Breaking news

കുരിശിന്റെ വഴിയേ ക്നാനായ യുവത ഏപ്രിൽ ഒന്നിന് മെൽബണിൽ

ക്നാനായ സമുദായത്തിന്റെ ഭാവി പ്രതീക്ഷകളായ ക്നാനായ യുവതി – യുവാക്കളെ, ക്രൈസ്തവ വിശ്വാസത്തിലും, ദൈവിക ചൈതന്യത്തിലും വളർത്തിയെടുത്ത്, യേശുക്രിസ്തുവിന്റെ നിണമണിഞ്ഞ കാൽപ്പാടുകൾ പിൻതുടരുന്നവരാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ, മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്, മെൽബണിലെ ക്നാനായ യുവജനങ്ങൾക്കായി, ഒരു Lenten Pilgrimage, “കുരിശിന്റെ വഴിയേ ക്നാനായ യുവത” സംഘടിപ്പിച്ചിരിക്കുന്നു.

ഓസ്ട്രേലിയായിലെ മലയാറ്റൂർ മല എന്നറിയപ്പെടുന്ന മെൽബൺ ബാക്കസ് മാർഷ് മലമുകളിലുള്ള Our Lady Ta’ Pinu Shrine – ൽ ആണ് കുരിശിന്റെ വഴി സംഘടിപ്പിച്ചിരിക്കുന്നത്.

ഏപ്രിൽ മാസം ഒന്നാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച്, ഉച്ചഭക്ഷണത്തോടുകൂടി, 2 മണിക്ക് അവസാനിക്കത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിവരുന്നത്.

സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ യൂത്ത് കോർഡിനേറ്റർമാരായ ജോർജ് പൗവ്വത്തേൽ, സജിമോൾ മാത്യു കളപ്പുരയ്ക്കൽ, മേജുമോൾ അജി ചെമ്പനിയിൽ, മാത്യു ലൂക്കോസ് തമ്പലക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ, എല്ലാ യുവജന സുഹൃത്തുക്കളേയും പങ്കെടുപ്പിക്കുന്നതിനുള്ള സജീകരണങ്ങൾ ഒരുക്കി വരുന്നു.

ഈ വലിയ നോയമ്പ് കാലത്ത്, യേശു നമുക്ക് പകർന്നു നൽകിയ, ക്ഷമയുടേയും, സഹനത്തിന്റെയും, പങ്കുവയ്ക്കലിന്റെയുമൊക്കെ, ഹൃദയഭേദകമായ ഓർമ്മകൾ അയവിറക്കി, സ്വജീവിതത്തിൽ പ്രാവർത്തികമാക്കി, ജീവിക്കുന്ന വിശുദ്ധരായി, മറ്റുള്ളവർക്ക് മാതൃകയാകുന്ന ഒരു ജീവിതം നയിക്കുവാൻ, യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ഒരു വലിയ ലക്ഷ്യവും ഈ ഒത്തുചേരലിലൂടെ സാധ്യമാക്കപ്പെടുന്നു.

ഒരുപാട് നന്മയും തിന്മയും അടങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, നന്മയെ സ്വീകരിക്കുവാനും, തിന്മയിൽ നിന്ന് അകന്നു നിൽക്കുവാനും നമ്മുടെ യുവജനങ്ങളെ നമുക്ക് പ്രാപ്തരാക്കാം. അതിനായി, യുവജനങ്ങൾ ഒത്ത് ചേർന്ന് , കുരിശിന്റെ വഴിയായി, ക്‌നാനായ സമുദായത്തിന്റെയും, നമ്മുടെ ഇടവകയുടേയും വക്താക്കളായി മാറുവാനായി, എല്ലാ യുവജനങ്ങളേയും, ഈ കുരിശിന്റെ വഴിയിൽ പങ്കെടുപ്പിക്കുവാനും, ഇതിലേയ്ക്ക് എത്തിച്ചേരുവാനായി അവരെ പ്രോൽസാഹിപ്പിക്കുവാനും, എല്ലാ മാതാപിതാക്കളും പരിശ്രമിക്കണമെന്നും, ഇടവക വികാരി റവ ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.

Facebook Comments

knanayapathram

Read Previous

ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന പ്രവർത്തനോദ്ഘാടനവും ക്നായി തോമാ അനുസ്മരണ ദിനാചരണവും സമുചിതമായി ആഘോഷിച്ചു

Read Next

ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു