

റോമിലെ സാൻപിയോ ദൈവാലയത്തിൽ കോട്ടയം അതിരൂപത നിയോഗിച്ചിരുന്ന വൈദികരുടെ നേതൃത്വത്തിൽ വർഷങ്ങളായി തുടർന്നു വന്നിരുന്ന അജപാലനശുശ്രൂഷകൾക്ക് കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ പ്രത്യേക അഭ്യർത്ഥന സ്വീകരിച്ച് റോമാ രൂപത ഔദ്യോഗികമായ അംഗീകാരം നൽകി. റോമാ നഗരത്തിൽ വസിക്കുന്ന ക്‌നാനായ കത്തോലിക്കാ വിശ്വാസികളെ സവിശേഷതയുള്ള പ്രത്യേക കുടിയേറ്റകൂട്ടായ്മയായി പരിഗണിച്ചാണ് റോമാ രൂപതയുടെ കുടിയേറ്റ ആളുകൾക്ക് വേണ്ടിയുള്ള അജപാലന ശുശ്രൂഷ വിഭാഗത്തിൽ ഉൾപ്പെടുത്തി റോമാ രൂപതയുടെ സാൻപിയോ ദൈവാലയത്തിൽ ഒത്തുചേരുന്നതിനും, വിശുദ്ധ കുർബാന ഉൾപ്പടെ വിശ്വാസ ജീവിത പരിപോഷണത്തിന് ആവശ്യമായ ശുശ്രൂഷകൾ ചെയ്യുന്നതിനുമുള്ള അനുമതി ലഭ്യമാക്കിയിട്ടുള്ളത്.
കോട്ടയം അതിരൂപത വൈദികനായ ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കലിനെയാണ് റോമാ നഗരത്തിൽ വസിക്കുന്ന ക്‌നാനായ കത്തോലിക്കാ വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷകൾ നിർവ്വഹിക്കുന്നതിനുള്ള ദൗത്യവുമായി സാൻപിയോ ദൈവാലയത്തിലെ collaboratore parrocchiale ആയി നിയമിച്ചിട്ടുള്ളത്.
റോമാ രൂപത ഇപ്രകാരം നൽകിയ ഔദ്യോഗിക അംഗീകാരം റോമിലെ ക്‌നാനായ സമുദായത്തിന് ഭാവിയിൽ സഭയുടെ അംഗീകാരത്തോടെയുള്ള അജപാലന ശുശ്രൂഷകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. ഇതനുസരിച്ച് ഡിസംബർ 22 ഞായറാഴ്ച സാൻ പിയോ ദൈവാലയത്തിൽ ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ കൃതജ്ഞതാബലിയർപ്പിച്ചു.