Breaking news

ഇരുപത്തിരണ്ടാമത് യു കെ കെ സി എ കൺവെൻഷൻ ടെൽഫോർഡ് ഇന്റർനാഷണൽ സെന്ററിൽ ജനസഹസ്രങ്ങളുടെ പങ്കാളിത്തം കൊണ്ട് പുതു ചരിത്രം ആയി

ജോഷി പുലിക്കൂട്ടിൽ

ഇരുപത്തിരണ്ടാമത് യു കെ കെ സി എ കൺവെൻഷൻ ടെൽഫോർഡ് ഇന്റർനാഷണൽ സെന്ററിൽ ജനസഹസ്രങ്ങളുടെ പങ്കാളിത്തം കൊണ്ട് പുതു ചരിത്രം ആയി .

രാവിലെ 9 മണിക്ക് പ്രസിഡന്റ് സിബി കണ്ടതിൽ പതാക ഉയർത്തിയതോടെ ഔദ്യോഗികമായി ആരംഭിച്ച 22മത് കൺവെൻഷൻ തുടർന്ന് ഫാദർ സ്റ്റീഫൻ ജയരാജ്, ഫാദർ ഷഞ്ജു കൊച്ചു പറമ്പിൽ എന്നിവർ ഭക്തിസാന്ദ്രമായ ദിവ്യബലി അർപ്പിച്ചു. കുർബാന മധ്യേ ഇങ്ങനെയുള്ള ക്നാനായ സംഗമം നടത്തുമ്പോൾ അത് നമ്മുടെ ബലം ആണെന്നും എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും ഫാദർ സഞ്ജു കൊച്ചു പറമ്പിൽ ഓർമിപ്പിച്ചു.

പതിവിൽ നിന്ന് വ്യത്യസ്തമായി വിശുദ്ധ കുർബാനയ്ക്കു ശേഷം ആരംഭിച്ച കൾച്ചറൽ പരിപാടിയിൽ വേദപാഠ അധ്യാപകർക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് മുന്നേറുന്ന ക്നാനായ പ്രതിഭകൾക്കും മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറിയപ്പോൾ കാണികൾ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും നിറകോടിയിലെത്തി.

അവതാരകരായ അലൻ , സനൽ എന്നിവർ കാണികളുടെ മനസ്സറിഞ്ഞ് സദസ്സ് ഏറ്റെടുത്തപ്പോൾ വേറിട്ട ഒരു അനുഭവമാണ് ഉണ്ടായത്. പുതിയ തലമുറയുടെ തരംഗമായ ഗാനങ്ങളുടെ തുടർച്ചയുമായി സ്റ്റേജ് പരിപാടി ആരംഭിച്ച് ജിംനാസ്റ്റിക്കിന്റെ മാസ്മരിക ലോകത്തിലൂടെ , ക്ലാസിക്കൽ നൃത്ത ചൂവടിലൂടെ, മനം മയക്കുന്ന ഫാഷൻ ഷോയിലൂടെ, മാർഗംകളിലൂടെ, സംഘനൃത്തത്തിലൂടെ, യുവജന സംഘടനയായ കെസിവൈലിന്റെ നൃത്ത ചൂവടുകളിലൂടെ തുടർച്ചയായി അരങ്ങിലെത്തിയപ്പോൾ കാണികൾ ആനന്ദ സാഗരത്തിലായി. ഏതൊരു കലാകാരനെ സംബന്ധിച്ചിടത്തോളം യൂറോപ്പിൽ കിട്ടാവുന്ന ഏറ്റവും വലിയ സദസിന്റെ മുന്നിൽ തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി ഓരോ കലാകാരനിലും കാണാമായിരുന്നു.

