ക്കായി ഏറ്റവും അധികം തീഷ്ണത പ്രകടിപ്പിച്ച വ്യക്തിയായാണ് പഴയ നിയമം എസ്രാ പ്രവാചകനെ ചിത്രീകരിക്കുന്നത്. തൻ്റെ ആളുകളിൽ ചിലർ മറ്റു ഗോത്രങ്ങളിലുള്ളവരെ ജീവിത പങ്കാളികളാക്കിയപ്പോൾ കഠിന ദു:ഖത്തിലാഴ്ന്ന പ്രവാചകൻ ദൈവത്തോട് മാപ്പ് യാചിയ്ക്കുന്നതായി പഴയ നിയമത്തിലുണ്ട്. പുതിയൊരു ദേശത്തേയ്ക്കുള്ള യാത്രയ്ക്കു മുമ്പ് എസ്രാ പ്രവാചകൻ്റെ കബറിടത്തിൽ പ്രാർത്ഥിച്ചത് ക്നാനായ സമുദായം സ്വവംശവിവാഹ നിഷ്ഠയക്ക് എത്രയേറെ പ്രാധാന്യം നൽകുന്നു എന്നതിൻ്റെ ഉത്തമോദാഹരണമാണ്.
ചിലവുകളൊന്നുമില്ലാതെ അനായാസമായി, ദൈവം ഒരുക്കിയ ജീവിത പങ്കാളിയെ കണ്ടെത്താനും ക്നാനായ കുടുംബങ്ങൾക്ക് രൂപം നൽകാനുമായി ഒരുക്കിയ ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ വിവാഹ പ്രായമെത്തിയ യുവജനങ്ങളുടെ മാതാപിതാക്കൾക്ക് വലിയൊരു അനുഗ്രഹമാണ്.
ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹാർത്ഥികൾ ക്നാനായ ഇടവകകളിൽ നിന്നും, ക്നാനായ കുടുംബങ്ങളിൽ നിന്നും, ഉള്ളവരാണെന്ന് ഉറപ്പ് വരുത്താനായി UKKCA സെൻട്രൽ കമ്മറ്റിയംഗങ്ങൾ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ കുറഞ്ഞ കാലയളവിൽ തന്നെ സമുദായത്തിൽ നിന്നും പുറത്തായവർ അവരുടെ മക്കളെ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ച സംഭവങ്ങൾ ഒന്നും രണ്ടുമല്ല എന്നത് സമുദായത്തെ കരിവാരിത്തേയ്ക്കാനുള്ള ശ്രമങ്ങൾ എത്രയധികമാണ് എന്ന് കാണിച്ചുതരുന്നു. സ്വവംശവിവാഹനിഷ്ഠ മുഖമുദ്രയാക്കിയ ക്നാനായ സമുദായത്തിന് വരുംനാളുകളിൽ ഗ്ലോബൽ ക്നാനായ മാട്രിമോണി ഒരു തിലകക്കുറിയാവും എന്നതിൽ സംശയമില്ല.