ചേർപ്പുങ്കൽ: ജീവിത തിരക്കുകൾക്കിടയിലും, കുടുംബസമേതം സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി, ക്നാനായ കുടുംബം മാതൃകയായി. ചേർപ്പുങ്കൽ സെന്റ് പീറ്റർ & പോൾ ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗം, മഞ്ഞാങ്കൽ ഷിമി സ്റ്റീഫനും കുടുംബവുമാണ് മാതൃകാപരമായ ഈ പകർത്തിയെഴുത്ത് പൂർത്തീകരിച്ചത്.
ആഗോള ക്രൈസ്തവ സമൂഹം മാതാവിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷിച്ച 2023 ഓഗസ്റ്റ് മാസം 15-)0 തിയതി ആരംഭിച്ച കൈയ്യെഴുത്ത്, ഈശോയുടെ സ്വർഗ്ഗാരോഹണ തിരുനാൾ ആഘോഷിച്ച മെയ്മാസം 9-)0 തിയതി പൂർത്തീകരിച്ചു പെന്തക്കൂസ്താ തിരുനാൾ ദിനത്തിൽ പ്രകാശനം ചെയ്തു.
ചേർപ്പുങ്കൽ സെന്റ് പീറ്റർ & പോൾ ക്നാനായ കത്തോലിക്കാ പള്ളിയിൽ വെച്ച് മെയ് മാസം 19-)0 തിയതി നടന്ന ചടങ്ങിൽ, കുടുംബാംഗങ്ങളെയും ഇടവക സമൂഹത്തെയും സാക്ഷിനിർത്തി, പ്രിയ ബഹുമാനപ്പെട്ട റെവ: ഫാ: ലുക്കാ ജോൺ തെക്കേമഠത്തിപ്പറമ്പിൽ സമ്പൂർണ്ണ ബൈബിൾ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു. ഇടവക വികാരി റെവ: ഫാ: ജിസ്മോൻ മരങ്ങാലിൽ പ്രസ്തുത വേദിയിൽ സന്നിഹിതനായിരുന്നു.
കോട്ടയം അതിരൂപതാ ജീസസ്സ് യൂത്ത് ആനിമേറ്ററും, യുവജന കമ്മീഷൻ അംഗവും കരിസ്മാറ്റിക് കമ്മീഷൻ അംഗവുമായ ഷിമി സ്റ്റീഫൻ 128 അധ്യായങ്ങളും, ഭാര്യ റോസ്മി ഷിമി 560 അധ്യായങ്ങളും, ഷിമിയുടെ മാതാവും, കിടങ്ങൂർ സെന്റ് മേരിസ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപികയുമായ റ്റി റ്റി ലീലാമ്മ 82 അധ്യായങ്ങളും, ഷിമിയുടെ മക്കളായ, ഒന്നാം ക്ലാസ് വിദ്യാർഥിനിയായ എമിലിയ 47 അധ്യായങ്ങളും, നാലാം ക്ലാസ് വിദ്യാർഥിയായ മാരിയോ 210 അധ്യായങ്ങളും, ഏഴാം ക്ലാസ് വിദ്യാർഥിനിയായ ബെനിറ്റാ 150 അധ്യായങ്ങളും ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ എഡ്രിയ 147 അധ്യായങ്ങളും എഴുതിയാണ് ഈ സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് പൂർത്തീകരിച്ചത്.
ഷിനോയ് മഞ്ഞാങ്കൽ