കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപോലിത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ സ്മരണാര്‍ത്ഥമുള്ള ആര്‍ച്ച് ബിഷപ്പ്കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്റെ പൊതുജന സേവനത്തിലെ മികവിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് പ്രമുഖ ഡോക്ടറും കോട്ടയം മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം മുന്‍ മേധാവിയുമായ ഡോ. മാത്യു പാറയ്ക്കലിന്. കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ജസ്റ്റീസ് എസ്. അബ്ദുള്‍ നസീര്‍ പ്രശസ്തിപത്രവും പുരസ്‌കാര തുകയായ 50000 രൂപയും സമ്മാനിച്ചു. കുന്നശ്ശേരി പിതാവ് സാമൂഹികപ്രതിബദ്ധതയും ദീര്‍ഘവീക്ഷണവുമുള്ള ഒരു വ്യകതിയായിരുന്നുവെന്നും ഡോ മാത്യു പാറയ്ക്കലിനു ഈ അവാര്‍ഡ് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ പങ്കുവച്ചു. ആര്‍ച്ച് ബിഷപ്പ് കുര്യക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലും കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമും വിശിഷ്ടാതിഥികളായിരുന്നു.
തന്റെ മുന്നില്‍ എത്തുന്ന ഓരോ രോഗിയെയും തികച്ചും അനുകമ്പയോടെ കാണുന്ന ഒരു വ്യക്തിയാണ് ഡോ മാത്യു എന്നും ഒരു ഡോക്ടറുടെ യഥാര്‍ത്ഥ കടമ അദ്ദേഹത്തിനു അക്ഷരാര്‍ഥത്തില്‍ നിറവേറ്റാന്‍ സാധിച്ചു എന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ഇത്രയും ഉചിതനായ ഒരു വ്യക്തിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്തില്‍ ഫൗണ്ടഷന്‍ അംഗങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു എന്ന് അര്‍ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.
ഫൗണ്ടേഷന്‍ ട്രസ്റ്റിയും മുന്‍ അംബാസിഡറും ആയ ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസിനെ 80ആം ജന്മദിനം ആഘോഷിക്കുന്ന വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ സാമൂഹിക സേവനങ്ങളെ മുന്‍നിര്‍ത്തി ചടങ്ങില്‍ ആദരിച്ചു. ടി.പി ശ്രീനിവാസനെ പോലെ ഒരു വ്യക്തി അര്‍ച്ച് ബിഷപ്പ് കുരിയക്കോസ് കുന്നശ്ശേരി ഫൗണ്ടഷന്റെ ട്രസ്റ്റിയായി പ്രവര്‍ത്തിക്കുന്നതില്‍ ഓരോ അംഗത്തിനും അതിയായ അഭിമാനം ഉണ്ടെന്ന് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ മുന്‍ എം.പി തോമസ് ചാഴികാടന്‍ അഭിപ്രായപെട്ടു. ഫൗണ്ടേഷന്‍ ഭാരവാഹിത്വത്തിലൂടെ പുതിയ കാര്യങ്ങള്‍ പഠിക്കുവാനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുവാനും കഴിഞ്ഞു എന്ന് ടി.പി ശ്രീനവസന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ട്രസ്റ്റിമാരായ കടുത്തുരുത്തി എം.എല്‍.എ അഡ്വ മോന്‍സ് ജോസഫ്, ഷെവലിയര്‍ അഡ്വ ജോയ് ജോസഫ് കൊടിയന്തറ, സംഘടകരായ ഡോ ജോസഫ് സണ്ണി കുന്നശ്ശേരി, സിറിയക് ചാഴികാടന്‍ എന്നിവര്‍ സംസാരിച്ചു.