
നവീകരിച്ച UKKCA ആസ്ഥാനമന്ദിരത്തിൻ്റെ ഉത്ഘാടനം June 7ന്
UKKCA യുടെ 24 വർഷങ്ങളിലെ ഏറ്റവും വലിയ നേട്ടമാണ് ആസ്ഥാന മന്ദിരം. UK യിലെ ഓരോ ക്നാനായ കുടുംബത്തിൻ്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിനായി ചെറുതും വലുതുമായ സംഭാവനകൾ സന്തോഷപൂർവ്വം നൽകി. 2015 ജൂണിലാണ് ആസ്ഥാനമന്ദിരം ആശീർവദിയ്ക്കപ്പെട്ടത്. ദൈവത്തിൻ്റെ തെരെഞ്ഞെടുക്കപ്പെട്ട ജനത്തിന് UKയിൽ ഒരു കൂടാരമെന്ന സ്വപ്നമാണ് ആസ്ഥാനമന്ദിരത്തിലൂടെ യാഥാരത്ഥ്യമായത്.
കോവിഡ് കാലത്ത് പ്രവർത്തിയ്ക്കാനാവാതെ അടഞ്ഞു കിടന്നപ്പോൾ മുതൽ സാമൂഹ്യവിരുദ്ധരുടെ നിരന്തര ശല്യത്തിന് ഇരയായിരുന്നു കമ്മ്യൂണിറ്റി സെൻ്റർ. പലവട്ടം മോഷണങ്ങളും മോഷണ ശ്രമങ്ങളും നടന്ന കെട്ടിടത്തിൽ നിന്ന് പലതും നഷ്ടപ്പെട്ടു. ഒന്നിനു പിന്നാലെ മറ്റൊന്നായി വന്ന ചെറുതും വലുതുമായ നിരവധി അഗ്നിബാധകൾ കമ്മ്യൂണിറ്റി സെൻ്ററിനെ പൂർണ്ണമായും നശിപ്പിച്ചു. മേൽക്കൂര തകർന്ന് വീണതിനാൽ കെട്ടിടത്തിൻ്റെ ഉള്ളിൽ പ്രവേശിയ്ക്കാൻ പോലും ആവുമായിരുന്നില്ല.
കത്തിനശിച്ച കെട്ടിടത്തിന് ലഭിച്ച ഇൻഷുറൻസ് തുക കൊണ്ട് നശിപ്പിക്കപ്പെട്ട മന്ദിരം കുറച്ചു കൂടി വലുതാക്കി പുനരുദ്ധരിയ്ക്കുന്നതിന് സെൻട്രൽ കമ്മറ്റി ശ്രമിച്ചെങ്കിലും കെട്ടിടമിരിയ്ക്കുന്ന സ്ഥലം ഒരു കൽക്കരി ഖനനകേന്ദ്രമായിരുന്നതിനാൽ(coal mining) പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വൂൾവർഹാംപ്റ്റൺ കൗൺസിൽ അനുമതി നിഷേധിച്ചതിനാൽ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിയ്ക്കേണ്ടിവന്നു.കെട്ടിടത്തിൻ്റെ ഒരു ഭാഗത്തുണ്ടായിരുന്ന ആസ്ബറ്റോസ് ഷീറ്റുകൾ നീക്കം ചെയ്ത് നിലവിലെ കെട്ടിടത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി സെൻട്രൽ കമ്മറ്റിക്ക് മുന്നോട്ട് പോവേണ്ടി വന്നു. പുതിയൊരു കെട്ടിടം പണിയുന്നതിലും ചെലവ് നിലവിലെ ആസ്ഥാനമന്ദിരത്തിൻ്റെ നവീകരണത്തിനാവുമെന്നും ലഭിച്ച ഇൻഷുറൻസ് തുക പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മതിയാവില്ല എന്നും മനസ്സിലാക്കിയ നാഷണൽ കൗൺസിൽ പുതിയതായി വരുന്ന സെൻട്രൽ കമ്മറ്റിക്ക് ആസ്ഥാനമന്ദിര നിർമ്മിതി ഭാരിച്ച ബാധ്യതയാവും എന്ന് കണ്ട് സെൻട്രൽ കമ്മറ്റിയുടെ കാലാവധി ഒരു വർഷം കൂടി നീട്ടിക്കൊടുത്തു.
നിരവധി പ്രതിസന്ധികളാണ് പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയപ്പോൾ ബിൽഡിംഗ് കമ്മറ്റിക്ക് നേരിടേണ്ടി വന്നത്. കെട്ടിടം പണിക്ക് കൊണ്ടുവരുന്ന സാമഗ്രികൾ പതിവായി മോഷണം പോകുന്നത് മാത്രമല്ല നിർമ്മാണ തൊഴിലാളികളെ മർദ്ദിയ്ക്കാൻ പോലും സാമൂഹ്യവിരുദ്ധർ മടിച്ചില്ല. രാത്രി കാലങ്ങളിൽ കാവലിന് പതിവായി ആളെനിർത്തുന്നതുൾപ്പെടെയുള്ള നിരവധി അധിക ബാധ്യതകളാണ് നിലവിലെ സെൻട്രൽ കമ്മറ്റി അഭിമുഖീകരിച്ചത്. സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങൾ സഹിക്കാനാവാതെ ‘ഇനി വയ്യ’ എന്നു പറഞ്ഞ് പണി പൂർത്തിയാവും മുമ്പ് കോൺട്രാക്ടർ പിരിഞ്ഞ് പോയത് ബിൽഡിംങ്ങ് കമ്മറ്റിയ്ക്ക് തലവേദനയായി. ഓരോ പണികൾക്കുമായി ഓരോരുത്തരെ കണ്ടെത്തിയാണ് പണി പൂർത്തിയാക്കിയത്. സെൻട്രൽ കമ്മറ്റിയംഗങ്ങളും ബിൽഡിംങ്ങ് കമ്മറ്റിയംഗങ്ങളും ചില നാഷണൽ കൗൺസിൽ അംഗങ്ങളും വായ്പയായി കൊടുത്ത തുക കൂടാതെ പല യൂണിറ്റുകളും രണ്ടാമതും സംഭാവനകൾ നൽകിയാണ് പണികൾ പൂർത്തിയാവുന്നത്.
ഏതാണ്ട് എല്ലാ ദിവസവും ബിൽഡിങ്ങിനായി ചർച്ച ചെയ്തും, ആഴ്ച്ചയിൽ ഒരിക്കലെങ്കിലും പണികൾ നേരിൽ കാണാൻ സെൻട്രൽ കമ്മറ്റിയംഗങ്ങൾ യാത്ര ചെയ്തതും, ഏതാണ്ട് എല്ലാ ദിവസവും തന്നെ ബർമിംഗ്ഹാമിൽ നിന്നുള്ള ബിൽഡിംങ് കമ്മറ്റിയംഗങ്ങൾ ആസ്ഥാനമന്ദിരത്തെത്തിയതും, ഒക്കെ ഓർമ്മകളാക്കി തലയുയർത്തി നിൽക്കാനൊരുങ്ങുകയാണ്
ക്നാനായക്കാരുടെ അഭിമാന മന്ദിരം. ജൂൺ ഏഴിന് എല്ലാ ക്നാനായ മക്കളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.