ലേവി പടപുരക്കല്‍
പൂര്‍വ പിതാവായ അബ്രഹാം വരെ എത്തിനില്‍ക്കുന്ന അനന്യവും അതിശ്രേഷ്ഠവുമായ ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യാനുഷ്ഠാനങ്ങളെ തങ്ങളുടെ കൈകളില്‍ നിന്നും ഇതര ക്രിസ്തീയ വിഭാഗങ്ങള്‍ കുത്സിതമാര്‍ഗങ്ങളിലൂടെ കരസ്ഥമാക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ അടുത്ത കാലത്ത് വര്‍ദ്ധിച്ചു വരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അതിപുരാതനമായ കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രം മറ്റൊരു ദേവാലയത്തിന്റേതാക്കി മാറ്റി മാധ്യമങ്ങളില്‍ അച്ചടിച്ചു വന്നതും പിന്നീട് സമുദായം ഒന്നടങ്കം പ്രതിഷേധിച്ച് ആവശ്യപ്പെട്ടപ്പോള്‍ തിരുത്തിക്കുറിച്ചതും സമുദായംഗങ്ങള്‍ മറന്നിട്ടില്ല. ഇതാ വീണ്ടും പാലക്കാട്ട് വച്ച് നമ്മുടെ ചന്തം ചാര്‍ത്തും മൈലാഞ്ചി ഇടിലും ഉള്‍പ്പെടെ പാരമ്പര്യാനുഷ്ഠാനങ്ങളെല്ലാം മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടേതായി ചിത്രീകരിച്ച് ”പതിനേഴ് പരിഷകള്‍ക്ക്’ മുന്‍പുള്ള മാളോരായി’ സ്വയം അവകാശപ്പെട്ട് ഇച്ചപ്പാട് കൊടുത്ത് സായൂജ്യം അടയുന്ന സ്ഥിതിവിശേഷത്തിലെത്തി നില്‍ക്കുന്നു.
വർഷങ്ങൾക്ക് മുൻപ് സീറോ മലബാര്‍ സഭയുടെ ആരാധന ക്രമ വിശ്വാസ പരിശീലന പുസ്തകത്തില്‍ ക്‌നാനായക്കാര്‍ നാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ സഭകളില്‍ ഉണ്ടായ മതപീഢനം മൂലം ഇന്ത്യയിലേക്ക് കുടിയേറിപ്പോന്നവരാണെന്ന് പോലും എഴുതിപ്പിടിപ്പിച്ചിരുന്നു . സത്യത്തെ എത്ര വളച്ചൊടിച്ചാലും അസത്യമാവില്ലെങ്കില്‍പ്പോലും പലവിധ സംശയങ്ങള്‍ സമുദായത്തിനുള്ളില്‍ സൃഷ്ടിക്കുവാന്‍ ഇതുകൊണ്ട് കഴിയും എന്നതാണ് യാഥാര്‍ത്ഥ്യം. ഇതൊക്കെയും എന്തുകൊണ്ട് സംഭവിക്കുന്നു എന്നൊരു വിചിന്തനം തികച്ചും ആവശ്യമാണ്. പെട്ടെന്ന് സമുദായത്തിനുള്ളിലുണ്ടായ സാമ്പത്തികവും സാമൂഹ്യവുമായ വളര്‍ച്ചയില്‍പെട്ട് നമ്മുടെ രൂപതയുടെ സമസ്തമേഖലകളിലും ഉത്തരവാദിത്വപ്പെട്ടവര്‍ സഭയുടെ വിശ്വാസത്തോട് ചേര്‍ത്ത് വച്ചുകൊണ്ട് നമ്മുടെ പൈതൃകത്തെയും പാരമ്പര്യത്തെയും യഥാംവിധം സംരക്ഷിക്കപ്പെടുവാന്‍ തയ്യാറാകാതെ പോയി. സ്വാര്‍ത്ഥതാല്‍പ്പര്യത്താല്‍ സ്ഥാനമാനങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയതു മൂലം തിരുത്തേണ്ട പലതും യഥാസമയം തിരുത്താതെ പോയി.
