പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിന് പുതുതായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഒന്നാം ഘട്ടമായ 12 ക്ലാസ് മുറികളുടെ വെഞ്ചരിപ്പ്, ഉദ്ഘാടനം എന്നിവ ഒക്ടോബർ 23 ന് നടക്കും. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 30 ന് കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ വെഞ്ചരിപ്പിന് മുഖ്യ കാർമികത്വം വഹിക്കുന്നു. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം അഭിവന്ദ്യ പിതാവിന്റെ അധ്യക്ഷതയിൽ ഇരിക്കൂർ MLA അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.
പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ മുഖ്യപ്രഭാഷണം നടത്തും. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ. ജയപ്രകാശ് ഈ അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്യും. കണ്ണൂർ ജില്ലാപഞ്ചായത്ത് അംഗം എൻ. പി. ശ്രീധരൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് തുരുത്തേൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗം ടി. പി. അഷ്റഫ്, സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കര, പ്രിൻസിപ്പൽ കെ. സി. റെജിമോൻ, പ്രധാനാധ്യാപിക സി. റിൻസി, പി ടി എ പ്രസിഡന്റ് ഫിലിപ്പ് പഴയംപള്ളിൽ, പൂർവ്വ വിദ്യാർത്ഥി – അധ്യാപക പ്രതിനിധി പി എം മാത്യു, ബിനോയ് കെ. എസ്. എന്നിവർ പ്രസംഗിക്കും. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പൂർവ്വ വിദ്യാർത്ഥി അഖിൽ ജോയിയെ ചടങ്ങിൽ അനുമോദിക്കും. സ്‌കൂൾ നിർമാണ ഘട്ടത്തിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തികളെ ആദരിക്കും. ഉദ്ഘാടന സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുന്നു. മാനേജ്‌മെന്റ് മുൻകൈ എടുത്ത് അധ്യാപക – അനധ്യാപക സമൂഹത്തിന്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിരമിച്ച അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും നിർലോഭമായ സഹകരണത്തിലൂടെയാണ് സ്‌കൂൾ നിർമാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തീകരിക്കാൻ സാധിച്ചത്. കോവിഡ് സാഹചര്യത്തിൽ ചടങ്ങിൽ പങ്കെടുക്കുന്ന വ്യക്തികളുടെ എണ്ണം പരിമിതപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. വെഞ്ചരിപ്പ്, ഉദ്‌ഘാടന ചടങ്ങുകളുടെ ലൈവ് സ്‌ട്രീമിംഗ് സ്‌കൂളിന്റെ യൂട്യൂബ് ചാനലിൽ ഉണ്ടായിരിക്കും.