കോട്ടയം: പ്രളയ മണ്ണിടിച്ചില്‍ ദുരന്ത മേഖലകളിലെ ആളുകള്‍ക്ക് വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും പങ്കാളിത്തത്തൊടെ സഹായ ഹസ്തമൊരുക്കുവാന്‍ തയ്യാറെടുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യാന്തര ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന ഓക്‌സ്ഫാം ഇന്‍ഡ്യ പ്രതിനിധികള്‍ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും ദുരന്ത നിവാരണ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അപ്പര്‍ കുട്ടാനാട് ഉള്‍പ്പെടെയുള്ള പ്രളയബാധിത മേഖലകളില്‍ കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, തിരുവംവണ്ടൂര്‍, പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍, ഇരവിപേരൂര്‍, ഓതറ, കല്ലിശ്ശേരി, കടപ്ര, പെരിങ്ങറ എന്നിവിടങ്ങളിലാണ് കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തിയത്. കൂടാതെ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണ പൊതികളും കെ.എസ്.എസ്.എസ് ലഭ്യമാക്കി. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ കൂട്ടിക്കല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആളുകള്‍ക്കും സാധ്യമാകുന്ന സഹായ സഹകരണങ്ങള്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.എസ്.എസ്. പ്രളയ ദുരന്ത ബാധിത മേഖലകളിലെ കുടുംബങ്ങളിലെ ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരെ സംഘടിപ്പിച്ചുകൊണ്ട് കെ.എസ്.എസ്.എസ് നേതൃത്വം നല്‍കും. കൂടാതെ ശുചീകരണ കിറ്റുകള്‍, ഭക്ഷ്യകിറ്റുകള്‍, കോവിഡ് പ്രതിരോധ കിറ്റുകള്‍ എന്നിവയും വിതരണം ചെയ്യും. കര്‍മ്മ നിരതമായ പ്രവര്‍ത്തനങ്ങളിലൂടെ വരും ദിനങ്ങളില്‍ പ്രളയ ദുരന്തബാധിത മേഖലകളിലെ ആളുകളിലേയ്ക്ക് കൂടുതല്‍ സഹായം കെ.എസ്.എസ്.എസ് ലഭ്യമാക്കും