കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന പരിരക്ഷ പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കിവരുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിരക്ഷ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ള വ്യക്തികളുള്ള അമ്പത് കുടുംബങ്ങള്‍ക്ക് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലേയ്ക്കുള്ള അവശ്യസാധന കിറ്റുകളാണ് ലഭ്യമാക്കുന്നത്. പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അരി, പഞ്ചസാര, ചെറുപയര്‍, കടല, ഗോതമ്പ് പൊടി, റവ, ചായപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കടുക്, ജീരകം, മഞ്ഞള്‍പ്പൊടി, കുക്കിംഗ് ഓയില്‍, ഉപ്പ്, കുളിസോപ്പ് എന്നിവ ഉള്‍പ്പെടെ രണ്ടായിരത്തി ഒരുനൂറ് രൂപയുടെ കിറ്റുകളാണ് ഓരോ മാസവും നല്‍കുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള പലവ്യഞ്ജന കിറ്റുകള്‍, ഭക്ഷണ കിറ്റുകള്‍, വരുമാനപദ്ധതി ധനസഹായം, അവശ്യമരുന്നുകളുടെ വിതരണം, മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പരിരക്ഷ പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നത്.