

പയ്യാവൂർ : എസ് എസ് എൽ സി പരീക്ഷാ ഒരുക്കത്തിന്റെ ഭാഗമായി ഇംഗ്ലീഷ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കി സ്വന്തമായി പഠന സാമഗ്രി വികസിപ്പിച്ച് പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിലെ വിദ്യാർത്ഥികൾ. പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള വ്യത്യസ്ത വ്യവഹാര രൂപങ്ങൾ ആധാരമാക്കി നൂറു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മാതൃകാ ചോദ്യപ്പേപ്പറും ഉൾക്കൊള്ളിച്ചാണ് പുസ്തകം തയ്യാറാക്കിയത്. ആതിര കെ എസ്, അഭിരാമി രമേശൻ, മിർഷാന കെ പി, ജെയിംസ് ഷൈബു, മാർട്ടിൻ ഷാജു, തോമസ് സുജൻ തട്ടായത്ത്, ജിതിൻ റോയി, മുഹമ്മദ് സിജാദ് ടി പി, അർജുൻ എ എസ്, ആൽഫിൻ സാലു എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ ക്ലാസ് അധ്യാപകൻ ലിബിൻ കെ കുര്യന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ പുസ്തകം സരോവരം ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശന കർമം കോട്ടയം അതിരൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേൽ നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ ബിജു സൈമൺ, സ്‌കൂൾ ലീഡർ ആൽഫിൻ സാലു എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.