പയ്യാവൂർ: ഒരു വിദ്യാലയത്തിന്റെ സർവ്വതോമുഖ വികസനം സാധ്യമാകുന്നത് ഏവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണെന്ന് അഡ്വ. സജീവ് ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു. സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിനായി പുതുതായി നിർമിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ബ്ലോക്കിന്റെ ആശീർവാദകർമം നിർവഹിക്കുകയും സമ്മേളനത്തിന് ആധ്യക്ഷം വഹിക്കുകയും ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെംബർ ടി.പി.അഷ്റഫ് സമ്പൂർണ സ്മാർട്ട് ക്ലാസ്റൂം പ്രഖ്യാപനം നടത്തി. പ്രിൻസിപ്പൽ ബിനോയ് കെ., എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ ഷാജിമോൻ ടി കെ, പി റ്റി എ പ്രസിഡന്റ് ജോസഫ് തോമസ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി പി എം മാത്യു എന്നിവർ ആശംസ നേർന്നു. മാനേജർ ഫാ. ജെയ്സൻ പള്ളിക്കര സ്വാഗതവും ഹെഡ്മാസ്റ്റർ ബിജു സൈമൺ നന്ദിയും പറഞ്ഞു.
മൂന്ന് ക്ലാസ് മുറികളും അഡ്മിനിസ്‌ട്രേറ്റീവ് വിംഗും അടങ്ങുന്ന പുതിയ ബ്ലോക്ക് മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ അധ്യാപക – അനധ്യാപകരുടേയും പൂർവ വിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് നിർമാണം പൂർത്തിയാക്കിയത്. 1948 ൽ എലിമെന്ററി സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച് ഇന്ന് പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ വളർന്ന ഈ വിദ്യാലയം കഴിഞ്ഞ വർഷം പ്ലാറ്റിനം ജൂബിലി ആഘോഷിച്ചിരുന്നു.
Facebook Comments