മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ(UKKCA PRO)
ലോക്ക്ഡൗൺ കാലത്ത് UKKCA അണിയിച്ചൊരുക്കിയ ക്നാനായ സംഗീതനിശ പങ്കാളികളുടെ ബാഹുല്യം കൊണ്ടും ആസൂത്രണ മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. UK യിലെ ഏറ്റവും അധികം ക്നാനായ ഗായകർ ഒരേ സമയം പങ്കെടുക്കുന്ന വേദി സംഘാടകർക്ക് സമ്മാനിച്ചത് അഭിമാനത്തിൻ്റെയും സന്തോഷത്തിൻ്റെയും നിമിഷങ്ങൾ. ഈസ്റ്റ് ലണ്ടൻ മുതൽ നോർത്തേൺ അയർലണ്ട് വരെയുള്ള UKKCA യൂണിറ്റുകളിൽ നിന്ന് സംഗീതനിശയിൽ പങ്കെടുത്തത് തെരെഞ്ഞെടുക്കപ്പെട്ട നാൽപ്പതോളം പേർ.കൂടാരയോഗങ്ങളിലും വി: കുർബാനകളിലും ക്നാനായ കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്ന അനുഗ്രഹീത ഗായകർക്ക് വളരെ നാളുകൾക്കു ശേഷം പാടാൻ അവസരം ലഭിച്ചപ്പോൾ അവർ പൂക്കളിൽ നിന്നും പൂക്കളിലേക്ക് പാറിപ്പറക്കുന്ന പൂമ്പാറ്റകളെപ്പോലെ പോലെ സന്തോഷഭരിതരായി ദുരിതകാലം മറന്നു.
ക്നാനായ സഹോദരങ്ങൾ നേരിൽ കണ്ടും പ്രോൽസാഹിപ്പിച്ചും അഭിനന്ദിച്ചും പാട്ടുകൾ പാടിയപ്പോൾ കടന്ന് പോയത് നീണ്ട അഞ്ചു മണിക്കൂറുകൾ. തുടക്കം മുതൽ അവസാനം വരെ ഒരു ചെറിയ പരാതി പോലുമില്ലാതെ, പാട്ടുകൾ തമ്മിൽ അല്പ്പം പോലും ഇട വേളയില്ലാതെ, അതി മനോഹരമായി സംഗീതനിശ നിയന്ത്രിച്ച UKKCA ജോയൻറ് സെക്രട്ടറി ലൂബി മാത്യൂസ് വെള്ളാപ്പള്ളിയെ പങ്കെടുത്ത ഗായകർ പ്രശംസിക്കാൻ മത്സരിച്ചത് ഏറെ ശ്രദ്ധേയമായി. സംഗീതനിശ ഉത്ഘാടനം ചെയ്യാനെത്തിയ ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷൻ ചാപ്ലയൻ ഫാ: ഷൻജു കൊച്ചുപറമ്പിൽ ക്രൈസ്തവ ഭക്തിഗാനമാലപിച്ച് ഉത്ഘാടനം നിർവ്വഹിച്ചത് പരിപാടിക്ക് നല്ലൊരു തുടക്കമായി. ബ്രൻമാവ്, കാർഡിഫ് & ന്യൂപോർട്ട് യൂണിറ്റ് ഭാരവാഹി കൂടിയായ റ്റിജോയാണ് സംഗീത നിശയുടെ സാങ്കേതിക സഹായങ്ങൾ നിർവഹിച്ചത്. UKKCA പ്രസിഡൻ്റ് തോമസ് ജോൺ വാരികാട്ട് ആശംസാപ്രസംഗത്തിൽ ഈ സംഗീത കൂട്ടായ്മ UK യിലെ ക്നാനായക്കാർക്ക് അഭിമാനമേകുന്ന ഒരു കൂട്ടായ്മയായി വളരട്ടെ എന്ന് ആശംസിച്ചു. UKKCA ജനറൽ സെക്രട്ടറി ജിജി വരിക്കാശ്ശേരി സ്വാഗതവും, വൈസ് പ്രസിഡൻ്റ് ബിജി മാങ്കൂട്ടത്തിൽ നന്ദിയും പറഞ്ഞു.
ആഗോള ക്നാനായ ജനതയ്ക്കായി ഈ സംഗീതനിശ വരും ദിനങ്ങളിൽ പ്രക്ഷേപണം ചെയ്യുന്നതാണ്.