പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ലേഖനമത്സരം സംഘടിപ്പിച്ചു. “2030-ലെ ഇന്ത്യ: എന്റെ കാഴ്ചപ്പാടിൽ” എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ 14 സ്‌കൂളുകളിൽ നിന്നായി 24 വിദ്യാർത്ഥികൾ പങ്കെടുത്തു. ഗൗരി പ്രമോദ് (സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂൾ കടുത്തുരുത്തി), റയാൻ ജോയ് (മാർ മാക്കീൽ പബ്ലിക് സ്‌കൂൾ കൈപ്പുഴ), അലിയ ആൻ ടോം (സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ പയ്യാവൂർ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഡോ. റബിൻ രാജൻ (മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം), മാണി പി പി (ഗവ. ബ്രണ്ണൻ കോളജ് തലശ്ശേരി), പ്രൊഫ. റോസമ്മ സെബാസ്റ്റ്യൻ (സെന്റ് മേരീസ് കോളജ് മണർകാട്), ഷിജു ആർ (ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ വടകര), ഡോ. അരുൺലാൽ (ഗവ. കോളജ് മൊകേരി) എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് വിധിനിർണയം നടത്തിയത്. വിജയികൾക്ക് 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ലിബിൻ കെ കുര്യൻ, റെജി തോമസ്, ബിനോയ് കെ എസ്, ബിനു ജേക്കബ്ബ് എന്നിവരടങ്ങുന്ന സമിതി മത്സര നടത്തിപ്പ് ഏകോപിപ്പിച്ചു. സ്‌കൂൾ മാനേജർ ഫാ. ജെയ്‌സൺ പള്ളിക്കര OSH, ഹെഡ്മിസ്ട്രസ് സി. റിൻസി SVM എന്നിവർ വിജയികളെ അനുമോദിച്ചു.