കോട്ടയം: ഒണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങള്‍ സ്വീകരിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഉയര്‍ച്ചകള്‍ നേടുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുടെ അഞ്ചാം ഘട്ടത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തിലൂടെ വളരുവാനും നന്മകള്‍ സഹമനുഷ്യരുമായി പങ്കുവയ്ക്കുവാനും പുതുതലമുറയ്ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കെയര്‍ ആന്റ് ഷെയര്‍ യു.എസ്.എയുമായി സഹകരിച്ച് 10 കുട്ടികള്‍ക്കാണ് മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കിയത്.