Breaking news

ഡോ. മേരി കളപ്പുരയ്ക്കല്‍; കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അമ്മയും കോട്ടയം അതിരൂപതയുടെ വളര്‍ത്തമ്മയും

2022 സെപ്തംബര്‍14 ന് ആഗോളകത്തോലിക്കാസഭ കുരിശിന്റെ പുകഴ്ചയുടെതിരുനാള്‍ ഒരുവട്ടംകൂടി ആചരിക്കുമ്പോള്‍ ഡോ. മേരി കളപ്പുരയ്ക്കല്‍ എന്ന കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ അംഗത്തെ സംബന്ധിച്ചിടത്തോളം അത് സവിശേഷമായ നിമിഷവും അവിസ്മരണീയമായ സുദിനവുമാകുന്നു. കാരണം കോട്ടയം രൂപതാധ്യക്ഷനായിരുന്ന യശ്ശശരീരനായ മാര്‍ തോമസ് തറയിലിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെയും ഡോ. മേരി സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യം അംഗമായതിന്റെയും 65 ാം വര്‍ഷമാണ് ഇത്. ഇന്നേയ്ക്ക് 65 വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1957 സെപ്തംബര്‍ 14 നായിരുന്നു മാര്‍.തോമസ് തറയിലിന്റെ മുമ്പാകെ,കാരിത്താസ് സെക്കുലര്‍ സമര്‍പ്പിത സമൂഹത്തിലെ ആദ്യ അംഗമായി മേരി പ്രഥമ വാഗ്ദാനം നടത്തിയത്.
ഭാരത കത്തോലിക്കാ സഭയിൽ അന്നുവരെയുണ്ടായിരുന്ന സന്യാസജീവിതത്തിന്റെ നടപ്പുവഴികളില്‍ നിന്നുള്ള അതിധീരമായ മാറിനടപ്പും പുത്തന്‍ അടയാളപ്പെടുത്തലുമായിരുന്നു മാര്‍. തോമസ് തറയിലിന്റെ സ്വപ്‌നത്തിലുള്ള സെക്കുലര്‍ സമര്‍പ്പിത സമൂഹം. വേഷം കൊണ്ട് കന്യാസ്ത്രീമാരെ വേര്‍തിരിച്ചറിഞ്ഞിരുന്ന കേരളസമൂഹത്തില്‍ സാധാരണക്കാരുടെ വേഷംകൊണ്ട് സുവിശേഷത്തിന്റെ സവിശേഷാത്മകമായ ജീവിതം നയിക്കാന്‍ സന്നദ്ധരായ ഒരുപറ്റം സ്ത്രീകളെ വാര്‍ത്തെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആലോചനയും സ്വപ്നവും. ആ സ്വപ്‌നത്തിലേക്ക് ദൈവപദ്ധതിയുടെ ഭാഗമായി നടന്നടുത്ത, തറയിൽ പിതാവ്‌ നേരിട്ടു തിരഞെടുത്ത ആദ്യവ്യക്തിയും ഒരേയൊരു വ്യക്തിയുമായിരുന്നു കൂടല്ലൂര്‍ കളപ്പുര വീട്ടിലെ മേരി. ഏതെങ്കിലും ഒരു മഠത്തില്‍ചേര്‍ന്ന് ഒരു മിഷനറിയായി വടക്കെ ഇന്ത്യയില്‍ സുവിശേഷാത്മകമായ ജീവിതം നയിക്കണമെന്ന മേരിയുടെ ആഗ്രഹത്തിന് വീട്ടുകാര്‍ ഒരിക്കലും പച്ചക്കൊടി കാണിക്കാതിരുന്ന അവസരം. അപ്പോഴാണ് യാദൃച്ഛികമായി മേരി,
മാര്‍.തറയിലുമായി കണ്ടുമുട്ടിയതും മേരിയുടെ ആഗ്രഹം മനസ്സിലാക്കിയ അദ്ദേഹം തന്റെ മനസ്സിലുള്ള സമര്‍പ്പിതസമൂഹത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവച്ചതും. ആ ആശയം വീട്ടുകാരെയും ആകര്‍ഷിച്ചിരുന്നതുകൊണ്ടും തങ്ങളുടെകണ്‍വെട്ടത്തുതന്നെ തങ്ങളിലൊരാളായി മകള്‍ ഉണ്ടാകുമെന്ന് മനസ്ലിലാക്കിയതുകൊണ്ടും വീട്ടുകാര്‍ ഇത്തവണ മേരിയുടെ ആഗ്രഹത്തെ തളളിക്കളഞ്ഞില്ല.
