കോവിഡ് -19 എന്ന മഹാമാരി ഇന്ത്യയില്‍ ഏറ്റവും തീവ്രമായത് ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തിലാണ്. മാര്‍ച്ച് 25 ന് മൂന്ന് ആഴ്‌ചത്തേക്ക് ആയി തുടങ്ങിയ അപ്രതീക്ഷിത ലോക്‌ഡൗണ്‍ നീണ്ടു പോയത് ഏവരെയും ദുരിതത്തിലാക്കി. ക്രിസ്‌തീയ സംഘടനകളും മലയാളി സമാജങ്ങളും ഉള്‍പ്പെടെയുള്ള ചില സാമൂഹിക സംഘടനകള്‍, പാവങ്ങള്‍ക്ക് ആഹാരവും പലവ്യജ്ഞനങ്ങളും വിതരണം ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും, പട്ടിണി കൂടിയപ്പോള്‍ ആളുകള്‍ നടന്നും സൈക്കിളുകളിലും ഒക്കെയായി ഉള്ളതെല്ലാം വാരിക്കെട്ടി ഒറ്റക്കും കൂട്ടമായും വിദൂരതയില്‍ ഉള്ള സ്വദേശങ്ങളിലേക്ക് പാലായനം തുടങ്ങി. ചില ജീവിതങ്ങള്‍ ആ പലായനങ്ങളില്‍ പൊലിഞ്ഞു. ജോലി നഷ്‌ടപ്പെട്ടവരും, ജോലി രാജി വെച്ചവരും തല്‍ക്കാലത്തേക്ക് മുംബൈയില്‍ വന്നവരും വിദ്യാര്‍ത്ഥികളും ഒക്കെയായി ഒത്തിരി മലയാളികള്‍ താമസിക്കുവാന്‍ സ്ഥലമില്ലാതെയും ആഹാരം ഉണ്ടാക്കുവാന്‍ സംവിധാനങ്ങള്‍ ഇല്ലാതെയും വരുമാനം ഇല്ലാതെയും കഷ്‌ടപ്പെടുന്നുണ്ടായിരുന്നു. എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള അവസരം ലഭിക്കണമെന്ന് അവര്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.മെയ് ആദ്യവാരം ലോക്‌ഡൗണില്‍ ഇളവുകള്‍ വരുത്തിയപ്പോള്‍ റോഡ് മാര്‍ഗം നാട്ടില്‍ പോകാം എന്നായി. നാട്ടില്‍ പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതലും ഒറ്റയ്‌ക്ക് താമസിക്കുന്നവര്‍ ആയിരുന്നു. പക്ഷേ, ഒരു ടാക്‌സി വിളിച്ചു നാട്ടില്‍ പോകുവാന്‍ അവര്‍ക്ക് ഒത്തിരി തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ഒരു ചെറിയ കാറില്‍ ഡ്രൈവര്‍ കൂടാതെ മൂന്നു പേര്‍ക്കേ പോകത്തുള്ളൂ. ഡ്രൈവര്‍ തിരികെ വന്ന് 14 ദിവസം ക്വാറന്റീനില്‍ ഇരിക്കണം. വണ്ടി തിരികെ വരുമ്പോള്‍ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ അതിനും കൂടിയുള്ള വാടക കൊടുക്കണം. അതിനാല്‍ ഒരു ടാക്‌സി വിളിച്ചാല്‍ മിനിമം 50,000 രൂപ കൊടുക്കണം. പോകുന്നവര്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് പാസ് എടുക്കണം. അത് കിട്ടുവാനുള്ള വഴികള്‍ പലര്‍ക്കും അറിയില്ല. മുംബൈയുടെ വിവിധ ഭാഗങ്ങളിലായി പരസ്‌പരബന്ധമില്ലാതെ ചിതറിക്കിടക്കുന്ന ഇവരെ ഒന്നിച്ചു കൂട്ടി ചുരുങ്ങിയ ചെലവില്‍ നാട്ടില്‍ എത്തിക്കുവാന്‍ ഒരു ഓര്‍ഗനൈസര്‍ ആവശ്യമാണെന്ന് മനസിലാക്കിയ ബോംബെ ക്‌നാനായ സൊസൈറ്റി ആ ദൗത്യം ഏറ്റെടുക്കുവാന്‍ തീരുമാനിച്ചു. നാട്ടില്‍ നിന്നും ബസ് വരുത്തുന്നതാണ് കൂടുതല്‍ ലാഭകരം എന്നും ഒരു ബസ്സില്‍ 25 ലധികം യാത്രക്കാര്‍ പാടില്ലെന്നും മനസിലാക്കി. പോകുവാന്‍ ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നെങ്കിലും മുന്‍ഗണാക്രമത്തില്‍ 25 പേരെ തിരഞ്ഞെടുത്തു അവര്‍ക്കാവശ്യമായ പാസുകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ കെ.സി.വൈ.എല്‍. ബോംബെ ശരിയാക്കി കൊടുത്തു. അങ്ങനെ മെയ് 17 ന് 25 പേരുമായി ആദ്യത്തെ ബസ് മുംബൈയില്‍ നിന്ന് കോട്ടയത്തേക്ക് യാത്രയായി. യാത്രക്കാരില്‍ അധികവും പെണ്‍കുട്ടികള്‍ ആയിരുന്നു. അവരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുക എന്നത് വിഷമം നിറഞ്ഞ ഒരു ദൗത്യം ആയിരുന്നു. ഹോട്ടലുകള്‍ തുറക്കുന്നില്ലാത്തതിനാല്‍, യാത്രക്കിടയില്‍ ആഹാരം കഴിക്കുക, പ്രാഥമിക ആവശ്യങ്ങള്‍ നടത്തുക, എന്നൊക്കെ ബുദ്ധിമുട്ടായിരുന്നു. വഴിയിലുള്ള ക്രിസ്‌തീയ സ്ഥാപനങ്ങളില്‍ അതിനുള്ള സൗകര്യങ്ങള്‍ ഫാ. മാത്യു കൊരട്ടിയില്‍ ഒരുക്കിത്തന്നു. കേരളത്തില്‍ എത്തി അതിര്‍ത്തി സുഗമമായി കടക്കുന്നതിനും തുടര്‍ന്നുള്ള യാത്രക്കും വേണ്ട സഹായ സഹകരണങ്ങള്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബാബു കദളിമറ്റത്തിലില്‍ നിന്നും ലഭിച്ചു. മുംബൈയിലെ വിവിധ സംഘടനകള്‍ ആളുകളെ നാട്ടില്‍ എത്തിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും വിജയിക്കുന്നുണ്ടായിരുന്നില്ല. നമ്മള്‍ ഒരു യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയതിനാല്‍, മറ്റ് സംഘടനകള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുവാന്‍ സാധിച്ചു. ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നതിനാല്‍ തുടര്‍ന്ന് പല ഘട്ടങ്ങളിലായി 7 ബസുകളിലും 2 ടെമ്പോ ട്രാവലറുകളിലുമായി ആളുകളെ നാട്ടിലേക്ക് യാത്രയാക്കി. അതുകൂടാതെ, മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും നഴ്‌സിംങ് വിദ്യാര്‍ത്ഥികളെയും നാട്ടിലെത്തിച്ചു. മഹാരാഷ്‌ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നാട്ടിലേക്ക് സൗജന്യ ട്രെയിന്‍ യാത്ര ഒരുക്കിയപ്പോള്‍ ബോംബെ ക്‌നാനായ സൊസൈറ്റി അവരുമായി ബന്ധപ്പെടുകയും അന്‍പതോളം പേരെ ആ ട്രെയിനില്‍ നാട്ടില്‍ എത്തിക്കുകയും ചെയ്‌തു. ഈ ദുരിത സമയത്ത് മുന്നൂറോളം പേരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുവാന്‍ ബോംബെ ക്‌നാനായ സൊസൈറ്റിക്കു സാധിച്ചു. ഈ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നവരുടെ ജാതിയോ മതമോ നോക്കാതെ ആവശ്യമുള്ളവര്‍ക്ക് എല്ലാം സഹായവും നല്‍കി.ഈ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച ബോംബെ ക്‌നാനായ സൊസൈറ്റി പ്രസിഡന്റ് ജോസ് തോമസ് വിരുത്തകുളങ്ങരക്കും മുന്‍ പ്രസിഡന്റ് ജിമ്മി ലൂക്കോസ് എരുമേലിക്കരക്കും ഇതിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്ത കെ.സി.വൈ.എല്‍ പ്രസിഡന്റ് രൂപേഷ് വെട്ടിക്കുന്നേലിനും ജിബിന്‍ ജോസുകുട്ടി തേനകരയ്‌ക്കും മുംബൈ ക്‌നാനായ സൊസൈറ്റിക്കും കെ.സി.വൈ.ല്‍ മുംബൈയ്‌ക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.