Breaking news

യു കെ കെ സി എ കൺവൻഷനും എന്റെ ചില മധുരിയ്ക്കുന്ന ഓർമ്മകളും

ജോബി ഐത്തിൽ
(യു കെ കെ സി എ മുൻ ജോയിന്റ് സെക്രട്ടറിയാണ്  ലേഖകൻ )

യു കെ യിലെ ഓരോ ക്‌നാനായക്കാരനും ആകാംക്ഷയോടെ അതിലേറെ ഒട്ടേറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന 20 മത് യു കെ കെ സി എ കൺവൻഷൻ നമ്മുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞിരിക്കുന്നു. വർഷം മുഴുവനും ജീവിതത്തിന്റെ തിരക്കിൽ ഓടിക്കൊണ്ടിരിക്കുന്ന നമ്മൾക്ക് പലപ്പോഴും സമാധാനവും സന്തോഷവും നൽകുന്നത് ചില പ്രത്യേക ആഘോഷവേളകളാണ്. അങ്ങനെ പറയുമ്പോൾ ജീവിതത്തിൽ ഏറ്റവും വലിയ പ്രത്യാശ നൽകുന്ന ഒരു ആഘോഷം തന്നെയാണ് ഓരോ വർഷവും നടക്കുന്ന യു കെ കെ സി എ കൺവെൻഷനുകൾ.ഒത്തൊരുമിച്ച് എത്രയോ കൺവെൻഷനുകളിൽ പങ്കെടുത്ത ഓർമ്മകൾ നമുക്കുണ്ട്. അത്തരം ഓർമ്മകൾ കാലം കൂടും തോറും വീഞ്ഞ് പോലെ കൂടുതൽ രുചിയേറുന്നതാണ്. കഴിഞ്ഞ 19 കൺവെൻഷനുകളിലും പങ്കെടുക്കാൻ കഴിഞ്ഞതും രണ്ടുവർഷം കൺവെൻഷൻ നടത്തിയ ഒരു കമ്മറ്റിയുടെ ഭാഗമാകുവാൻ സാധിച്ചതും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കാണുകയാണ് . ഇതുവരെ നടന്ന 19 യു കെ കെ സി എ കൺവൻഷനുകളിലും പങ്കെടുത്ത വ്യക്തി എന്ന നിലയിൽ എനിക്ക് നിസ്സംശയം പറയാൻ സാധിക്കുന്ന ഒരു കാര്യം ഓരോ കൺവൻഷനുകളും നമ്മൾക്ക് നൽകുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അവർണ്ണനീയമായ നിമിഷങ്ങളാണ് സമ്മാനിക്കുന്നത് എന്നതാണ്. അത് ഒരിക്കലും വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കുന്നതല്ല നേരെ മറിച്ചു അത് അനുഭവിച്ചു തന്നെയറിയണം. താളത്തിന്റെ തരംഗങ്ങള്‍, രാഗങ്ങളുടെ പ്രവാഹഗതികള്‍, നിറങ്ങളുടെ സങ്കലനങ്ങള്‍, വിശ്വാസത്തിന്റെ ഭാവകാന്തികള്‍, ബന്ധങ്ങളുടെ കുടിച്ചേരലുകൾ , സൗഹൃദത്തിൻറെ നല്ല നിമിഷങ്ങൾ എന്ന് വേണ്ട ആ അനുഭവം അറിയണമെങ്കിൽ അവിടെ എത്തിച്ചേരുക തന്നെ വേണം . ജീവിതത്തില്‍ നിന്ന് നന്‍മകള്‍ സ്വീകരിക്കുകയും അതിലും എത്രയോ ഇരട്ടി നമ്മൾ തിരികെ നല്‍കുകയും ചെയ്യും. ക്നാനായക്കാരുടെ നന്മയുടെയും സ്നേഹത്തിന്റെയും ഒരുമയുടെയും പ്രതീകങ്ങളാണ് ഓരോ കൺവെൻഷനങ്ങളും. ഒരു വ്യാഴവട്ടക്കാലമായി യു കെ യിലെ ക്നാനായക്കാരുടെ സ്വകാര്യ അഹങ്കാരമായി കൺവെൻഷനുകൾ വളർന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് എത്ര വലിയ പ്രതിബന്ധങ്ങളിലും കൺവെൻഷൻ വരുമ്പോൾ യുകെയിലെ ക്നാനായ ജനങ്ങൾ എല്ലാം മറന്ന് തങ്ങളുടെ ദേശീയ ഉത്സവം വിജയിപ്പിക്കാൻ മുന്നോട്ട് ഇറങ്ങുന്നത്.കൺവെൻഷനുകൾ യു കെ യിലെ ക്നാനായ സമൂഹത്തിന്റെ മാനസിക ഘടനയെ എങ്ങനെ, എത്രമാത്രം നിര്‍ണയിച്ചു എന്നതിന്റെ പഠനങ്ങളൊന്നും നിലവിലില്ല എങ്കിലും ഫലഭൂഷ്ടിയുള്ള വിളവെടുപ്പിന്റെ പൂര്‍വ്വിക സ്മരണയുടെ ദര്‍ശനമായി ഓരോ കൺവെൻഷനുകളും ആവിര്‍ഭവിച്ചു എന്നു തന്നെ പറയാം.