വിശുദ്ധ ഗ്രന്ഥത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ നമ്മുടെ സ്വംവംശവിവാഹനിഷ്ഠയുടെ പ്രാധാന്യം തലമുറകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാന്‍ കഴിയാതെ പോയി.നൂറ്റാണ്ടുകളോളം ക്നാനായക്കാരുടെ മാത്രമായി തുടർന്ന് വന്നിരുന്ന മാർഗംകളി എന്തോ ഒരു നേട്ടമായി കരുതി ,സ്‌കൂൾ കോളേജ് കലോത്സവങ്ങളിൽ മത്സര ഇനമായി ഉൾപ്പെടുത്തി ഇതര വിഭാഗങ്ങൾക്ക് കൈമാറിയതോടുകൂടി സ്വന്തമായിരുന്ന പലതും നഷ്ടമാകുവാൻ തുടക്കമിട്ടു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഈ ലേഖകൻ .സമുദായത്തിനുള്ളില്‍ തന്നെ ചില അഭിപ്രായവ്യത്യാസങ്ങള്‍ വളര്‍ന്ന് വന്നപ്പോള്‍ നുഴഞ്ഞ് കയറുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഇതര ക്രിസ്തീയ വിഭാഗങ്ങള്‍ തങ്ങളുടെ പണി ആരംഭിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ”ഒന്നിച്ച് നിന്നാല്‍ നാമൊരു ശക്തി, ഭിന്നിച്ചു നിന്നാല്‍ വീണതു തന്നെ” എന്ന നമ്മുടെ ചിന്താധാര അറിയാതെ നമ്മിൽ നിന്നും അകന്നുപോയി.
ഇനിയും ഈ സമുദായം വൈകാതെ നടപ്പിലാക്കേണ്ടതാണ് ഓരോ വർഷവും ക്നായി തോമ്മാ അനുസ്മരണ ദിനം .ഇതിന്റെ ആവശ്യകത സീറോ മലബാർ സിനഡിലും അതിരൂപതാ നേതൃത്വത്തിലും ഇതിനോടകം വ്യക്തമായി ബോധ്യപെടുത്തിയിട്ടുണ്ട് .താമസംവിനാ ഇക്കാര്യം സാദ്ധ്യതമാകും എന്ന് പ്രത്യാശിക്കുന്നു . രക്തസാക്ഷിത്വം വരിച്ചില്ലെങ്കില്‍ കൂടിയും വിശ്വാസ പ്രഘോഷണത്തിലൂടെയും സഹനജീവിതത്തിലൂടയും യേശുവിന് യഥാംവിധം സാക്ഷ്യം വഹിച്ച യേശുവിന്റെ ധീരപടയാളി തന്നെയായിരുന്നു ക്‌നായിത്തോമ്മാ. നമ്മുടെ കുടുംബാംഗങ്ങള്‍ വേര്‍പിരിയുന്ന സന്ദര്‍ഭങ്ങളിൽ വര്‍ഷംതോറും പ്രത്യേകമായി അവരെ സ്മരിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ കുടുംബങ്ങള്‍ അവരിലൂടെ അനുഗ്രഹിക്കപ്പെടുക കൂടിയാണ് ചെയ്യുക. അതേപോലെ നമ്മുടെ പൂര്‍വപിതാവിന്റെ ഓര്‍മ ആചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അനുഗ്രഹം വഴി സമുദായത്തിനകത്തും പുറത്തുമുള്ള എല്ലാ ഭിന്നതകളും ഒഴിവായി സുസ്ഥിരവും സമാധാനപൂര്‍ണവുമായ അന്തരീക്ഷം സമുദായത്തിനകത്ത് രൂപപ്പെടും എന്നതില്‍ സംശയമില്ല. ഒരുപക്ഷേ ക്‌നായിത്തോമ്മായുടെ ഓര്‍മ ആചരണം ഈ കാലഘട്ടത്തില്‍ നമ്മൾ ഏറ്റെടുത്തില്ലെങ്കില്‍ ഇതര ക്രിസ്തീയ വിഭാഗങ്ങളായിരിക്കും ഇക്കാര്യത്തില്‍ തുടക്കം കുറിക്കുക. ക്‌നായിത്തോമ്മായുടെ മരണദിനം ചരിത്ര ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടില്ലെങ്കിലും അദ്ദേഹം കൊടുങ്ങല്ലൂരില്‍ കപ്പല്‍ ഇറങ്ങുന്നത് മാര്‍ച്ച് 7 എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ട് ഈ ദിവസമോ സൗകര്യപ്രദമായ അടുത്ത നാളുകളിലോ അനുസ്മരണ ദിനമായി സ്വീകരിക്കാവുന്നതാണ്.
