കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുമാന വര്‍ദ്ധനവിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി പോത്ത് വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി ഹരിയാനയില്‍ നിന്നുള്ള നല്ലയിനം മുറ ക്രോസ് പോത്തിന്‍ കുട്ടികളെയാണ് കര്‍ഷകര്‍ക്ക് മിതമായ നിരക്കല്‍ ലഭ്യമാക്കുന്നത്. വരുമാന വര്‍ദ്ധനവിന് ‘വീട്ടില്‍ ഒരു പോത്ത്’ എന്ന പേരില്‍ നടപ്പിലാക്കുന്ന പോത്ത് വളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഷാനവാസ് അബ്ദുള്ള എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃകാ പോത്തുവളര്‍ത്തല്‍ യൂണിറ്റും ചൈതന്യയില്‍ ആരംഭിക്കും. കൂടാതെ കര്‍ഷകര്‍ക്കായി ആവശ്യാനുസരണം നല്ലയിനം പോത്തിന്‍ കുട്ടികളെ ലഭ്യമാക്കുന്നതോടൊപ്പം കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങള്‍ക്ക് പദ്ധതി ആരംഭിക്കുന്നതിനായി ലോണ്‍ സംവിധാനവും ക്രമീകരിക്കുന്നതാണ്.