തുടർന്ന് നടന്ന സമുദായ റാലി യുകെയിലെ ക്നാനായക്കാരുടെ സംഘടന ബലത്തിന്റെയും സൗഹൃദത്തിന്റെയും ക്നാനായ സംസ്കാരത്തിന്റെയും ശക്തി വിളിച്ചോതുന്നതായിരുന്നു. പ്രതികൂലമായ കാലാവസ്ഥയിൽ റാലി അസാധ്യമെന്ന് എല്ലാവരും പറഞ്ഞപ്പോൾ നാലുദിവസമായി ഊണും ഉറക്കവും ഇല്ലാതെ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ അനുഭവിച്ച വേദന തുടർന്ന് യുകെയിലെ ക്നാനായ സമുദായത്തിന്റെ മാസങ്ങളായുള്ള റാലിയുടെ ഒരുക്കങ്ങളുടെ വേദന മനസ്സിലാക്കിയ സെൻട്രൽ കമ്മിറ്റി കൺവെൻഷൻ സെന്ററിന്റെ അധികാരികളുടെ മുമ്പിൽ താഴ്മയുടെ ഏറ്റവും വിനീതമായ രീതിയിൽ നിന്നുകൊണ്ടാണ് ഈ റാലിക്ക് അനുവാദം വാങ്ങിയത് എന്ന് ജനറൽ സെക്രട്ടറി സിറിൽ പനങ്കാല പറഞ്ഞപ്പോൾ തങ്ങളുടെ മനസ്സറിയുന്ന ഒരു നേതൃത്വത്തെയാണ് ക്നാനായ സമുദായം തങ്ങളെ നയിക്കാൻ തെരഞ്ഞെടുത്തത് എന്നത് ഓരോ ക്നാനായക്കാരനും അഭിമാനമായി.

വിവിധ കാറ്റഗറികളിലായി കേരളീയ തനത് വേഷരീതികളിൽ ക്നാനായ കേരളീയ ഭാരതീയ ആംഗലേയ സംസ്കാരങ്ങൾ കോർത്തിണക്കി മുന്നേറിയ സമുദായ റാലിയിൽ തങ്ങളുടെ രൂപത കോട്ടയം ആണെന്നും മാതൃ ഇടവകയുമായുള്ള പൂക്കൾകൊടി ബന്ധം ആർക്കും മുറിച്ചു മാറ്റുവാൻ സാധിക്കില്ല എന്നും ഉറക്കെ വിളിച്ചു പറഞ്ഞു ക്നാനായക്കാർ നടന്നു നീങ്ങിയപ്പോൾ കത്തുന്ന സൂര്യന്റെ ചൂടിനും അപ്പുറം ക്നാനായത്വം എന്ന വികാരം നെഞ്ചിലേറ്റിയ ഒരു സമൂഹത്തിന്റെ ഒരുമയുടെ , നിലനിൽപ്പിനായിയുള്ള പോരാട്ടത്തിന്റെ പ്രതിഫലനമായിരുന്നു റാലിയിൽ കാണുവാൻ സാധിച്ചത്.

ആവേശകരമായ റാലിയുടെ മത്സരത്തിൽ നിരവധി വർഷങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബർമിങ്ഹാം യൂണിറ്റ് ഇത്തവണ തങ്ങൾക്ക് സമ്മാനം വേണ്ട എന്ന് പ്രഖ്യാപനത്തിലൂടെ ക്നാനായ സാഹോദര്യത്തിന്റെ ഉദാഹരണമായപ്പോൾ കാറ്റഗറി D യിൽ മാഞ്ചസ്റ്റർ, കവൻട്രി, ലെസ്റ്റർ എന്നിവരും കാറ്റഗറി C യിൽ സ്റ്റോക്ക് ഓൻ ട്രെന്റ്, ഇസ്‌പ്വിച്ച്, നോട്ടിങ് ഹാം എന്നിവരും കാറ്റഗറി B യിൽ നോർത്ത് വെസ്റ്റ് ലണ്ടൻ, ഈസ്റ്റ് ആംഗ്ലിയ, ഓക്സ്ഫോർഡ് എന്നിവരും കാറ്റഗറി A യിൽ ഈസ്റ്റ് ലണ്ടൻ, മെഡ് വെ , കെന്റാൽ എന്നിവരും വിജയികളായി.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ നിരവധി സമുദായ നേതാക്കളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്നത്. യു കെ സിയുടെ ആദരണീയനായ പ്രസിഡന്റ് സിബി കണ്ടത്തിൽ തന്റെ പ്രസംഗത്തിൽ തങ്ങളുടെ നിലനിൽപിനായുള്ള യുകെയിലെ ക്നാനായ മക്കളുടെ പോരാട്ടത്തിന്റെ നേർക്കാഴ്ചയാണ് തിങ്ങി നിറഞ്ഞ ഈ ജനസഞ്ചയം എന്ന് ആത്മീയ നേതൃത്വം മനസ്സിലാക്കണമെന്ന് ഓർമിപ്പിച്ചു. ക്നാനായ സമുദായം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ വിളിച്ചു പറയുവാനുള്ള ആർജ്ജവം കാണിച്ച പ്രസിഡന്റ് തങ്ങളുടെ ആത്മസ്ഥിതി മാതൃ ഇടവകയിലും കോട്ടയം രൂപതയിലും ഉറപ്പിച്ച് നിർത്തുവാനുള്ള ക്നാനായക്കാരുടെ മനസ്സ് തിരിച്ചറിയാൻ പറ്റാത്ത രൂപതാ നേതൃത്വം തങ്ങളുടെ കുഞ്ഞാടുകളെ തേടാൻ മടിക്കുന്ന ഇടയരെ പോലെ മാറുന്നത് യുകെയിലെ ക്നാനായ സമുദായത്തെ ഒട്ടേറെ വേദനിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോൾ ക്നാനായക്കാരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു നേതൃത്വത്തെ തെരഞ്ഞെടുത്തതിൽ അഭിമാനിക്കുന്ന ജനക്കൂട്ടത്തെയാണ് അവരുടെ ഹർഷാരവങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിച്ചത്.

