Breaking news

മോണ്‍. ജേക്കബ് വെള്ളിയാനച്ചൻ്റെ സംസ്‌കാര ശുശ്രൂഷകൾ വെള്ളിയാഴ്ച 2.30 ന് ഒളശ്ശ സെന്റ് ആന്റണീസ് പള്ളിയില്‍

കോട്ടയം: കോട്ടയം അതിരൂപതയിലെ മുതിര്‍ന്ന വൈദികനും വികാരിജനറാളുമായിരുന്ന മോണ്‍. ജേക്കബ് വെള്ളിയാന്‍ (88)നിര്യാതനായി.സംസ്‌കാര ശുശ്രൂഷ 2022 ഡിസംബര്‍ 30 വെള്ളിയാഴ്ച 2.30 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഒളശ്ശ സെന്റ് ആന്റണീസ് പള്ളിയില്‍. ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ ഇടവകാംഗവും വെള്ളിയാന്‍ കുടുംബത്തില്‍ ചാണ്ടിയുടേയും മറിയാമ്മയുടേയും മകനായി 1934 ഓഗസ്റ്റ് 16 -ാം തീയതിയാണ് ജേക്കബ് വെള്ളിയാന്‍ ജനിച്ചത്. കുര്യന്‍ വെള്ളിയാന്‍, അന്നമ്മ മറ്റത്തില്‍ എന്നിവര്‍ ബഹു. അച്ചന്റെ പരേതരായ സഹോദരരും സിസ്റ്റര്‍ ഡന്നീസ് എസ്.ജെ.സി, മാത്യു (കുഞ്ഞുമോന്‍) വെള്ളിയാന്‍ എന്നിവര്‍ സഹോദരങ്ങളുമാണ്. ഒളശ്ശ സി.എം.സ് എല്‍.പി.സ്‌കൂള്‍, യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസവും എന്‍.എസ്.എസ് മിഡില്‍ സ്‌കൂള്‍ പരിപ്പ്, സി.എം.എസ് മിഡില്‍ സ്‌കൂള്‍ ഒളശ്ശ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം സി.എം.എസ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും ചാക്കോച്ചന്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് കോട്ടയം സെന്റ് സ്റ്റാനിസ്ലാവൂസ് മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ചു. ആലുവയിലെ സെന്റ് ജോസഫ്സ് കര്‍മലഗിരിയിലെ തത്വശാസ്ത്ര പഠനത്തിനുശേഷം 1958 മുതല്‍ 65 വരെയുള്ള കാലത്തു റോമിലെ പ്രൊപ്പഗാന്ത യൂണിവേഴ്സിറ്റിയില്‍ വൈദികപരിശീലനവും തുടര്‍ പഠനവും നടത്തി. 1961 ഏപ്രില്‍ 23 ന് വൈദികനായി അഭിഷിക്തനായി. വിവിധ യൂണിവേഴ്സിറ്റികളിലെ തുടര്‍ പഠനങ്ങള്‍ക്കു ശേഷം കേരളത്തിലും അമേരിക്കയിലും പല സെമിനാരികളിലും യൂണിവേഴ്സിറ്റികളിലും അദ്ധ്യാപകനായി ശുശ്രൂഷ ചെയ്തു. അനുഗ്രഹീത കലാകാരനായ വെള്ളിയാനച്ചന്‍ ഗായകനും കവിയുമായിരുന്നു. മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ചരിത്രം വിളിച്ചോതുന്ന മാര്‍ഗ്ഗംകളി ചിട്ടപ്പെടുത്തിയതും സ്‌കൂള്‍ കോളേജ് കലോത്സവങ്ങളില്‍ മത്സര ഇനമായി അവയെ ഉള്‍പ്പെടുത്താനുള്ള പരിശ്രമങ്ങള്‍ നടത്തിയതും അതിനായി ഹാദൂസ എന്ന അഖിലഭാരതരംഗകലാകേന്ദ്രം ആരംഭിച്ചതും ബഹു. വെള്ളിയാനച്ചനാണ്. വിദ്യാഭ്യാസ വിചുഷനായിരുന്ന ബഹു. അച്ചന്റെ ശ്രമഫലമായി രൂപംകൊണ്ടതാണു പാഴുത്തുരുത്തിലെ സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍.

ചിങ്ങവനം, ഒളശ്ശ, പാഴുത്തുരുത്ത് എന്നിവിടങ്ങളില്‍ വികാരിയായും കോട്ടയം അതിരൂപതയുടെ വികാരി ജനറാളായും ദയറ, ബാംഗ്ലൂര്‍ ഗുരുകുലം എന്നീ സെമിനാരികളുടെ റെക്ടറായും കേരളത്തിലെ പ്രഥമ പ്രാര്‍ത്ഥനാകേന്ദ്രമായ തൂവാനിസായുടെ ഡയറക്ടറായും കെ.സി.വൈ.എല്‍, കെ.സി.ഡബ്ല്യു.എ സംഘടനകളുടെ ചാപ്ലെയിനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒളശ്ശ, തൂവാനിസ തുടങ്ങിയ സ്ഥലങ്ങളിലെ കുടിവെള്ള പദ്ധതികള്‍ ബഹു. അച്ചന്റെ പ്രവര്‍ത്തന ഫലമാണ്. വിവിധ ഭാഷകളിലെ 73 ഗ്രന്ഥങ്ങളും ആയിരത്തിലധികം ലേഖനങ്ങളുമെഴുതി സഭയെയും സമുദായത്തെയും സമ്പന്നമാക്കിയ നലംതികഞ്ഞ ഗ്രന്ഥകാരനും അദ്ധ്യാപകനും സ്വര്‍ണ്ണനാവുള്ള വാഗ്മിയും പാവങ്ങളോടു പക്ഷം ചേരുന്ന മനോഭാവത്തിന്റെ ഉടമയും നിരന്തര പഠയിതാവും പ്രാര്‍ത്ഥനയുടെ മനുഷ്യനുമായിരുന്നു ബഹു. വെള്ളിയാനച്ചന്‍.

Facebook Comments

knanayapathram

Read Previous

മോൺ: ജേക്കബ് വെള്ളിയാൻ അന്തരിച്ചു

Read Next

കാരുണ്യത്തിന്റെ മുഖമായി ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി