
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കുട എന്ന പേരില്‍ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ ക്യാമ്പയിനോടനുബന്ധിച്ച് മഴക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ നടത്തപ്പെട്ട സെമിനാറിന് ഓണംതുരുത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഞ്ഞുമോന്‍ തോമസ് നേതൃത്വം നല്‍കി. സ്വാശ്രയസംഘ പ്രതിനിധികളിലൂടെ മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോഗ മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുത്ത് കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിനില്‍ കെ.എസ്.എസ്.എസ് സ്വാശ്രയസംഘ സന്നദ്ധ പ്രതിനിധികള്‍ പങ്കെടുത്തു.
Facebook Comments