
കോട്ടയം : പ്രകൃതി ദുരന്തം കൊണ്ട് ദുരിത ഭൂമിയായി മാറിയ കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തിലെ ജനങ്ങള്‍ക്കായുള്ള കാരിത്താസ് സൗജന്യ ആരോഗ്യ ചികിത്സാ പരിപാടി നൂറ് ദിനങ്ങള്‍ പിന്നിട്ടു. നൂറാം ദിന പരിപാടികള്‍ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.
കൂട്ടിക്കലിന് കൂട്ടായി കാരിത്താസ് എന്ന സൗജന്യ കെയര്‍ ക്ലിനിക്കാണ് പ്രവര്‍ത്തനത്തിന്റെ 100 ദിനങ്ങള്‍ പിന്നിട്ടത്. ചടങ്ങില്‍ കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ ഡോ ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു .
2021 നവംബര്‍ മാസം എട്ടാം തീയതി ആരംഭിച്ച സൗജന്യ ചികിത്സാപദ്ധതിയാണിത്. ഇതിനിടയില്‍ തന്നെ 2750 പേര്‍ക്ക് സൗജന്യമായി ഒപി കണ്‍സള്‍ട്ടേഷനുകള്‍ നല്‍കുകയും മരുന്നുകള്‍ ലഭ്യമാക്കുകയും ചെയ്തുകഴിഞ്ഞു. നിരവധി ടെലിമെഡിസിന്‍ കണ്‍സള്‍ട്ടേഷനുകള്‍ക്ക് പുറമെ, 213 ഭവന സന്ദര്‍ശനകണ്‍സള്‍ട്ടേഷനുകളും, സൗജന്യമായി ലഭ്യമാക്കാന്‍ കാരിത്താസ് ആശുപത്രിക്ക് കഴിഞ്ഞു. ദിവസവും ശരാശരി 50ലധികം രോഗികള്‍, നിരവധി സൗജന്യ വാക്സിനേഷനുകള്‍ എന്നിവ ഇതുവരെ കാരിത്താസ് കെയര്‍ ക്ലിനിക്കിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കാരിത്താസ് ആശുപത്രി ഇവിടെ ലഭ്യമാക്കിയിരിക്കുന്ന ആംബുലന്‍സ് സംവിധാനം നിരവധി പേര്‍ക്ക് ഇതിനകം തന്നെ ആശ്വാസമായി കഴിഞ്ഞിരിക്കുകയാണ്. രണ്ട് ഡോക്ടര്‍മാര്‍, 4 നേഴ്‌സിങ് ഉദ്യാഗസ്ഥര്‍, 2 ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, 2 സോഷ്യല്‍ വര്‍ക്കര്‍മാര്‍, 1 പിആര്‍ഒ എന്നിങ്ങനെയുള്ള 11 അംഗസംഘമാണ് കഴിഞ്ഞ നൂറ് ദിനങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്നത്. പ്രകൃതി, ദുരന്തഭാവത്തില്‍ പേമാരിയായും ഉരുള്‍പൊട്ടലായും കൂട്ടിക്കലിലെ ജനങ്ങളുടെ നേരെ പെയ്ത് ഇറങ്ങിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒലിച്ചുപോയത് ഇവിടുത്തെ സാധാരണക്കാരന്റെ ജീവിതമാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ കൂട്ടിക്കലില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ദുരന്തങ്ങള്‍ എപ്പോഴും തളര്‍ത്തുന്നത് നമ്മുടെ ബാല്യങ്ങളെ ആണ്. ഇവിടെ കൂട്ടിക്കലിലും പ്രകൃതിദുരന്തം കുട്ടികളെയാണ് ആശങ്കയില്‍ ആഴ്ത്തിയത്. ആ ബാല്യങ്ങള്‍ക്ക് വേണ്ടിയുള്ള കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ് കാരിത്താസ് ആശുപത്രിയിപ്പോഴെന്ന് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ ഡോ ബിനു കുന്നത്ത് അറിയിച്ചു.