രണ്ടായിരത്തിന്റെ തുടക്കം മുതലാണ് യുകെയില്‍ ക്നാനായക്കാർ സംഘടിത കുടിയേറ്റത്തിന് തുടക്കം കുറിയ്ക്കുന്നത്. യുകെയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന ക്നാനായക്കാരെ കൂട്ടിയിണക്കാനായി 2001ലാണ് യുകെകെസിഎ എന്ന നമ്മുടെ സംഘടന രൂപീകൃതമാവുന്നത്. ഇന്ന് അത് വളർന്നു പടർന്ന് പന്തലിച്ചു യുകെയിൽ അങ്ങോളമിങ്ങോളം 51 യൂണിറ്റുകളായി വളർന്നു കഴിഞ്ഞിരിക്കുന്നു. അന്ന് മുതൽ ഇന്ന് വരെയുള്ള ഓരോ ഭാരവാഹികളോടൊപ്പം ഈ സംഘടനയെ നെഞ്ചോട് ചേർത്ത സമുദായ സ്നേഹികളുടെ കഠിനാധ്വാനത്തിന്റെയും കരുതലിന്റെയും ഫലമായാണ് ഇപ്പോഴും ഓരോ കൺവെൻഷനുകളും വളരെ ഭംഗിയായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് .യു കെ യിലെ ക്നാനായക്കാരെ സംബന്ധിച്ചടത്തോളം അവരുടെ ജീവിതത്തിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി ഓരോ വർഷവും വരുന്ന കൺവൻഷനുകൾ. എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാലും അതെല്ലാം മാറ്റിവെച്ച് ഒരു ഉയർത്തെഴുന്നേൽപ്പിന്റെ കാഴ്ചയാണ് ഓരോ കൺവെൻഷനിലും നമ്മൾ കണ്ടിട്ടുള്ളത് അതൊരു വലിയ അത്ഭുതമായി ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു . 51 യൂണിറ്റുകൾ നൂറിന് മുകളിൽ നാഷണൽ കൗൺസിൽ മെമ്പേഴ്സ് , 500 മുകളിൽ യൂണിറ്റ് ഭാരവാഹികൾ ജനാധിപത്യത്തിൻറെ പരമോന്നത പദം അലങ്കരിക്കുന്ന ഈ സംഘടനയും അതിന്റെ കൺവെൻഷനുകളും എങ്ങനെ അത്ഭുതമാകാതിരിക്കും. അതുകൊണ്ടുതന്നെയല്ലേ പലപ്പോഴും മറ്റ് പല സംഘടനകളും യു കെ സി എ യേ മാതൃകയാക്കി സംഘടനാ സംവിധാനം കെട്ടിപ്പടുത്തുന്നത്.