മുഖ്യ പ്രഭാഷകനായ ഫാദർ സ്റ്റീഫൻ ജയരാജ് നിങ്ങൾ ലോകത്തിന്റെ അതിർത്തി വരെ പോയി എന്റെ സുവിശേഷം പ്രസംഗിച്ച് എന്നിൽ വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തി മുന്നോട്ടു പോകുവാൻ ചുമതലപ്പെടുത്തിയ യേശുക്രിസ്തുവിന്റെ പ്രേക്ഷിത ചൈതന്യം ഉൾക്കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്ന വൈദികർ തങ്ങളുടെ കൂദാശകൾ മറക്കരുത് എന്ന് ഓർമിപ്പിച്ചപ്പോൾ ടെൽ ഫോർഡ്‌ ഇന്റർനാഷണൽ സെന്റർ തിങ്ങി നിറഞ്ഞ ജനക്കൂട്ടം ആരവത്തോടെയാണ് ആ വാക്കുകളെ സ്വീകരിച്ചത്. ഇന്ന് ഇവിടെ ഉണ്ടാകേണ്ടിയിരുന്ന ആത്മീയ നേതൃത്വം തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും പ്രേക്ഷിത പ്രവർത്തനത്തിൽ തന്നെ ഏൽപ്പിച്ച പ്രേക്ഷിത വേലയുടെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് ക്രിസ്തുവിൽ മുന്നേറുന്നതു കൊണ്ടാണ് 84 ആം വയസ്സിലും തന്നെ ഇവിടെ എത്തുവാൻ പ്രേരിപ്പിച്ചത് എന്ന് ജയരാജ് അച്ചൻ പറഞ്ഞപ്പോൾ കുഞ്ഞാടുകളെ മറന്ന ഇടയനെ ഓർത്ത് വേദനിക്കുന്ന യുകെയിലെ ക്നാനായ സമുദായ അംഗങ്ങൾ തങ്ങളുടെ മനസ്സ് തിരിച്ചറിഞ്ഞ് ഒരു ആത്മീയ ആചാര്യനെയാണ് ജയരാജച്ചനിൽ ദർശിച്ചത്.
യുകെയിലെ മലയാളികളുടെ  അഭിമാനമായ ആഷ്ഫോർഡ് MP സോജൻ ജോസഫ് തന്റെ പ്രസംഗത്തിൽ ഉടനീളം താങ്കളുടെ നിലനിൽപ്പിനായുള്ള ക്നാനായ സമുദായത്തിന്റെ ആവശ്യം പൗരോഹിത്യ നേതൃത്വം തിരിച്ചറിഞ്ഞില്ല എങ്കിൽ മുൻകാലങ്ങളിൽ പൗരോഹിത്യ ധാർഷ്ട്യത്തിന്റെ പരിണിതഫലമായി ഇന്ന് ഈ രാജ്യത്ത് ഉണ്ടായ ആത്മീയ അരക്ഷിതാവസ്ഥ കേരള ക്രൈസ്തവ സഭകൾ അനുഭവിക്കേണ്ടി വരും എന്ന് ഓർമിപ്പിച്ചു. ആത്മീയത ഇന്നത്തെ സഭാ നേതൃത്വത്തിൽ നിന്ന് ഒട്ടേറെ അകലത്തിൽ ആണെന്ന സത്യം നേതൃത്വം മനസ്സിലാക്കി തിരുത്തലുകൾ വരുത്തുമ്പോഴാണ് സഭയുടെ വളർച്ച ഉണ്ടാകുന്നത് എന്ന് എംപി ഓർമിപ്പിച്ചു.
പ്രൗഢഗംഭീരമായ പൊതുസമ്മേളനത്തിനുശേഷം പ്രശസ്ത സിനിമാതാരം ടിനി ടോമിന്റെ നേതൃത്വത്തിൽ നടന്ന സ്റ്റേജ് ഷോ കൺവെൻഷന് പങ്കെടുത്തവർക്ക് അധിക സമ്മാനമായി മാറി.
രാവിലെ മുതൽ യുകെയിൽ അങ്ങോളമിങ്ങോളം ഉള്ള തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സംഗമ വേദിയായി മാറിയ കൺവെൻഷൻ ക്നാനായ സാഹോദര്യസ്നേഹത്തിന്റെ നേർക്കാഴ്ചയായിരുന്നു. തങ്ങളുടെ അടുക്കളയിൽ ഉണ്ടാക്കിയ രുചിയേറിയ ഭക്ഷണങ്ങൾ സ്വന്തം കാറുകളിൽ തുറന്നു വച്ച് എല്ലാവർക്കും പങ്കുവയ്ക്കുന്ന ആൾക്കാരെയാണ് കാർ പാർക്കിംഗ് ഉടനീളം കാണുവാൻ സാധിച്ചത്. തങ്ങളിൽ തങ്ങളിൽ അൻപോടെ തഴുകി സ്നേഹബന്ധങ്ങൾ പുതുക്കി, മാതൃ ഇടവകയുടെ , പഠിച്ചിരുന്ന സ്കൂളുകളുടെ , കോളേജുകളുടെ , നാട്ടുകൂട്ടങ്ങളിലൂടെ ഓടിനടന്ന് സൗഹൃദം പുതുക്കുന്ന ഒരു ജനതയുടെ സംഗമം അവസാനിച്ചപ്പോൾ അടുത്ത വർഷം വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിയുന്ന ജനക്കൂട്ടം ലോകത്ത് ക്നാനായകാർക്ക് അല്ലാതെ ഇങ്ങനെ ചെയ്യുവാൻ സാധിക്കില്ല എന്ന് പൊതുസമൂഹത്തെ ഓർമിപ്പിക്കുന്നതായി മാറി. ഇത്രയും വെല്ലുവിളികൾ നേരിടേണ്ടി വന്ന സാഹചര്യത്തിലും അതിന്റെ എല്ലാ ഉത്തരവാദിത്വവും അതിമനോഹരമായി നിർവഹിച്ച വിവിധ കമ്മറ്റികൾക്കും ഇത് തങ്ങളുടെ മാമാങ്കം ആണ് എന്ന് തിരിച്ചറിഞ്ഞ എല്ലാ ക്നാനായക്കാർക്കും അഭിവാദ്യങ്ങൾ.

Facebook Comments

Read Previous

വെള്ളൂത്തുരുത്തി മുണ്ടിയത്തറയിൽ വി.എ.തോമസ് (75, Ex. Army) നിര്യാതനായി.

Read Next

ആവേശക്കടലായി ക്നാനായക്കാർ…. ആഘോഷമാക്കി യുവത്വം….. UKKCA കൺവെൻഷന് ഗംഭീര പരിസമാപ്തി