കോട്ടയം : ശാസ്ത്രീയ അറിവുകളിലൂടെ സംരംഭകത്വ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിക്കുവാന്‍ സാധാരണക്കാര്‍ക്ക് സാധിക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംരംഭകത്വ വികസന സെമിനാറിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരോരുത്തരുടെയും ജീവിത സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് നടപ്പിലാക്കുവാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോര്‍ജ്ജ് കുര്യന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ നിത്യമോള്‍ ബാബു, നിഷ ജെയ്‌മോന്‍ എന്നിവര്‍ പ്രസംഗിച്ചു. സംരംഭകത്വ വികസന സെമിനാറിന് സാമൂഹ്യ പ്രവര്‍ത്തക ബബിത റ്റി ജെസ്സില്‍ നേതൃത്വം നല്‍കി. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നേതൃത്വ തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചത്.