കൺവെൻഷന്റെ ഏറ്റവും ആകർഷണങ്ങൾ ഒന്നാണ് റാലി. നയന മനോഹരവും മനസ്സിന് കുളിർമ നൽകുന്ന കളർ കോമ്പിനേഷനുമായി യൂണിറ്റുകൾ നടന്നുനീങ്ങുമ്പോൾ നട വിളികളാൽ കൺവെൻഷൻ നഗർ ശബ്ദമുഖരിതമാകുമ്പോൾ ഒരാപ്തവാക്യത്തിൽ യൂണിറ്റുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ അവിടെ മത്സരത്തേക്കാൾ ഉപരി ക്നാനായ എന്ന ഒരു വികാരം മാത്രമേയുള്ളൂ അതിൻറെ ഏറ്റവും വലിയ നേർക്കാഴ്ചയാണ് റാലിയിൽ വീറോടെ മത്സരിക്കുന്ന യൂണിറ്റുകളിലെ അംഗങ്ങൾ റാലിക്ക് ശേഷം സ്നേഹപൂർവ്വം തോളിൽ കയ്യിട്ടു ഒന്നിച്ചു നടന്നു നീങ്ങുന്നത്. ഈ സാഹോദര്യവും ഒരുമയും സ്നേഹവും ഒക്കെ വേറെ ഒരു സ്ഥലത്തും നമുക്ക് കാണാൻ സാധിക്കില്ല.ഞാൻ റാലി ചെയർമാനായ കാലത്തു കിലോക്കണക്കിന് തോരണം നാട്ടിൽ നിന്നും റാലിക്കു വേണ്ടി എത്തിച്ചു തലേദിവസം കൺവെൻഷൻ നടക്കുന്ന മാൽവേൺ കുന്നിൽ ചെരുവിൽ റാലിക്കായി വലിച്ചു കെട്ടിയപ്പോൾ അവിടെ എന്നോടൊപ്പം സഹായത്തിനു എത്തിയ സമുദായ സ്നേഹികളുടെ ഒക്കെ സ്നേഹം ഇപ്പോഴും മനസ്സിൽ നിന്നും മായില്ല,ആദ്യകാലങ്ങളിൽ കൺവെൻഷൻ ദിവസം രാവിലെ കൺവെൻഷൻ നഗരിയിലേക്ക് ആകാംക്ഷയോടെ തിരിക്കുകയാണെങ്കിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കൺവെൻഷൻ നഗരിയുടെ അടുത്തുള്ള ബന്ധുമിത്രാദികളുടെ വീട്ടിൽ തലേദിവസം എത്തിച്ചേരുക എന്നുള്ളതാണ് ഇപ്പോഴത്തെ ക്നാനായക്കാരുടെ പതിവ് . തലേദിവസം എത്തിച്ചേരുന്ന ക്നാനായക്കാർ രാവിലെ തന്നെ കൺവെൻഷൻ നഗരിയിലേക്ക് കുതിക്കുന്നത് കൺവെൻഷന്റെ ഒരു സെക്കണ്ട് പോലും ഒഴിവാക്കിക്കൂടാ എന്ന ബോധ്യത്തിലാണ്. മാൽവെൺകുന്നിലും , ചേൽട്ടൻഹം റോക്കി ക്ലബ്ബിലും ,കെന്റിലും , ലിവർപൂളിലും,കവൻട്രിയിലും നോട്ടിങ്ങാമിലും എന്നുവേണ്ട കൺവെൻഷൻ നടത്തിയ സ്ഥലങ്ങളിലൊക്കെ കൺവെൻഷനിലൂടെ യുകെയിലേ ക്നാനായക്കാർ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട് ആയിരക്കണക്കിന് ക്നാനായക്കാരുടെ ഈ പരിപാടി എങ്ങനെ ഇത്ര ഭംഗിയായി ഇത്ര ചിട്ടയായി കോർഡിനേറ്റ് ചെയ്യുന്നു എന്നുള്ളത് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് പക്ഷെ ഞാൻ വിശ്വസിക്കുന്നു ദൈവത്തിന്റെ പ്രത്യേക ഒരു അനുഗ്രഹം നമ്മുടെ ഈ ജനത്തോട് ഒപ്പം ഉണ്ട് അതായിരിക്കാം ഏതു പോലെ ഭംഗിയായി നമ്മൾക്ക് എല്ലാ കൺവെൻഷനും ഭംഗിയായി നടത്താൻ സാധിക്കുന്നത്

