മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA
അതിരുകൾ അടയ്ക്കപ്പെട്ട, കൂട്ടിനെത്താൻ കൂട്ടരില്ലാത്ത കൊറോണക്കാലത്ത് UK യിലെ സമുദായാംഗങ്ങൾക്ക് വിരസതയിൽ നിന്നും വിമുക്തി നേടാൻ UKKCA സംഘടിപ്പിച്ചു ലോക്ക് ഡൗൺ ചലഞ്ച് പ്രസംഗ മത്സരം സാക്ഷിയായത് ആശയങ്ങളും അഭിപ്രായങ്ങളും വാക്കുകളിൽ വിസ്മയം വാരി വിതറിയ പോരാട്ടങ്ങളാണ്.സാമൂഹ്യ സമ്പർക്കങ്ങൾ നിഷേധിയ്ക്കപ്പെട്ടപ്പോൾ, ലഭിച്ച അധിക സമയം തകർപ്പൻ പ്രസംഗങ്ങളുടെ പരിശീലനത്തിനായി ഉപയോഗിയ്ക്കാനായതാവാം വിധികർത്താക്കളെ വെള്ളം കുടിപ്പിച്ച വീറുറ്റ മത്സരത്തിന് കാരണമായത്.അങ്കത്തിനിറങ്ങിയ അൻപതോളം മത്സരാർത്ഥികൾ മാറ്റേറിയ പ്രകടനവുമായി പ്രസംഗവേദിയിലെത്തിയപ്പോൾ മാറ്റി നിർത്തപ്പെട്ടവരാരും മോശക്കാരായിരുന്നില്ല. വാശിയേറിയ പോരാട്ടത്തിനൊടുവിൽ പുരുഷ കേസരികളെ പിന്നിലാക്കി വിജയകിരീടം നേടിയവർ മുഴുവനും, വളയിട്ട കൈകളുടെ ഉടമകളാണ് എന്ന പ്രത്യേകതയുമായാണ് പ്രസംഗ മത്സരഫലം പുറത്തു വരുന്നത്. BCN യൂണിറ്റ് സെക്രട്ടറിയുടെ ഭാര്യ കൂടിയായ റിയ റ്റിജോ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, രണ്ടാം സ്ഥാനം പങ്കിട്ടത് മാഞ്ചസ്റ്റർ യൂണിറ്റിലെ ജെസ്സി ജയ്മോനും, സ്റ്റോക്ക് ഓൺട്രൻഡ് യുണിറ്റംഗമായ മേഘ സിബിയുമാണ്. ലീഡ്സ് യൂണിറ്റിലെ ഗ്രേഷ്മ ജോബി യാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. മുഴുവൻ വിജയികൾക്കും UKKCA യുടെ അനുമോദനങ്ങൾ അറിയിക്കുന്നു.