Breaking news

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി ∙ പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. വത്തിക്കാനിലെ മേറ്റര്‍ എക്‌സീസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു വിയോഗം. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം. ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിങ്ങറാണ് ബനഡിക്‌ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാര്‍പാപ്പയായത്

1927 ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്‌ത്തലിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്‌സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്സിങ്ങർ ജനിച്ചത്. 14 വയസ്സുള്ളപ്പോൾ 1941 ൽ  ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടെങ്കിലും സജീവമായി പ്രവർത്തിച്ചില്ല. 1945 ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്‌ബിഷപ്പായി.

1980 ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബർ 25നു ‘ഡൊക്‌ട്രിൻ ഓഫ് ഫെയ്‌ത്’ സമൂഹത്തിന്റെ പ്രിഫെക്‌ടായി ചുമതലയേറ്റു. 2002 ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്‌റ്റിയ ആർച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്‌സിങ്ങർ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്‌ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28നു സ്ഥാനത്യാഗം ചെയ്തു.കൗമാരത്തിൽത്തന്നെ ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ നിർബന്ധപൂർവം ചേർക്കപ്പെട്ട അദ്ദേഹം നാത്‌സി സൈന്യത്തിന്റെ കോൺസൻട്രേഷൻ ക്യാംപുകളിൽ ജൂതർ അനുഭവിച്ച പീഡനങ്ങൾക്കു സാക്ഷിയായി. അതിന്റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്.

Facebook Comments

knanayapathram

Read Previous

എം കെ സി എ യുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം നടത്തപ്പെട്ടു

Read Next

ഇപ്സ്വിച് ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം