Breaking news

പരിസ്ഥിതി സൗഹാര്‍ദ്ദ ജീവിതശൈലി പ്രോത്സാഹനം ത്രിദിന പഠനശിബിരം സംഘടിപ്പിച്ചു

കോട്ടയം: പരിസ്ഥിതസൗഹാര്‍ദ്ദ സമീപനങ്ങളും ജീവിതശൈലി പ്രോത്സാഹനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ത്രിദിന പഠനശിബിരം സംഘടിപ്പിച്ചു. ഇന്‍ഡ്യയിലെ യു.എസ് എംബസിയുടെ സഹകരണത്തോടെ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍ കേരളയും കോട്ടയം അതിരൂപതയുടെ സാമൂഹ്യ വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സംയുക്തമായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ത്രിദിന പഠനശിബിരത്തിന്റെ സമാപന സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രകൃതിയെയും പാരിസ്ഥിതിക ചുറ്റുപാടുകളെയും സംരക്ഷിച്ചുകൊണ്ടുള്ള ജീവിതശൈലി അനുദിനജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണം കാലികപ്രസക്തമായ വിഷയമാണെന്നും ഓരോരുത്തരും സ്വന്തം നിലയില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍, കാരിത്താസ് ഇന്‍ഡ്യ എന്‍വയോണ്‍മെന്റ് കണ്‍സള്‍ട്ടന്റ് ഡോ. വി. ആര്‍ ഹരിദാസ്, കോട്ടയം നവജീവന്‍ ട്രസ്റ്റ് സാരഥി പി. യു. തോമസ്, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍ കേരള മുന്‍ പ്രസിഡന്റ് ഡോ. മേരി വീനസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനത്തോടനുബന്ധിച്ച് പഠനശിബിരത്തില്‍ പങ്കെടുത്തവര്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നടത്തപ്പെട്ടു. പഠനശിബിരത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹാര്‍ദ്ദ സമീപനങ്ങളെക്കുറിച്ചും ഗ്രീന്‍ ഓഡിറ്റിനെക്കുറിച്ചും പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ചും വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. വിവിധ സന്നദ്ധസംഘടനകളില്‍ നിന്നായുള്ള  അമ്പതോളം പ്രതിനിധികള്‍ പഠനശിബിരത്തില്‍ പങ്കെടുത്തു.

Facebook Comments

Read Previous

കോട്ടയം അതിരൂപതയില്‍ വിശ്വാസപരിശീലന അദ്ധ്യയന വര്‍ഷം ഉദ്ഘാടനം ചെയ്തു

Read Next

യുവജന ആവേശ തിരയായി ക്നാനായ യുവജന കോൺഫറൻസ്