Breaking news

അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കി നന്മയുടെ പ്രകാശം പരത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കി നന്മയുടെ പ്രകാശം പരത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ വിതരണോദ്ഘാടനം ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുള്ള നല്ല മനോഭാവം നല്ല വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും സുമനസ്സുകളുടെ സഹകരണത്തോടെ ഓണ്‍ലൈന്‍ പഠനത്തിനായി ലഭ്യമാക്കുന്ന മൊബൈല്‍ ഫോണുകളുടെ നന്മ തിന്മകള്‍ തിരിച്ചറിഞ്ഞ് വേണ്ട രീതിയില്‍ ഉപയോഗിക്കുവാന്‍ കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിസന്ധിയുടെ ഈ സഹചര്യത്തില്‍ വിഷമത അനുഭവിക്കുന്ന താഴെത്തട്ടിലുള്ള ആളുകള്‍ക്ക് സഹായഹസ്തമൊരുക്കുമ്പോഴാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹമായി നാം മാറുന്നതെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കിടങ്ങൂര്‍ ഡിവിഷന്‍ ബ്ലോക്ക് മെമ്പര്‍ ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു. അമേരിക്കയിലെ ഡിട്രോയിറ്റ് സെന്റ്‌മേരീസ് ക്‌നാനായ ചര്‍ച്ച് മിഷന്‍ ലീഗ്് യൂണിറ്റുമായി സഹകരിച്ച് 10 കുട്ടികള്‍ക്കാണ് മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കിയത്.

Facebook Comments

knanayapathram

Read Previous

നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍

Read Next

മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു