കോട്ടയം: കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ വരുമാന സാധ്യതകള്‍ വനിതകള്‍ക്കായി ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃതത്തില്‍ അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഉഴവൂര്‍ മേഖലയില്‍ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. മെഷീനുകളുടെ വിതരണോദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രാജു, മോനിപ്പള്ളി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍, ഉഴവൂര്‍ മേഖല കോര്‍ഡിനേറ്റര്‍ സൗമ്യ ജോയി, ഉഴവൂര്‍ അനിമേറ്റര്‍ റാണി ടോമി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മേഖലയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 8 പേര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീനുകള്‍ ലഭ്യമാക്കിയത്. ഉഷ കമ്പനിയുടെ മോട്ടോറോടു കൂടിയ അബ്രല മെഷീനുകളാണ് ലഭ്യമാക്കിയത്. ലോക് ഡൗണ്‍ മൂലം വീട്ടില്‍ ഇരിക്കുന്ന വനിതകള്‍ക്ക് കോവിഡ് പ്രധിരോധത്തിനായുള്ള മാസ്‌ക് ഉള്‍പ്പടെയുള്ള തയ്യല്‍ ജോലികള്‍ ചെയ്തു വരുമാനം കണ്ടെത്തുവാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആണ് തയ്യല്‍ മെഷീന്‍ ചലഞ്ച് കെ.എസ്.എസ്.എസ് സംഘടിപ്പിച്ചത്.