കോട്ടയം: പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തുണി സഞ്ചി വ്യാപന പദ്ധതി നടപ്പിലാക്കുന്നു. വനിതാ ദിനത്തോടനുബന്ധിച്ച് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തപ്പെട്ടു. തോമസ് ചാഴികാടന്‍ എം.പി, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോന്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജെസ്സിമോള്‍ മനോജ്, മേരി സെബാസ്റ്റിയന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബീനാ ബിനു, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം തുണി സഞ്ചികള്‍ ലഭ്യമാക്കി പരിസ്ഥിതി സൗഹാര്‍ദ്ദ സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ‘പ്ലാസ്റ്റിക് ഉപേക്ഷിക്കൂ പ്രകൃതിയെ രക്ഷിക്കൂ’ എന്ന സന്ദേശം ആലേഖനം ചെയ്ത തുണി സഞ്ചികളാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നത്. വരും ദിനങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് തുണി സഞ്ചി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കെ.എസ്.എസ്.എസ് നടത്തി വരുന്നു.