Breaking news

കേരളപ്പൂരം 2022 ല്‍ മിന്നും വിജയവുമായി Royal 20 Birmingham

ജോഷി പുലിക്കൂട്ടില്‍
PRO Royal 20 Birmingham

ഇംഗ്ലണ്ടിലെ മലയാളി സംഘടനകളുടെ ഏകോപന സംഘടനയായ UUKMA നടത്തിയ ദേശീയ വള്ളംകളി മത്സരത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി Royal 20 Birmingham ജൈത്രയാത്ര തുടരുന്നു.
UK യിലെ ക്‌നാനായക്കാരായ വള്ളംകളി പ്രേമികള്‍ക്കായി ഒരു വള്ളംകളി ക്ലബ് എന്ന സങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണമായി 2018 ല്‍ ഉടലെടുത്ത Royal 20 Birmingham അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിട്ട് വിജയപടികള്‍ നടന്നു കയറുകയാണ്.
August 27 ന് റോതര്‍ഹാമിലെ മാന്‍വേര്‍ഡ് തടാകത്തില്‍ നടത്തിയ UUKMA കേരളപ്പൂരം 2022 വള്ളംകളിയില്‍ പങ്കെടുത്ത 27 ടീമുകള്‍ക്കൊപ്പം മത്സരിച്ച Royal 20 സെമിഫൈനലില്‍ ഇത്തവണത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കുറിച്ചാണ് ഫൈനലിലേക്ക് കയറിയത്.
വള്ളംകളിയുടെ ആവേശം സിരകളിലെത്തിയ കുടിയേറ്റ ജനതയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ തകര്‍ന്ന് വീണത് നിരവധി പ്രമുഖ ടീമുകളാണ്. ഹീറ്റ്‌സില്‍ റിക്കോര്‍ഡ് സമയം കുറിച്ച് സെമിയില്‍ കടന്ന ടീമിനെ സെമിഫൈനലില്‍ അതിമനോഹരമായി തുഴഞ്ഞ് ഒന്നര വള്ളപ്പാടിന് Royal 20 ജയിച്ച് ഫൈനലിലേക്ക് കയറിയപ്പോള്‍ മാന്‍വേര്‍സ് തടാകതീരത്ത് കൂടിയ മുഴുവന്‍ ക്‌നാനായക്കാരുടെ ഹൃദയത്തിലേക്ക് കൂടിയാണ് Royal 20 Birmingham നടന്നു കയറിയത്.
ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ സൂപ്പര്‍ 6 ഫൈനലില്‍ അതിസുന്ദരമായ പോരാട്ടത്തിന് ഒടുവില്‍ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും ഏറ്റുവാങ്ങി മടങ്ങുമ്പോള്‍ Royal 20 എഴുതി ചേര്‍ത്തത് ചരിത്രം. 46 മത്സരങ്ങളിലായി 27 ടീമുകളുടെ പ്രകടനത്തിലെ മികച്ച രണ്ടാമത്തെ സമയം.
വെള്ളത്തില്‍ തീപ്പൊരി പാറുന്ന പ്രകടനം കാഴ്ചവച്ച തുഴച്ചില്‍ക്കാർ മുഴുവനും ക്നാനായ സമുദായ അംഗങ്ങൾ ആയിരുന്നു അതിൽ ഭൂരിഭാഗവും ക്‌നാനായ യുവ തലമുറയില്‍ പെട്ടവരാണെന്നത് ഭാവിയില്‍ ടീമിന് ശുഭ പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകമാണ്.
ടീം ക്യാപ്റ്റന്‍ ബെന്നി മാവേലില്‍,വൈസ് ക്യാപ്റ്റൻ അഭിലാഷ് മൈലപ്പറമ്പിൽ , ടീം മാനേജര്‍ സജി രാമച്ചനാട്ട്, കോച്ച് ജോമോന്‍ കുമരകം എന്നിവരുടെ നേതൃത്വത്തിലുള്ള ഊര്‍ജ്ജസ്വലമായ കമ്മറ്റിക്കാണ് Royal 20 യുടെ സംരക്ഷണ ചുമതല. അവരോടൊപ്പം പരിചയ സമ്പന്നരായ തുഴച്ചില്‍ക്കാരും യുവരക്തവും ഒന്നിച്ച് വള്ളത്തിലേക്ക് എത്തിയപ്പോള്‍ വെള്ളത്തില്‍ രചിച്ചത് ചരിത്രം.
AD 345 ല്‍ ജലമാര്‍ഗ്ഗം കേരളത്തില്‍ എത്തിയ ക്‌നായിത്തോമായുടെ പിന്‍തലമുറ ജലകായിക മത്സരത്തില്‍ ചരിത്രം സൃഷ്ടിക്കുക എന്നത് സ്വാഭാവികം. അതിനായി Royal 20 ടീമിനൊപ്പം ഒരു സമൂഹം ഒന്നായി ഇന്നലെ റോതര്‍ ഹാമില്‍ അണിചേര്‍ന്നപ്പോള്‍ UKKMA നടത്തിയ പ്രദര്‍ശന റാലിയിലും തുടര്‍ന്ന് നടന്ന അതിമനോഹരമായ Flash Mob ലും ഒക്കെ ക്‌നാനായത്തനിമ വിളിച്ചോതി Royal 20 Birmingham നിറഞ്ഞുനിന്നു.
പ്രശസ്ത സിനിമാതാരം ഉണ്ണിമുകുന്തനില്‍ നിന്ന് ട്രോഫിയും ശ്രീ. ജിജോ മാധവപ്പള്ളിയില്‍ നിന്ന് കാഷ് അവാര്‍ഡും ടീം ക്യാപ്റ്റന്‍ ബെന്നി മാവേലി ഏറ്റുവാങ്ങി. ടീമംഗങ്ങള്‍ നടവിളിയോടെ മടങ്ങുമ്പോള്‍ ബര്‍മിങ്ഹാമില്‍ നിന്നല്ലാതെ അവിടെ എത്തിച്ചേര്‍ന്ന നിരവധി ക്ാനനായക്കാരും ടീമംഗങ്ങള്‍ക്കൊപ്പം നടവിളിക്കാന്‍ കൂടി എന്നത് ഒരുമയുടെയും തനിമയുടെയും ഒത്തുചേരലിന്റെയും നേര്‍ചിത്രമായി കാണികള്‍ കണ്ടു നിന്നു.

Facebook Comments

knanayapathram

Read Previous

നീണ്ടൂര്‍ എട്ടുപറയില്‍ മത്തായി ഔസേപ്പ് (92) നിര്യാതനായി. Live funeral telecasting available

Read Next

പയസ്സ് സ്കീം സ്കോളർഷിപ് നൽകി