കോട്ടയം: കോവിഡ് മഹാമാരി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം കരുതലും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന പ്രതിരോധ കിറ്റുകളുടെ വിതരണോദ്‌ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവശ്യമായ പരിരക്ഷ നല്‍കുന്നതോടൊപ്പം കോവിഡ് രോഗ ബാധിതര്‍ക്ക് കരുതല്‍ ഒരുക്കുവാനും കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. ഗ്രേയിസണ്‍ വേങ്ങയ്‌ക്കല്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ ചങ്ങില്‍ സന്നിഹിതരായിരുന്നു. അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെ കോട്ടയം ജില്ലയിലെ ആയിരം കുടുംബങ്ങള്‍ക്കാണ് കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കോവിഡ് പ്രതിരോധത്തിനായുള്ള മാസ്‌ക്കുകള്‍, ഹാന്റ് വാഷ്, സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്.