ഇടുക്കി : കോവിഡ് 19 അതിജീവനത്തിന് മാതൃക പരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടത് സഭയുടെ ശുശ്രൂഷാ ദൗത്യമാണെന്ന് ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി കോവിഡ് ബാധിതരായ സ്വാശ്രയ സംഘാംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന കാര്‍ഷിക അനുബന്ധ വരുമാന ദായക പദ്ധതിയായ ഹരിത സഞ്ജീവനി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. വരുമാന ദായക സംരംഭങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും മാത്രമേ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാളും ജി ഡി എസ് പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പടമുഖം ഫൊറോന വികാരിയും ജി ഡി എസ് വൈസ് പ്രസിഡന്റുമായ ഫാ. ജോബി പൂച്ചുകണ്ടത്തില്‍, ജി.ഡി.എസ് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികളായ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, സിസ്റ്റര്‍ മനീഷ മരിയാ മാത്യു, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം റെജി കപ്ലങ്ങാട്ട്, ജി ഡി എസ് പ്രോഗ്രാം ഓഫിസര്‍ സിറിയക് ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍ ബേബി കൊല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു. പദ്ധതിയിലൂടെ ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളിലെ 250 ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.