സ്വന്തം ബസുകൾ കട്ടപ്പുറത്തു കയറിയപ്പോൾ ജീവിതമാർഗം തേടി കുതിരക്കുളമ്പടിക്കുപിന്നാലെ പോയയാളാണ് ഏറ്റുമാനൂർ വള്ളിക്കോട് പഴേമ്പള്ളി വീട്ടിൽ ഷിബി കുര്യൻ. ആനയും ആടും തമ്മിലുള്ളതുപോലൊരു ബന്ധമേ ബസും കുതിരയും തമ്മിലുള്ളൂവെന്ന് ഷിബിക്കറിയാം. കോവിഡ് കാലത്ത് ‘പഴേമ്പള്ളി’ വക നാലുബസുകൾ ഷെഡ്ഡിൽ കയറിയപ്പോൾ മറ്റൊരു വരുമാനത്തിനായി ഷിബി വാങ്ങിയത് നാലുകുതിരകളെ.കുതിരകൾവഴി മറ്റൊരുവരുമാനം തുറന്നിടുകയുംചെയ്തു. 6000 രൂപ നൽകിയാൽ ആരെയും 14 ദിവസംകൊണ്ട് കുതിരയോട്ടത്തിന്റെ ബാലപാഠം പഠിപ്പിക്കും. തുടർപഠനത്തിന് വീണ്ടും അവസരമുണ്ട്. 30 ദിവസത്തേക്ക് 12,000 രൂപ. നിലവിൽ 12 പേർ പഠിക്കുന്നുണ്ട്. ആദ്യം വാങ്ങിയ കുതിര ഗർഭിണി. അതോടെ മറ്റൊരു കുതിരയെക്കൂടി വാങ്ങി. പിന്നീട് രണ്ടെണ്ണത്തിനെക്കൂടി സ്വന്തമാക്കി. തൃശ്ശൂരിൽനിന്ന് പരിശീലകനെ എത്തിച്ചു. അയാൾവഴി ഷിബിയും മൂന്നുമക്കളും കുതിരയോട്ടം പഠിച്ചത് ഒരുമാസംകൊണ്ട്.കുതിരയോട്ട പരിശീലനത്തിന് ഒരിടം ഒരുക്കുകയെന്നൊരു ചിന്തയുണ്ടായത് അങ്ങനെയാണ്. കൊച്ചുകുട്ടികൾ ഉൾപ്പെടെ കുതിരസവാരി പഠിക്കാനെത്തുന്നു. മക്കളാണ് ഈവഴി പറഞ്ഞത്. ”പപ്പാ, കുതിരയെ വാങ്ങിയാൽ ഞങ്ങൾക്ക് കുതിരയോട്ടവും പഠിക്കാം, പപ്പയ്ക്ക് വരുമാനവുമാക്കാം”. കേട്ടപ്പോൾ വരുമാനത്തെക്കാൾ സ്വപ്‌നംപോലൊരു ഇഷ്ടംകൂടി സ്വന്തമാക്കാമല്ലോെയന്നു തോന്നി.
കേരളത്തിൽ കുതിരയെ എത്തിച്ചുനൽകുന്നവരിൽ നിന്നാണ് ഇവയെ വാങ്ങിയത്. ഈ കോവിഡ് കാലത്ത് ലക്ഷങ്ങൾ മുടക്കി കുതിരയെ വാങ്ങിയതിനു പരിഹസിച്ചവരാണ് പലരും. പക്ഷേ, അതൊന്നും ഇഷ്ടത്തിൽനിന്ന് പിന്തിരിപ്പിച്ചില്ല. ”ചിലർക്ക് ചില ഇഷ്ടങ്ങളില്ലേ.
പട്ടിയെയും പൂച്ചയെയും വളർത്തുന്നതുപോലൊരു ഇഷ്ടം” -ഷിബി പറയുന്നു.കുതിരപരിശീലനത്തിൽ മാത്രമല്ല, പരിപാലനത്തിലും ശ്രദ്ധിക്കുന്നുണ്ട് ഷിബി. ഓട്സ്, ബാർലി, ഗോതമ്പ്, ചോളപ്പൊടി, ഫ്ളേക്ക്, കടല, മുതിര, കാരറ്റ്, പച്ചപ്പുല്ല് എന്നിവയാണ് പ്രധാന ആഹാരം. ധാരാളം ശുദ്ധജലവും ഇടയ്ക്കിടെ നൽകണം.
ഇപ്പോൾ ഷിബിയുടെ വീട് ഉണരുന്നതും ഉറങ്ങുന്നതും കുതിരകൾക്കൊപ്പമാണ്. രാത്രിയിൽ കുതിരയുടെ കൂട് വൃത്തിയാക്കുന്നത് കുടുംബാംഗങ്ങൾ ഒന്നിച്ചാണ്. 28 ദിവസം കൂടുമ്പോൾ ലാടം ഉൾപ്പെടെയുള്ളവയ്ക്ക് വലിയ ചെലവുണ്ട്. ”എങ്കിലും മെല്ലെ
കുതിരകളിലൂടെ ഒരു വരുമാനം കിട്ടും”- ഷിബി സ്വപ്‌നംകാണുന്നതിനൊപ്പം കണക്കും കൂട്ടുകയാണ്. ബസിന്റെ വരുമാനത്തിനൊപ്പം ഓടിയെത്തുകയില്ലെന്നറിയാം. എന്നാലും വേഗവും കുതിരസവാരിയും ഇഷ്ടപ്പെടുന്ന ഷിബി എങ്ങനെ കുതിരയെ വേണ്ടെന്നുവെക്കും.