സുറിയാനി ഭാഷയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്ന നമ്മുടെ വൈദികരുടെ എണ്ണം കുറഞ്ഞ് വരുകയും ഇതര വിഭാഗങ്ങളില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. പൈതൃകമായി നമുക്ക് ലഭിച്ചിട്ടുള്ളതിനേയും സ്വന്തമായി നമ്മള്‍ ആര്‍ജിച്ച് എടുത്തതിനേയും വേലികെട്ടി സംരക്ഷിക്കേണ്ട ബാധ്യത ഇനിയും വൈകാതെ നമ്മള്‍ ഏറ്റെടുത്തേ തീരൂ. സമുദായത്തില്‍ നിലനിന്നിരുന്ന പല ആചാരങ്ങളും കലാരൂപങ്ങളും ഇന്ന് നഷ്ടമായിട്ടുണ്ട്. വിശ്വാസത്തോടു ചേര്‍ന്ന ആചാരനുഷ്ഠാനങ്ങളുടെ അര്‍ത്ഥം ഗ്രഹിച്ച് അവയെ പുനര്‍ജീവിപ്പിക്കുവാന്‍ ഈ തലമുറയ്ക്ക് കഴിയണം. ക്രൈസ്തവ സഭക്ക് നവജീവന്‍ നല്‍കുവാന്‍ അന്നും ഇന്നും സമുദായത്തിന് സാധിച്ചിരുന്നു എന്നതിനാല്‍ ആര്‍ക്കും ഈ സമുദായത്തെ നിഷേധിക്കുക സാധ്യമല്ല. ഇതര ക്രൈസ്തവരോടും ക്രൈസ്തവേതര വിഭാഗങ്ങളോടും എക്കാലവും യേശുവിന്റെ സ്‌നേഹവും കരുണയും വാത്സല്യവും മാത്രമേ ഈ സമുദായം പകര്‍ന്ന് നല്‍കിയിട്ടുള്ളൂ.
ദൈവത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ട ജനമായ നമുക്ക് നമ്മുടെ ചരിത്ര പൈതൃകത്തെക്കുറിച്ച് അറിയുന്നതിനും യഥാംവിധം തുടരുന്നതിനും തടസ്സമായി നല്‍ക്കുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളേയും നേരിടുന്നതിന് ആവശ്യമായ ഇച്ഛാശക്തി നേടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും ആവശ്യമായിട്ടുള്ളത് രൂപതാധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ വൈദിക സന്യസ്ഥ അല്‍മായ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ്. സഭയുടെ ജീവിതശൈലി സുദൃഢമായ അല്‍മായ വൈദിക ബന്ധത്തില്‍ നിന്നുടലെടുക്കുന്നതു തന്നെയാണ്. സങ്കീര്‍ത്തകന്‍ പറയുന്നതുപോലെ മഹാപുരോഹിതന്‍ ഉദയശോഭ പരത്തുന്ന കനകതാരമാണ്, നീരൊഴുക്കിന്റെ തിട്ടയില്‍ വളരുന്ന ദേവദാരുമരമാണ്. അല്‍മായര്‍ക്ക് അവരില്‍ നിന്ന് ഏറെ പ്രചോദനം ഉള്‍ക്കൊള്ളുവാന്‍ കഴിയും. അതുപോലെ അല്‍മായര്‍ വൈദികര്‍ക്ക് ശക്തി നല്‍കുന്ന വളക്കൂറുള്ള മണ്ണാണ്. യേശുവിന്റെ സ്‌നേഹം ആവിഷ്‌ക്കരിക്കാനുള്ള വിശുദ്ധവേദിയാണ്. ഈ ബോധ്യത്തോടുകൂടിയ സമീപനമാണ് സഭയ്ക്കും സമുദായത്തിനും എക്കാലവും ശക്തി പകരുന്നത്. താന്താങ്ങളുടെ വിളിക്കനുസൃതമായി ശക്തിയുക്തം നിലപാടുകള്‍ സ്വീകരിക്കുവാനും സത്യദൈവത്തിലുള്ള വിശ്വാസത്തിന് വ്യതിചലനം വരാതെ സഭയോടൊത്ത് സമുദായംഗങ്ങള്‍ക്ക് നില്‍ക്കുവാന്‍ സാധിക്കട്ടെ എന്നാഗ്രഹിക്കുകയും ചെയ്യുന്നു.