കൺവെൻഷൻ നഗരിയിൽ ഒരുമിച്ചു കൂടുന്നിടത്തെല്ലാം ആവി പറക്കുന്ന വിവിധ നാടൻ ഭക്ഷണങ്ങൾ നമ്മുടെ കൺവെൻഷന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. രാവിലെ എല്ലാവരും വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവരുന്ന തനത് വിഭവങ്ങളായ പോട്ടി, കപ്പയിറച്ചി എന്ന് വേണ്ട നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കാരി വറുത്തതിന്റെ സ്വാദ് പോലും ഇപ്പോഴും നാവിൽ നിന്ന് പോകുന്നില്ല. പരസ്പര സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും മഹനീയ സന്ദേശം വിളിച്ചോതുന്ന ഇതുപോലുള്ള മറ്റൊരു അവസരങ്ങളും ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഒന്നിനു പുററെ മറ്റൊന്നായി തനികേരളീയ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകൾ ഒരുക്കാൻ ഇതുവരെനടന്ന എല്ലാ കൺവൻഷനുകൾക്കും നേത്യത്വം നൽകിയ സെൻട്രൽ കമ്മറ്റിയംഗങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.കൺവെൻഷനിൽ എവിടെയോട്ട് തിരിഞ്ഞാലും പുറകിൽ നിന്നും സൈഡിൽ നിന്നും സ്നേഹത്തോടെയുള്ള വിളി യു കെ കെ സി എ കൺവെൻഷന്റെ മാത്രം പ്രത്യേകതയാണ്. അത് ചിലപ്പോൾ നമ്മുടെ സുഹൃത്തുക്കൾ ആകാം അല്ലെങ്കിൽ നമ്മുടെ ബന്ധു മിത്രാദികൾ ആകാം അല്ലെങ്കിൽ ചിലപ്പോൾ അയൽക്കാർ ആകാം അല്ലെങ്കിൽ കേട്ടറിവിന്റെ പരിചയം മാത്രമുള്ള ചില സുഹൃത്തുക്കൾ ആകാം . കുശലം പറച്ചിലുകൾക്കു ഒരു പകൽ പോരാ എന്ന് തോന്നിക്കുന്ന നിമിഷങ്ങൾ. സ്നേഹബന്ധങ്ങളുടെ ഉൾപ്പുളകങ്ങൾ ഏറ്റുവാങ്ങി മടങ്ങുമ്പോൾ മടക്കയാത്രയിൽ ഓർക്കും ദൈവമേ നന്ദി ഈ കൺവൻഷനിൽ പങ്കെടുക്കാൻ കഴിഞ്ഞല്ലോ. ക്നാനായക്കാരനായി പിറന്നയാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ്,ഭാഗ്യമാണ് കൺവൻഷൻ എന്ന് ഞാൻ ഉറച്ചു വിശ്വസിയ്ക്കുന്നു.

