Breaking news

നടവിളിക്കും മർത്തോമനുമൊപ്പം ഇനി ആർപ്പുവിളികളും!

കുടിയേറ്റം രക്തത്തിൽ അലിഞ്ഞുചേർന്ന ക്നാനായക്കാർ തങ്ങൾ ചെന്നനാടുകളിൽ സ്വന്തം സാമൂഹികസ്വത്വം നിലനിർത്തിജീവിക്കുന്നതിൽ പേരുകേട്ടവരാണല്ലോ. ആ സ്വഭാവസവിശേഷത്തിൻ്റെ നേർക്കാഴ്ച്ചയായി റോതർ ഹാമിലെ മാൻവേഴ്സ് തടാകത്തിൽ ക്നാനായ മങ്കകളുടെ വഞ്ചിപ്പാട്ടിൻ്റെ വായ്ത്താരികൾ ഉയരുകയാണ്. യുക്മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) സംഘടിപ്പിക്കുന്ന കേരളാ പൂരം 2024ലെ വള്ളംകളിയിൽ പങ്കെടുക്കാൻ ഇത്തവണ ഒരു ക്നാനായ വനിതാ ടീമും രംഗത്ത്.

മുൻവർഷങ്ങളിൽ ഗംഭീരപ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള റോയൽ 20 ബർമ്മിങ്ങ്ഹാം വള്ളംകളി ടീം ഇത്തവണ “യു കെ യുടെ പുന്നമട എന്നറിയപ്പെടുന്ന രോതർഹാമിലേക്ക് എത്തുന്നത് Royal Girls എന്ന പേരിൽ ഒരു വനിതാ ടീമുമായിട്ടാണ്. ആലപ്പുഴ നെഹൃ ട്രോഫി ഉൾപ്പടെ കേരളത്തിലെ പ്രമുഖ മത്സരങ്ങളിൽ വിജയിച്ച ടീമുകളുടെ ഭാഗമായിരുന്ന, കുമരകത്തിൻ്റെ വള്ളംകളി തന്ത്രങ്ങൾ മനഃപ്പാഠമാക്കിയ ജോമോൻ കുമരകമാണ് ഈ ടീമിനെ പരിശീലിപ്പിച്ചൊരുക്കുന്നത്. അലീന സജി രാമച്ചനാട്ടിൻ്റെ നേതൃത്വത്തിലുള്ള റോയൽ ഗേൾസ് ബർമ്മിങ്ങ്ഹാം ടീമിൻ്റെ പരിശീലനത്തുഴച്ചിൽ ഓഗസ്റ്റ് 12ന് ആവേശത്തോടെ സമാരംഭിച്ചു.

 

കുട്ടനാടൻ വള്ളംകളിപരിശീലനക്കളരികളുടെ ചിട്ടവട്ടങ്ങളോടെ ആരംഭിച്ച പരിശീലനത്തിൽ ഫാ ജസ്റ്റിൻ കാരക്കാട്ട് വള്ളം വെഞ്ചരിച്ച് പ്രാർത്ഥിക്കുകയും ടീം അംഗങ്ങൾക്ക് പ്രാർത്ഥനാമംഗളങ്ങൾ നേരുകയും ചെയ്തു. അഞ്ചു സാജൻ, ഐറിൻ നിമ്മി എന്നിവർ ആദ്യ തുഴ മേരി ചാണ്ടി പുരയ്ക്കലിൽ നിന്നും ഏറ്റുവാങ്ങി. ടീം ക്യാപ്റ്റൻ അലീന സജിയുടെ അഭാവത്തിൽ, സിനി സജി രാമച്ചനാട്ട് വള്ളത്തിൻ്റെ താളോപകരണം (ട്രമ്പറ്റ്) ലൂസി ജോസഫ് കരികണ്ണംതറയിൽ നിന്നും ഏറ്റുവാങ്ങി. വള്ളത്തിൻ്റെ അമരം നിയന്ത്രിക്കുന്ന ഡാനിയൽ ഡങ്കൻ ഫാ ജസ്റ്റിനിൽ നിന്നും പങ്കായം സ്വീകരിച്ചു.

 

തുടർന്ന് നടന്ന ആദ്യ പരിശീലനത്തുഴച്ചിലിൽ ടീം അംഗങ്ങളെല്ലാവരും പങ്കെടുക്കുകയും, പ്രകടനം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.ടീം മാനേജർ ജോമോൻ കരികണ്ണംതറയുടെ ആതിഥേയത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

അടുത്ത രണ്ടാഴ്ചക്കാലം കഠിനപരിശീലനം നടത്തി , ഈ മാസം 31ന് നടക്കുന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനുള്ള ദൃഢനിശ്ചയവുമായി റോയൽ ഗേൾസ് ബർമ്മിങ്ങ്ഹാം മുന്നേറുകയാണ്. കേരളപൂരത്തിന്റെ സമാപനവേളയിൽ നടവിളികൾക്കിടയിലൂടെ ട്രോഫി ഏറ്റുവാങ്ങുവാൻ Royal Girls Birmingham ടീമിന് ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിനോടൊപ്പം ഏവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾ ആവശ്യപ്പെടുകയാണ്.

Facebook Comments

knanayapathram

Read Previous

നീറിക്കാട് കിഴക്കേപാറഞ്ഞാലില്‍ (മഠത്തില്‍) ഫ്രാന്‍സിസ് കെ.കെ. (62) നിര്യാതനായി.

Read Next

ചേര്‍പ്പുങ്കല്‍ മഞ്ഞാങ്കല്‍ മറിയക്കുട്ടി ജോസഫ് (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE