കോട്ടയം: വിശ്വാസ-പൈതൃകസംരക്ഷണത്തില്‍ അമ്മമാരുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വനിതാസംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിച്ചുകൊണ്ടുളള ക്‌നാനായ സമുദായത്തിലെ പൂര്‍വ്വികരായ അമ്മമാരുടെ മഹത്തരവും ത്യാഗനിര്‍ഭരവുമയ ജീവിതവും മാതൃകകളും പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രചോദനമാകണമെന്നും കുടുംബത്തിലെ സ്‌നേഹവും ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ അമ്മമാര്‍ വഹിക്കുന്ന പങ്ക് നിസ്‌തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് മേഴ്‌സി ജോണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രതിസന്ധികള്‍ സാധ്യതകളായി കാണണമെന്നും ദൈവത്തിലാശ്രയിച്ച് അതിജീവിക്കണമെന്നും കൊറോണ പശ്ചാത്തലത്തില്‍ നവമാധ്യമ സാധ്യതകള്‍ കുടുംബത്തിലെ കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും ഫലപ്രദമായി വിനിയോഗിക്കുന്നുവെന്നുറപ്പു വരുത്താന്‍ അമ്മമാര്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍തി. അതിരൂപതാ സെക്രട്ടറി സിന്‍സി പാറയില്‍, മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജെയ്‌നമ്മ മുളവേലിപ്പുറം എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ.സി.ഡബ്ല്യു.എയുടെ വിവിധ യൂണിറ്റുകളില്‍ നിന്നായി 500 പേര്‍ ഓണ്‍ലൈന്‍ സംഗമത്തില്‍ പങ്കെടുത്തു. അതിരൂപത ഭാരവാഹികള്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി