കോട്ടയം: കോവിഡ് മൂലമുണ്ടാകാവുന്ന ഭക്ഷ്യപ്രതിസന്ധി അതിജീവനത്തിനായി കോട്ടയം അതിരൂപത നടപ്പിലാക്കുന്ന സമഗ്ര കാർഷികസമൃദ്ധി പദ്ധതിയോടു ചേർന്ന് അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഫലവൃക്ഷ വ്യാപന പദ്ധതിക്കു തുടക്കമായി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ ജോസിന് ഫലവൃക്ഷത്തൈ നൽകിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.വൈ.എൽ അതിരൂപതാ ചാപ്ലെയിൻ ഫാ. സന്തോഷ് മുല്ലമംഗലത്ത്, ഭാരവാഹികളായ അനിറ്റ് ചാക്കോ, ബോഹിത് ജോൺസൺ, അച്ചു അന്ന ടോം, ഷെല്ലി ആലപ്പാട്ട്, ജോസുകുട്ടി ജോസഫ് എന്നിവർ പങ്കെടുത്തു. യൂണിറ്റ്-ഫൊറോന- അതിരൂപതാ തലങ്ങളിൽ ചതുർദിന ഫലവൃക്ഷ ചലഞ്ചായാണ് കെ.സി.വൈ.എൽ ഫലവൃക്ഷവ്യാപന പദ്ധതി നടപ്പിലാക്കുന്നത്. നൂറ്റിമുപ്പത്തിരണ്ട് കെ.സി.വൈ.എൽ യൂണിറ്റുകളിലൂടെ പതിനായിരം ഫലവൃക്ഷത്തൈകൾ നട്ടുസംരക്ഷിക്കുമെന്ന് കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ ജോസ് അറിയിച്ചു.