
സിബി ബെന്നി , കൊച്ചാലുങ്കൽ
നോട്ടിംഗ്ഹാം യൂണിറ്റ്
ചെങ്കടൽ തീരത്ത് സ്വന്തം ജനതയെ ഒരുമിച്ച് ചേർത്ത് പുറപ്പാടിൻ്റെ ചരിത്രം തുടങ്ങി വച്ചു പഴയ നിയമത്തിലെ മോശ. നൂറ്റാണ്ടുകൾക്ക് ശേഷം സിറിയയിൽ നിന്ന് കപ്പൽ കയറി കൊടുങ്ങല്ലൂര് വന്നിറങ്ങിയ 72 ഇല്ലങ്ങളുടെ കുടിയേറ്റ പ്രയാണം ഇന്നും തുടരുന്നതിന്റെ ബാക്കിപത്രമാണ് നമ്മൾ uk ക്നാനായക്കാർ. പൂർവ്വികർ കല്പിച്ചതു പോലെ ക്നായി തൊമ്മനും കൂട്ടാളികളും ഹൈന്ദവ ആചാരങ്ങളോടും സംസക്കാരത്തോടും ഇടപഴകുമ്പോഴും സ്വവർഗ്ഗ വംശശുദ്ധി കാത്തുപാലിച്ചു. മാക്കീൽ പിതാവ് തന്റെ നേതൃത്വപാടവത്തിലും കർമ്മോത്സുകതയിലും ദീർഘവീക്ഷണത്തിലും ക്നാനായ മക്കളുടെ ആവശ്യങ്ങളും ആവലാതികളും വത്തിക്കാനിലെ കത്തോലിക്കാ മഹാ ഭരണവ്യവസ്ഥയുടെ ശ്രദ്ധയിൽപ്പെടുത്തി. അങ്ങനെ ക്നാനായക്കാർ ലോകത്ത് എവിടെ ആയിരുന്നാലും കോട്ടയം വികാരിയാത്ത് എന്ന വടവൃക്ഷത്തണലിലായി. നമുക്കത് പകരം വയ്ക്കാനാവാത്ത പൈതൃകാവകാശമാണ്.
കുടിയേറ്റങ്ങൾ പലതും നടന്നു. ഏത് ദേശം ആകിലും ഏത് ഭാഷ ആയിരുന്നാലും ക്നാനായക്കാർ തങ്ങളുടെ വിശ്വാസങ്ങളും നിഷ്ഠകളും പാലിച്ചു പോന്നു. ഇന്ന് ബ്രിട്ടീഷ് മണ്ണിൽ വേരൂന്നി കഴിയുന്ന ക്നാനായ മക്കളെ ചേർത്ത് പിടിച്ച് നമ്മുടെ മഹത്തായ സംസ്ക്കാരത്തിലും അഖണ്ഡതയിലും അഭിമാനിക്കാനും അഭിപ്രായ വ്യത്യാസങ്ങളുടെ അരക്ഷിതാവസ്ഥകളെ അതിജീവിക്കാനും UKKCA സാരഥികൾക്ക് സാധിച്ചു. സമുദായ സ്നേഹികളായ നേതാക്കളുടെ നിസ്വാർത്ഥമായ ഇടപെടലുകളും അർപ്പണബോധവും തന്നെയാണ് രണ്ടു പതിറ്റാണ്ടുകൾ പിന്നിടുന്ന ഈ സഘടനയുടെ വിജയരഹസ്യം. അവരോട് ചേർന്ന് നില്ക്കുന്ന അണികളോരോരുത്തരുടെയും പരസ്പര സ്നേഹവും കരുതലും ഈ പ്രസ്ഥാനത്തിന് എന്നും ശക്തിയും കോട്ടയും ആയിരിക്കട്ടെ.
ആണ്ടുതോറും നടത്തി വരുന്ന കൺവൻഷൻ uk ലെ ക്നാനായ മാമാങ്കം തന്നെയാണെന്ന് പറയാം. വർഷങ്ങൾ കഴിയുംതോറും നമുക്കിതൊരു ലഹരി ആയി മാറിയെങ്കിൽ അത് നമുക്ക് നമ്മുടെ പൂർവ്വികരോടും പാരമ്പര്യങ്ങളോടുമുള്ള ആദരവിന്റെയും കടപ്പാടിന്റെയും ബഹിർസ്ഫുരണം തന്നെയല്ലേ.
ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കും ആവേശത്തിനും മേലെ അത് അതിർത്തികൾ കടന്നുളള തലമുറകൾക്കിപ്പുറം കാത്തു പാലിക്കുന്ന തനിമയുടെ , പാരമ്പര്യത്തിന്റെ പെരുമ്പറയാണ്, അതിന്റെ പ്രതിധ്വനികളാണ്, ഊഷ്മളമായ ബന്ധങ്ങളുടെ കെട്ടുറപ്പാണ്, ക്നാനായ മക്കളുടെ തനിമയുടെ നിറസാന്നിധ്യമാണ്, ഒരുമയുടെ ഹൃദയത്തുടിപ്പാണ്. തലമുറ തലമുറ കൈമാറിയ നേരിന്റെ നിറമാണ്. പൂർവ്വിക വിശ്വാസ സത്യത്തിന്റെ കെട്ടുറപ്പാണ്. നാളെയുടെ കരുതലാണ്.
നാണയ കിലുക്കത്തിൽ ഗുരുവിനെ മറന്ന യൂദാസും, ഒരല്പം ചൂട് കായാൻ സ്വയം മറന്ന പത്രോസും നമുക്കിടയിൽ ഇന്നും ഉണ്ടു്. ആ അരക്ഷിതാവസ്ഥയിലും ദൈവ പിതാവിൽ ആശ്രയിച്ച് അവരെ ചേർത്തു പിടിച്ച പരിശുദ്ധ അമ്മയുടെ സാന്നിധ്യം അനുഭവിച്ചുകൊണ്ട് ആടാം പാടാം ആഹ്ളാദിക്കാം, ഒരുമയിൽ ഒത്തുകൂടാം, ക്നായ് തൊമ്മനെ അനുസ്മരിക്കാം.
പുരാതനപ്പാട്ടിന്റെ താളവും നടവിളിയുടെ ഓളവും മാർഗ്ഗംകളിയുടെ ഗാംഭീര്യവും ഒന്നുചേർന്ന് നമ്മൾ നമ്മളെ അറിയുന്ന ഏതാനും മണിക്കൂറുകൾ മറ്റൊരാണ്ടുവട്ടത്തിലേക്കുള്ള ഓർമ്മകളാണ് ഓരോ ക്നാനായക്കാരനും സമ്മാനിക്കുന്നത്. വെയിലായാലും മഴയായാലും uk ൽ ഏതറ്റത്തായാലും നീയും ഞാനും ചേരുന്ന ക്നാനായ കുടുംബാംഗങ്ങൾ ജൂലൈ 2 ന് ചെൽറ്റൻഹാമിന്റെ മൈതാനത്ത് ഉണ്ടായിരിക്കണം. തനിമയുടെ പൈതൃകം കാത്തിടാനും ഒരുമയിൽ ഉണർന്ന് ജ്വലിക്കാനുംവേണ്ടി .
ജയ് ക്നാനായ , ജയ് യു കെ കെ സി എ