കോട്ടയം:കോവിഡ് വ്യാപനത്തിന്റെയും പ്രളയ കെടുതികളുടെയും സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അന്‍പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ അന്നമിത്ര പദ്ധതിയുമായി മുന്‍പോട്ട് വന്നിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേയും ലില്ലിയാനെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആയിരം രൂപ വീതം വില വരുന്ന ഭക്ഷ്യ കിറ്റുകള്‍ മൂന്ന് മാസത്തേക്ക് തുടര്‍ച്ചയായി ലഭ്യമാക്കും. കോവിഡ് പ്രതിരോധത്തിനായുള്ള മാസ്‌ക്കുകള്‍, അരി, ഗോതമ്പുപൊടി, പയര്‍ പഞ്ചസാര, കുക്കിംഗ് ഓയില്‍, സോപ്പ് എന്നിവ ഉള്‍പ്പെടെയുള്ള കിറ്റുകളാണ് അന്നമിത്ര പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഫ്‌ളാഗ്ഗ് ഓഫ് കര്‍മ്മം കെ. എസ്. എസ്. എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍മാരായ തോമസുകുട്ടി കെ. മാവേലില്‍, അവറാന്‍കുട്ടി ജോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ. എസ്. എസ്. എസ് നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് അന്നമിത്ര പദ്ധതി നടപ്പിലാക്കുന്നത്