Breaking news

ഗീവർഗീസ് മാർ അപ്രേം അഭിഷിക്തനായി

കോട്ടയം: യേശുവിന്റെ 12 അപ്പസ്‌തോലരിൽ ഒരാളായി വി. പിലിപ്പോസിന്റെ തിരുനാൾദിനത്തിൽ പ്രാർത്ഥനാപൂമഴ പെയ്തിറങ്ങിയ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചായേൽ രൂപതയുടെ സ്ഥാനികമെത്രാനും കോട്ടയം അതിരൂപതയുടെ സഹായമെത്രാനുമായി ഗീവർഗീസ് റമ്പാൻ അഭിഷിക്തനായി. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ തിരുവല്ല അതിരൂപതാധ്യക്ഷൻ തോമസ് മോർ കുറിലോസിന്റെ മുഖ്യകാർമികത്വത്തിലും കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിലിന്റെയും കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെയും സഹകാർമികത്വത്തിലും നടന്ന ഭക്തിസാന്ദ്രമായ തിരുക്കർമ്മങ്ങൾക്കിടയിലാണ് ഗീവർഗീസ് റമ്പാൻ ഗീവർഗീസ് മാർ അപ്രേം എന്ന പേരു സ്വീകരിച്ച് മേല്പട്ട ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്. കർത്താവിന്റെ സഭയിലെ അജപാലകനെന്ന ദൈവനിയോഗം ഏറ്റുവാങ്ങിയ ധന്യനിമിഷങ്ങൾക്ക് സഭയിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും അല്മായരും സാക്ഷ്യം വഹിച്ചു.

മലങ്കര ആരാധനാക്രമത്തിൽ മുഖ്യകാർമികൻ, ഒരുക്കശുശ്രൂഷകൾക്ക് നേതൃത്വം നല്കിയപ്പോൾ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് എല്ലാവർക്കും സ്വാഗതം അരുളി. ഒരുക്കശുശ്രൂഷയുടെ അവസാനം സഹകാർമികരോടൊപ്പം നിയുക്ത മെത്രാൻ മദ്ബഹായിൽ പ്രവേശിച്ചു. തുടർന്ന പ്രധാന കാർമികനും സഹകാർമികരും നിയുക്ത മെത്രാന് അഭിമുഖമായി നിന്നു. പ്രധാന കാർമികൻ പരിശുദ്ധ സഭയിൽ എപ്പിസ്‌കോപ്പ ആകുവാൻ പരിശുദ്ധ റൂഹാ അദ്ദേഹത്തെ വിളിക്കുന്നുവെന്നറിയിക്കുകയും അദ്ദേഹത്തിന്റെ സമ്മതം ആരായുകയും ചെയ്തു. നിയുക്ത മെത്രാൻ താൻ ആ പദവി സമ്മതിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ട് കാർമികരുടെ മുൻപിൽ സ്രാഷ്ടാംഗം വീണു മറുപടി നല്കി. തുടർന്ന് അദ്ദേഹത്തെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള പരിശുദ്ധ സിംഹാസനത്തിന്റെ കല്പന അതിരൂപത ചാൻസിലർ റവ. ഡോ. ജോൺ ചേന്നാക്കുഴിയും പ്രസ്തുത കല്പനയുടെ മലയാള പരിഭാഷ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടും വായിച്ചു. തുടർന്ന് വിശുദ്ധ കുർബാന മറമാറ്റി പരസ്യമായി ആരംഭിച്ചു. വി. കുർബാനയുടെ അവസാനത്തിൽ പ. മാതാവിനോടും വിശുദ്ധരോടുമുള്ള പ്രാർത്ഥനയ്ക്കുശേഷം മെത്രാഭിഷേക ശുശ്രൂഷ ആരംഭിച്ചു. പ്രാരംഭപ്രാർത്ഥനയ്ക്കുശേഷം പ്രധാന കാർമികൻ സ്ഥാനാർത്ഥിയുടെ ശിരസിൽ സുവിശേഷംവച്ചുകൊണ്ട് വായിച്ചു. പാലാ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വചനപ്രഘോഷണം നടത്തി. ചരിത്രവും പാരമ്പര്യവുമാണ് സഭയിലെ ഏറ്റവും വലിയ പ്രബോധകരെന്നും ക്‌നാനായസമുദായം ഈ ചരിത്രത്തെയും പാരമ്പര്യങ്ങളെയും എക്കാലവും കാത്തുസൂക്ഷിക്കുന്നവരാണെന്നും പിതാവ് പറഞ്ഞു. ആരാധനക്രമം എപ്പോഴും സഭയിൽ മുഖ്യസ്ഥാനത്തു നിൽക്കുന്നുവെന്നും ക്‌നാനായ സമുദായത്തിൽ ഇന്നു നടത്തപ്പെട്ട ഈ മെത്രാഭിഷേക ശുശ്രൂഷ സഭയിലെ തന്നെ ഒരു ചരിത്രസംഭവമാണെന്നും പിതാവ് കൂട്ടിച്ചേർത്തു. പ്രസംഗത്തിനുശേഷം നിയുക്ത മെത്രാൻ സഭയുടെ വിശ്വാസപ്രമാണവും സത്യപ്രതിജ്ഞയും വിശ്വാസികളെ സാക്ഷ്യനിർത്തി ഏറ്റുപറഞ്ഞു. തുടർന്ന് കാർമ്മികർ നിയുക്ത മെത്രാനെ ആശീർവദിച്ചു. തുടർന്നു നിയുക്ത മെത്രാൻ ത്രോണോസിന്റെ മുൻപിൽ മുട്ടിൻമേൽ നിന്നു. അപ്പോൾ പ്രധാന കാർമികൻ തന്റെ കാപ്പകൊണ്ട് അദ്ദേഹത്തെ മറച്ച് വി. കുർബാനയിന്മേൽ കൈകൾ ആവസിപ്പിച്ചു ആദ്ദേഹത്തിന്റെ ശിരസ്സിൽ മൂന്നുപ്രാവശ്യം വച്ചു. ഈ സമയം സഹകാർമികർ വി. സുവിശേഷം അദ്ദേഹത്തിന്റെ ശിരസ്സിനു മുകളിൽ പിടിച്ചുകൊണ്ടു നിൽക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് നിയുക്ത മെത്രാനു ഗീവർഗീസ് മാർ അപ്രേം എന്ന പുതിയ നാമം നല്കി അദ്ദേഹത്തെ എപ്പിസ്‌കോപ്പാ ആയി ഉയർത്തി. തുടർന്ന് എപ്പിസ്‌കോപ്പായുടെ സ്ഥാനവസ്ത്രങ്ങൾ ധരിപ്പിച്ച് കുരിശുമാല അണിയിച്ച് അജപാലനത്തിന്റെ അധികാരചിഹ്നമായ സ്ലീബാ കൈയിൽ കൊടുത്തു. അദ്ദേഹത്തെ സിംഹാസനത്തിൽ ഇരുത്തി ഇവൻ യോഗ്യനാകുന്നു എന്ന അർത്ഥമുള്ള ‘ഓക്‌സിയോസ്’ മൂന്നുപ്രാവശ്യം ചൊല്ലി മേല്‌പോട്ടു ഉയർത്തി. ഈ സമയം അഭിഷിക്തനായ മെത്രാൻ കൈക്കുരിശ് ഉയർത്തി വിശ്വാസികളെ ആശീർവദിച്ചു. അതിനുശേഷം അദ്ദേഹം സിംഹാസനത്തിൽ ഇരുന്നുകൊണ്ടുതന്നെ ഞാൻ നല്ല ഇടയനാകുന്നു എന്ന സുവിശേഷഭാഗം വായിച്ചു. തുടർന്നു ലുത്തിനിയ പ്രാർത്ഥന ചൊല്ലി. പ്രധാന കാർമികൻ മെത്രാനു അംശവടി നല്കുന്ന കർമ്മം നടത്തി. തുടർന്ന് പ്രധാന കാർമികൻ അഭിഷിക്തനായ മെത്രാനു, മെത്രാനടുത്ത ദൗത്യത്തെക്കുറിച്ചു രഹസ്യഉപദേശം നല്കി. ഈ സമയം വിശ്വാസിസമൂഹം പുതിയ പിതാവിനു ദൈവകൃപ ലഭിക്കാനായി പ്രാർത്ഥിച്ചു. തുടർന്ന് മെത്രാന്മാർ അദ്ദേഹത്തിനു സ്‌നേഹചുംബനം നല്കി. അദ്ദേഹം വിശ്വാസികളെ തനിക്കു ലഭിച്ച അംശവടി ഉയർത്തി ആശീർവദിച്ചു. ഇവയെതുടർന്ന് വി. കുർബാനയുടെ അവസാനഭാഗം പുതിയ മെത്രാൻ പൂർത്തീകരിച്ചു. വിജയപുരം രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ അനുമോദന സന്ദേശം നല്കി. ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, എബ്രഹാം മാർ ജൂലിയോസ്, മാർ ജോസഫ് പെരുന്തോട്ടം, കുറിയാക്കോസ് മാർ സേവേറിയോസ്, കുറിയാക്കോസ് മാർ ഗ്രീഗോറിയോസ്. തുടങ്ങിയവരും രാഷ്ട്രീയ, സാമൂഹിക, സമുദായ നേതാക്കന്മാരും കോട്ടയം അതിരൂപതയിലെ വൈദിക സമർപ്പിത അൽമായ പ്രതിനിധികളും പങ്കെടുത്തു. കോവിഡിന്റെ മാനദണ്ഡമനുസരിച്ചാണ് തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിരുന്നത്.

Facebook Comments

knanayapathram

Read Previous

വന്ദ്യ ഗീവര്‍ഗീസ്‌ റമ്പാന്റെ മെത്രാഭിഷേകം നവംബര്‍ 14-ന്‌  LIVE TELECASTING AVAILABLE  

Read Next

വെള്ളൂര്‍ തെക്കാട്ടില്‍ റ്റി.സി. തോമസ് (84) നിര്യാതനായി. LIVE TELECASTING AVAILABLE