ആലപ്പുഴ സെന്റ് ജോസഫ്‌കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായതിന് ശേഷം മേരി, ബിസിഎം കോളജ് ഹോസ്റ്റലില്‍ താമസിച്ച് കോളജ് ലൈബ്രേറിയനായി ജോലി ചെയ്യുന്ന കാലത്ത്
മാര്‍. തോമസ് തറയില്‍ തന്റെ ആദ്യശിഷ്യയും അരുമശിഷ്യയുമായി മേരിയെകണ്ട് യാഥാര്‍ത്ഥ്യമാകാന്‍പോകുന്ന സമര്‍പ്പിതസമൂഹത്തിന്റെ നിയമാവലികള്‍ വിശദീകരിച്ചു കൊടുക്കുകയും വേണ്ടതായ പരിശീലനങ്ങള്‍ നല്കിപ്പോരുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ആ ദിവസങ്ങളിലാണ് 1957 ലെ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ മേരി ആദ്യഅംഗമായി പ്രഥമ വാഗ്ദാനം നടത്തിയത്.
അങ്ങനെ ഭാരത കത്തോലിക്കാസഭയിലെ ആദ്യത്തെ സെക്കുലർ ഇൻസ്റ്റിറ്റുട്ട് അംഗം എന്ന നിലയിൽ മേരി ഭാരത കത്തോലിക്കാസഭയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. അതിനും നാലുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഔദ്യോഗികമായി നിലവില്‍വന്നത്. ഈ സമയത്ത്
“കോട്ടിയത്തിന് “ പോകേണ്ട ജർമനിയിലെ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ആയ ജർമൻ വൈദീകൻ വഴി തെറ്റി കോട്ടയം അരമനയിൽ എത്തിയത് , അദ്ദേഹമാണ് മേരിക്ക് ജർമനിയിലെ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിൽ താമസിച്ച് കൂടുതലായി പരിശീലനം നേടുന്നതിനും, മെഡിക്കൽ കോളേജിൽ പഠിക്കുന്നതിനുമുള്ള അവസരം ഒരുക്കിക്കൊടുത്തതും.
പഠനം കഴിഞ്ഞ് തിരികെയെത്തിയ ഡോ. മേരി കാരിത്താസ് ആശുപത്രിയുടെ പ്രഥമ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിതയാവുകയും ഡോ.റോഡെയ്‌ക്കൊപ്പം പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. അങ്ങനെ തുടക്കം മുതൽ 60ാം വര്‍ഷാഘോഷംവരെ കാരിത്താസ് ആശുപത്രിയുടെ വിജയചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞ ജീവിച്ചിരിക്കുന്ന ഒരേയൊരുവ്യക്തിയായി ഡോ. മേരി കളപ്പുരയ്ക്കല്‍ മാറുകയായിരുന്നു . 57 വര്‍ഷത്തെ സേവനത്തിനൊടുവിലൽ 86ാ മത്തെവയസിലാണ് ഡോ. മേരി കാരിത്താസില്‍ നിന്ന് വിരമിച്ചത്. കാരിത്താസിൽ ഏറ്റവും കൂടുതൽ വർഷം സേവനം ചെയ്‌ത ഡോക്ടറും ഡോ.മേരി തന്നെ.
