പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. APJ അബ്ദുൾ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാതലത്തിൽ കലാം ക്വിസ് സീസൺ 5 സംഘടിപ്പിച്ചു. ജില്ലയിലെ 40സ്‌കൂളുകളിൽ നിന്നായി 70 വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ ആലക്കോട് എൻ എസ് എസ് ഹയർ സെക്കന്ററി സ്‌കൂളിലെ ദേവിക എസ്, മാത്തിൽ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ ശ്രാവൺ വിഷ്ണു പി., കെൽട്രോൺ നഗർ കേന്ദ്രീയ വിദ്യാലയയിലെ ദുർഗ എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തിയ മത്സരത്തിൽ പ്രാഥമിക റൗണ്ടിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ 10 വിദ്യാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മത്സരത്തിന്റെ ചോദ്യങ്ങൾ തയ്യാറാക്കുകയും സാങ്കേതികസഹായങ്ങൾ നിർവ്വഹിക്കുകയും ചെയ്തത് സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ ലിബിൻ കെ കുര്യൻ ആയിരുന്നു. സ്‌കൂൾ മാനേജർ ഫാ. ജെയ്‌സൺ പള്ളിക്കര OSH, പ്രധാനാധ്യാപിക സിസ്റ്റർ റിൻസി SVM എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. സ്‌കൂളിലെ മലയാളം അധ്യാപകനും എസ് പി സി യുടെ കമ്മ്യുണിറ്റി പോലീസ് ഓഫീസറുമായ ബിനോയ് കെ എസ് പരിപാടികളുടെ ജനറൽ കൺവീനറായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.