മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA
വിവിധലോക രാജ്യങ്ങളിലായി 8000 ലധികം മാജിക് ഷോകൾ നടത്തിയ,56 രാജ്യങ്ങൾ സന്ദർശിച്ച, 45 വർഷക്കാലം മജീഷ്യനായി പ്രവർത്തിച്ച, ഒരു ലക്ഷത്തിലധികം ജീവിതങ്ങളെ സ്പർശിച്ച മജീഷ്യൻ ഗോപിനാഥ് മുതുകാട് UKKCA കൺവൻഷനിൽ പങ്കെടുക്കുന്നു.
ഇൻഡ്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ അറിയപ്പെടുന്നമജിഷ്യരിൽ ഒരാളായ മോട്ടിവേഷണൽ പ്രസംഗങ്ങളിലുടെ ആരാധക ലക്ഷങ്ങളെ നേടിയ, ലോകത്തിലെ ആദ്യത്തെ മാജിക്ക് അക്കാദമിയുടെ സ്ഥാപകനും ആദ്യത്തെ മാജിക്ക് മ്യൂസിയത്തിൻറെ സ്ഥാപകനുമായ മജീഷ്യൻ മുതുകാടിൻ്റെ സാന്നിധ്യം UKKCA കൺവൻഷന് വജ്രത്തിളക്കമേകും.
മോട്ടിവേഷണൽ പ്രസംഗകനായും, ലോകത്തിലെ അറിയപ്പെടുന്ന മാന്ത്രികനായും ഖ്യാതിനേടിയ ഗോപിനാഥ് മുതുകാട് പക്ഷെ ഇന്ന് കൂടുതൽ അറിയപ്പെടുന്നത് ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തു നിർത്തി അവർക്ക് പുതിയൊരു ജീവിതമേകിയതിലൂടെയാണ്. ഈ ശ്രമങ്ങൾ ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്ക്കാരങ്ങളാണ് ഗോപിനാഥ് മുതുകാടിന് നേടിക്കൊടുത്തത്.
ജീവിതത്തിൽ നേടിയതെല്ലാം സ്വന്തം വീടുപോലും ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി സന്തോഷപൂർവ്വം നൽകി അവരെ സമുഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുവേണ്ടി മാറ്റി വച്ച മജീഷ്യൻ മുതുകാടിൻറെ നിസ്തുല ശ്രമങ്ങൾക്ക് UKKCA പിന്തുണയേകുകയാണ്.
ഇടുക്കിയിലെ പടമുഖത്ത് അനാഥർക്കും ആലംബഹിനർക്കും അവലംബമേകുന്ന സ്നേഹമന്ദിരത്തിലെ ബ്രദർ രാജുവിനെയാണ് കഴിഞ്ഞ വർഷം കൺവൻഷനിൽUKKCA വരവേറ്റത്. സിനിമാ താരങ്ങളേയും രാഷ്ട്രീയ പ്രമുഖരേയും സർവ്വ ചെലവും കൊടുത്ത് കൊണ്ടുവന്ന് കൺവൻഷൻ വേദി അലങ്കരിയ്ക്കുന്നതിനു പകരം ചാരിറ്റി സംഘടനയായ UKKCA യുടെ ദേശീയ കൺവൻഷനിൽ ആരുമില്ലാത്തവരെയും മാറ്റിനിർത്തപ്പെടുന്നവരെയും ചേർത്തുനിർത്തുന്നത് അഭിനന്ദനീയമാണ്.