കാരിത്താസ് ആശുപത്രിയിലെ എത്തിക്‌സ്‌കമ്മിറ്റിക്ക് NABH അക്രഡിറ്റേഷന്‍ ലഭിച്ചത്.. കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് സംഭാവന ലഭിച്ചത്, കാരിത്താസ് പാലിയേറ്റീവ് കെയര്‍ ആരംഭിച്ചത്.. ഡോ.മേരിയും കാരിത്താസും തമ്മിലുള്ളബന്ധം ഒറ്റവരിയില്‍ എഴുതി അവസാനിപ്പിക്കാവുന്നവയല്ല. ഡോ. മേരിയുടെ നിസ്സീമവും അതുല്യവുമായ സംഭാവനകള്‍ പില്ക്കാല തലമുറ നന്ദിയോടെ അനുസ്മരിക്കുന്നു വെന്നതിന്റെ തെളിവായിരുന്നു ഡോ. മേരിക്ക് നല്കിയ പ്രത്യേക ആദരവ്.
ജര്‍മ്മനിയിലെ കൊളോണ്‍ രൂപതയുമായി ജനറല്‍ മെഡിസിന്‍ പഠനകാലത്ത് സ്ഥാപിച്ചെടുത്ത ബന്ധം വഴിയായിരുന്നു കോട്ടയം അതിരൂപതയുടെയും കാരിത്താസ് ആശുപത്രിയുടെയും സാമ്പത്തികാവശ്യങ്ങളില്‍ ഡോ. മേരി സഹായഹസ്തം നീട്ടിയത്. ഇതേ സാമ്പത്തികസഹായം മലബാറിന്റെ വികസനോന്മുഖമായ വളര്‍ച്ചയ്ക്കും ഡോ. മേരി ന്‌ല്കി എന്നതാണ് മറ്റൊരു വശം. മലബാറിന്റെ അമ്മയെന്ന് വിശേഷിപ്പിക്കപ്പെടാന്‍ കാരണമായതും ഇതുതന്നെ. പയ്യാവൂര്‍ മേഴ്‌സി ഹോസ്പിറ്റലുമായി ബന്ധപ്പെട്ടാണ് ഡോ. മേരിയുടെ ഈ ജീവിതചക്രത്തെ വിലയിരുത്തേണ്ടത്.
പയ്യാവൂര്‍ മേഴ്‌സി ആശുപത്രിയുടെ വെഞ്ചിരിപ്പ് വേളയിലെ പ്രസംഗത്തിലും ആത്മകഥയായ സ്മൃതിപഥത്തിലും യശ്ശശരീരനായ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ഡോ. മേരിയെക്കുറിച്ചു പറഞ്ഞ വാക്കുകള്‍,
ഒരു തിരയ്ക്കും മായ്ക്കാനാവാത്തവിധം കല്ലില്‍കുറിച്ചുവച്ചതിന് ചരിത്രം തന്നെ സാക്ഷി. തന്റെ രൂപതയുടെ വളര്‍ച്ചയ്ക്കുവേണ്ടി സൗഹൃദങ്ങളെ ഫലപ്രദമായി വിനിയോഗിക്കാന്‍ ഡോ. മേരി സന്നദ്ധയായിരുന്നുവെന്നും ഒരു കത്തോലിക്കാ രൂപതയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഇത്രയും അധികം സംഭാവനകള്‍ നല്കിയ ഒരു വ്യക്തി ഡോ.മേരിയെപോലെ സഭാചരിത്രത്തില്‍ വളരെ വിരളമായിരിക്കും എന്നും, പയ്യാവൂര്‍ മേഴ്‌സി ആശുപത്രി പടുത്തുയര്‍ത്തുന്നതിന് രൂപതയില്‍ നിന്ന് ഒരുപൈസ പോലും മുടക്കിയിട്ടില്ല ,
ഡോ. മേരി ജര്‍മ്മനിയില്‍പോയി തെണ്ടി പിരിച്ചുണ്ടാക്കിയ പണംകൊണ്ടാണ് ഈ ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും കെട്ടിപ്പൊക്കിയിരിക്കുന്നതും എന്നുമായിരുന്നു മാര്‍ കുന്നശ്ശേരി പല അവസരങ്ങളിലായി പറഞ്ഞ വാക്കുകള്‍. മാത്രവുമല്ല സ്മൃതിപഥത്തില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളില്‍ അദ്ദേഹം പരാമര്‍ശിക്കുന്നവ്യക്തിയും ഡോ.മേരിയാണ്.
ഡോ. മേരിയുടെ സേവനങ്ങളെ അറിയാൻ ആഗ്രഹിക്കുന്നവർ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം കൂടിയാണ്
