ക്നാനായ സമുദായത്തിലെ യുവജനങ്ങൾക്കിടയിൽ നടത്തിയ ഒരു വീഡിയോ മത്സരത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. സമുദായ അംഗങ്ങൾക്ക് വേണ്ടി മാത്രം നടത്തിയ ഒരു മത്സരത്തിലെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ ക്നാനായ പത്രം ശക്തമായി അപലപിക്കുന്നു . പക്ഷെ ഇതിലൊന്നും ക്നാനായ സമുദായം തളരും എന്ന് ട്രോളർമാർ ഓർക്കേണ്ട. സമുദായത്തെ ട്രോളി കൊണ്ട് നിങ്ങളുടെ ലൈക്കുകളുടെയും കമന്റുകളുടെയും എണ്ണം കൂടുന്നതു നോക്കി നിങ്ങൾ സായുജ്യമടയുക. പക്ഷേ ഓർക്കുക സഹോദരങ്ങളെ ഞങ്ങളുടെ ഈ സമുദായം ആരുടെ മുമ്പിലും അടിയറ വെക്കുമെന്നു നിങ്ങൾ ഒരിക്കലും കരുതേണ്ട. ഈ അധിക്ഷേപങ്ങളെ എല്ലാം മാന്യമായ രീതിയിൽ പ്രതിരോധിച്ച സമുദായ നേതൃത്വത്തിനും അംഗങ്ങൾക്ക്കും ക്നാനായ പത്രത്തിൻറെ നന്ദി അറിയിക്കുന്നു. ആരൊക്കെ എത്ര അധിക്ഷേപങ്ങൾ ചൊരിഞ്ഞാലും ക്നാനായ സമുദായം സൂര്യചന്ദ്രന്മാർ ഉള്ളടത്തോളം കാലം നിലനിൽക്കും എന്ന് ഉറപ്പിച്ചു പറയുന്നു. എന്നിരുന്നാലും ഈ കൂട്ടായ ആക്രമണത്തിന്റെ പിന്നിൽ ആരുടെയെങ്കിലും കറുത്ത കരങ്ങൾ ഉണ്ടോ എന്ന് ഞങ്ങൾ സംശയിക്കുന്നു. അതിനാൽ ഞങ്ങൾ കരുതിയിരിക്കുക തന്നെ ചെയ്യും.
ക്നാനായ സമുദായാംഗമായതിൽ അഭിമാനിക്കുന്നവരെല്ലാം സ്വയം വംശ വിവാഹ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവരാണ്. ക്നാനായ സമുദായത്തെ നെഞ്ചോട് ചേർത്ത് പിടിച്ച് ജീവന്റെ ജീവനായി കാത്തു സൂക്ഷിച്ച ഒരു മുൻതലമുറയുടെ പിൻതുടർച്ചക്കാരായ ഞങ്ങളുടെ സ്വത്താണ് ഈ സമുദായവും സ്വയംവംശവിവാഹം പോലുള്ള അതിന്റെ ആചാരങ്ങളും അവകാശങ്ങളും. ഞങ്ങളുടെ പൂർവ്വികർ കൈമാറി തന്ന എല്ലാ അവകാശങ്ങളും ഒരു അണുവിട പോലും മാറാതെ അടുത്ത തലമുറക്ക് ഞങ്ങൾ പകർന്നു കൊടുത്തിരിക്കും. ഇതിൽ അസൂയ പൂണ്ട് ട്രോളുകൾ ചെയ്യുന്നവർ ആ സമയത്ത് പോയി സ്വന്തം കുടുംബത്തിനോ നാടിനോ പ്രയോജനമുള്ള വല്ല നല്ല കാര്യങ്ങളും ഈ കൊറോണക്കാലത്ത് ചെയ്യുന്നതാവും ഉചിതം.
ഇതിനോടകം നിരവധി സംഘടനാ നേതാക്കളും സമുദായ സ്നേഹികളായ നിരവധി വ്യക്തികളും ഈ ട്രോളുകൾക്കെതിരെ ശക്തമായ രീതിയിൽ പ്രതികരണം നടത്തിക്കഴിഞ്ഞു. അതുകൊണ്ടു ട്രോളുന്നവർ ചിന്തിക്കുക നിങ്ങൾ ഞങ്ങളുടെ സമുദായത്തെ തകർക്കുവാൻ ആരെയൊക്കെ കൂട്ടു പിടിച്ചു വന്നാലും ഞങ്ങളുടെ സമുദായത്തെ നെഞ്ചോട് ചേർത്തു പിടിക്കാൻ ആയിരങ്ങൾ ഇവിടെ ഉണ്ടായിരിക്കും. ക്നാനയത്വമെന്നതും ക്നാനയസമുദായമെന്താണെന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്ന ഒരു വസ്തുതയാണ്. ഇതൊന്നു മറിയാതെ വെറുതെ ഞങ്ങളെ ട്രോളാൻ വരുന്നവരോട് ഒന്നേ പറയുവാനുള്ളു . നിങ്ങളുടെ ട്രോളുകൾ കൂടുന്നതനുസരിച്ച് ക്നാനായ സമുദായത്തിൻ്റെയും അതിൻ്റെ ആചാരാനുഷ്ടാനങ്ങളുടെയും യശസ് കൂടുന്നതല്ലാതെ ഒരിക്കലും കുറയുന്നില്ല. ഇതിലും വലിയ പ്രതിസന്തികളേയും, സംഘടിത ആക്രമണങ്ങളേയും അതി ജീവിച്ച ഒരു സമൂഹമാണ് ഞങ്ങളുടേത്. തീയൽ കുരുത്തത് വെയിലത്ത് വാടില്ല. അതുകൊണ്ട് നിങ്ങളുടെ ഒരു ടോളിൽ തളരുന്നതല്ല ഞങ്ങളുടെ മനസ്സും ശരീരവും. മാമലയോട് പടവെട്ടി, മണ്ണിൽ പൊന്ന് വിളയിച്ച ക്നാനായ മക്കൾ നിങ്ങളുടെ ട്രോളുകൾക്ക് പുല്ലുവില പോലും കൊടുക്കുന്നില്ല. ഇതിനെയെല്ലാം ഞങ്ങൾ ഒരു തമാശയായി കാണുകയാണ്. ക്നാനായ സമുദായം പൂർവ്വാധികം ശക്തിയോടെ , അചഞ്ചലമായി ഈ ഭൂമിയിൽ എന്നും ഉണ്ടാവും. കണ്ണിലെ കൃഷ്ണമണി പോലെ അതിനെ ഞങ്ങൾ കാത്ത് പരിപാലിച്ചിരിക്കുകയും ചെയ്യും .നാനാ ജാതി മതസ്ഥർ ഒരുമിച്ചു ജീവിക്കുന്ന ഇന്ത്യയിൽ, ഈ പറയുന്ന ഓരോ സമൂഹത്തിനും വ്യത്യസ്തമായ ഓരോ ആചാര അനുഷ്ടാനങ്ങൾ ഉണ്ട് എന്ന വസ്തുത ഈ ട്രോളുകൾ ഇറക്കുന്നവർ മനസിലാക്കിയാൽ നന്നായിരിക്കും. ഈ അധിക്ഷേപങ്ങൾ ചൊരിയുന്ന നിങ്ങളും ജീവിക്കുന്നത് ഏതെങ്കിലും ഒരു ജാതി വ്യവസ്ഥയുടെ കീഴിലാണ് എന്ന വസ്തുത മറക്കരുത്. ക്നാനായ സമുദായം എന്നും മറ്റു മതസ്ഥരെ ബഹുമാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതിനാൽ ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്കുക, നിങ്ങളുടെ ട്രോളുകൾക്കു മുൻപിൽ തലകുനിക്കുവാൻ തൽക്കാലം ഞങ്ങൾക്ക് മനസില്ല. വളരെ ന്യൂന പക്ഷമായ ഞങ്ങളെ നിങ്ങൾ ടോളുമ്പോൾ, ഞങൾ ഓർക്കുന്നത്, “മാങ്ങയുള്ള മാവിലല്ലേ ആളുകൾ എറിയാറുള്ളു”. ക്നാനയ സമുദായം മറ്റു സമൂഹങ്ങൾക്ക് മാത്രുകയായും, സാമൂഹ്യ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടും, എന്നും നിങ്ങളോടൊപ്പമുണ്ടാകും.