19 കൺവെൻഷന്റെയും ഏറ്റവും വലിയ ആകർഷണമാണ് വെൽക്കം ഡാൻസ്. നമ്മുടെ കുട്ടികൾ ആടിയും പാടിയും ഡാൻസിലൂടെ മഹാ വിസ്മയം തീർക്കുന്ന ക്നാനായക്കാരെ ഓരോരുത്തരെയും ഇടനെഞ്ചിൽ സർഗ്ഗനാളം ചവിട്ടി സന്തോഷത്തിന്റെ മാസ്മരിക ലോകത്ത് എത്തിക്കുന്ന വെൽക്കം ഡാൻസ് അതൊരു അനുഭവമാണ് ആവേശമാണ് അത് നമ്മുടെ വിജയമാണ് അത് .വെൽക്കം ഡാൻസിന്റെ അലയടികൾക്കു സ്റ്റേജിൽ തുടികൊട്ട് തുടങ്ങുമ്പോൾ അവിടെ നമ്മൾക്ക് ഒരു വികാരം മാത്രമേയുള്ളൂ ക്നാനായ എന്ന വികാരം അപ്പോൾ ചില സിനിമകളിൽ പറയുന്നത് പോലെ എനിക്ക് ചുറ്റുമുള്ളത് ഒന്നും കാണാൻ സാധിക്കില്ല കാരണം അത്രയും ആസ്വാദനത്തിന്റെ ആനന്ദത്തിന്റെ അനർഘ നിമിഷങ്ങളാണ് കാണികൾക്ക് സമ്മാനിക്കുന്നത്.

നമ്മുടെ കൺവെൻഷനുകൾ പഴയ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ദിവസങ്ങൾ ഓർമപ്പെടുത്താനും ഒരുപാട് അനുഭവങ്ങൾ പങ്ക് വയ്ക്കാനും കരുതാനും ആദരിക്കാനും ആദരിക്കപ്പെടാനും ജീവിതത്തിന് നിറവും രുചിയും മണവും നൽകാനും സാധിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. നമ്മളെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാനും നമ്മുടെ മനസ്സ് ഉത്സവമാകാൻ കൺവെൻഷനുകൾ സാധിക്കുന്നു.നാം നമ്മെ തന്നെ കണ്ടെത്തുന്ന അവസരമാണ് ഓരോ കൺവെൻഷനുകളും . കൺവെൻഷന്റെ കൊടിയിറങ്ങി അവിടെനിന്ന് യാത്രയാകുമ്പോൾ പല കണ്ണുകളിലും നേരിയ ഒരു കണ്ണീരിന്റെ നനവ് കാണാം. കാരണം ഇനിയും ഈ സന്തോഷത്തിന്റെ നല്ല നിമിഷങ്ങൾക്ക് ഒരു വർഷത്തെ കാത്തിരിപ്പ് എന്നുള്ളത് കൊണ്ട് മാത്രമാണ്. ചുറ്റും നിൽക്കുന്നവർക്ക് ആസ്വാദ്യകരമായി ഇനി വരുന്ന എല്ലാ കൺവെൻഷനുകളും മനുഷ്യനെ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയുള്ളതാകട്ടെ ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും കൈകോർത്തു നമ്മുടെ കൂട്ടായ്മ കൂടുതൽ കൂടുതൽ ശോഭയോടെ എന്നും എപ്പോഴും യുകെയിൽ വെളിച്ചംവിതറട്ടെ എന്നാണ് ഈ വേളയിൽ എന്റെ ഹൃദയപൂർവമുള്ള ആശംസ…

എനിക്കൊരു പ്രാർത്ഥനയേയുള്ളൂ കഴിഞ്ഞ 19 വർഷമായി തുടർന്ന് വരുന്ന ഈ കൺവെൻഷനുകൾ നമ്മൾ ഉള്ള കാലം വരെയും അതിന്റെ പ്രൗഡിയിൽ തുടരണം. അത് നമ്മുടെ തനിമയുടെ ഒരുമയുടെ സന്ദേശവുമായി എന്നും വിളങ്ങട്ടെ… അതു കണ്ട് വളർന്ന് നമ്മുടെ കുട്ടികൾ നമ്മുടെ തനിമയും ഒരുമയും പാരമ്പര്യവും നമ്മുടെ ജന്മ ജന്മാന്തരങ്ങളിലേക്ക് പകരട്ടെ….

Facebook Comments

knanayapathram

Read Previous

സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Read Next

പരിശീലനം സംഘടിപ്പിച്ചു