മാര്‍. കുന്നശ്ശേരിയുടെ സ്മൃതിപഥം.
മലബാര്‍ മേഖലയില്‍ ഇന്ന് തലഉയര്‍ത്തിനില്ക്കുന്ന ഒട്ടുമിക്ക ദേവാലയങ്ങളുടെ നിര്‍മ്മാണത്തിലും ഡോ. മേരി സാമ്പത്തികസഹായം നല്കിയത് സമ്പന്നരായ വിദേശസുഹൃത്തുക്കള്‍ വഴിയായിരുന്നു. വിദേശസുഹൃത്തുക്കളുടെ വില്‍പ്പത്രങ്ങളില്‍ ഒരു പങ്ക് ഡോ.മേരിക്കായി നീക്കിവയ്ക്കാന്‍ മാത്രം അത്രയ്ക്കധികം വിശ്വാസ്യതയും സ്‌നേഹവും മേരി ആര്‍ജ്ജി്‌ച്ചെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം തന്റെ രൂപതയുടെയും തന്റെ സേവനമണ്ഡലങ്ങളുടെയും ഉന്നതിക്കും വളര്‍ച്ചയ്ക്കും വേണ്ടി മാത്രമാണ് മേരി ചെലവഴിച്ചത് എന്നറിയുമ്പോഴാണ് ഒരേ സമയം ആ മനുഷ്യസ്‌നേഹിയും സമുദായസ്‌നേഹിയുമായ ഡോ.മേരിയുടെ മുമ്പില്‍ ആദരവോടെ കൈകള്‍ കൂപ്പേണ്ടിവരുന്നത്. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള പല സ്ഥാപനങ്ങളുടേയും മൂലധനം കണ്ടെത്തിയതുൾപ്പടെ അതിന്റെ വളർച്ചക്ക്
ഡോ. മേരി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ് .
പ്രായം 87 ല്‍ എത്തിയപ്പോഴും മറ്റുള്ളവരെ സേവിക്കുന്നതില്‍ നിന്നും സഹായിക്കുന്നതില്‍ നിന്നും ഡോ.മേരി ഒരടിപോലും പിന്നോട്ട് പോയിട്ടില്ല. കാരിത്താസ് ഹോസ്പിറ്റലില്‍ നിന്ന് വിരമിച്ചപ്പോള്‍പോലും വലിയൊരുതുക സമാഹരിച്ച് നിർദ്ധനരായ ക്യാൻസർ രോഗികളെ
ചികിൽസിക്കുവാൻ പാലിയേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്കാന്‍ ഡോ.മേരി മറക്കുകയോ മടികാണിക്കുകയോ ചെയ്തില്ല.
ഡോ.മേരി കളപ്പുരയ്ക്കല്‍ ഇതിനകം സഭയുടെയും സമൂഹത്തിന്റെയും നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്. ചങ്ങനാശ്ശേരി അതിരൂപതയുടെ സമര്‍പ്പിതന്‍ അവാര്‍ഡ്, മാനവീയം അവാര്‍ഡ്, കെസിബിസി അവാര്‍ഡ്,മികച്ച പാലിയേറ്റീവിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
ഒരു അവാര്‍ഡിലും ഒതുക്കാനാവാത്ത വ്യക്തിത്വമാണ് ഡോ. മേരിയെന്ന് അടുത്തറിയുന്നവരെല്ലാം ഒന്നുപോലെ സമ്മതിക്കും. പുഴയറിയാതെ കുളിച്ചുകയറുന്നതുപോലെ സൗമ്യദീപ്തമായി നമുക്കിടയില്‍ പ്രകാശിച്ചുനില്ക്കുന്ന ഡോ. മേരി കളപ്പുരയ്ക്കലിന് നമുക്ക് ആയൂരാരോഗ്യങ്ങള്‍ നേരാം. ഇവിടെ ഇങ്ങനെയുംചിലരെ ഇനിയും സഭയ്ക്കും സമൂഹത്തിനും ദരിദ്രര്‍ക്കും ആവശ്യമുണ്ട്..

Facebook Comments

knanayapathram

Read Previous

ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

Read Next

DKCC ചെയർമാനായി ശ്രീ ബോബൻ ഇലവുങ്കലിനെ തിരഞ്ഞെടുത്തു.