Breaking news

ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം: കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. സ്വഭവനങ്ങളില്‍ ടി.വി ഇല്ലാത്തവരും പിന്നോക്കാവസ്ഥയിലുമുള്ള കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി ടി.വി ലഭ്യമാക്കി പഠനാവസരം തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നത്. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി.വികള്‍ വിതരണം ചെയ്തുകൊണ്ട് തോമസ് ചാഴികാടന്‍ എം.പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോവിഡ് 19 മൂലം പഠനാവസരം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്‍കി ഓണ്‍ലൈന്‍ പഠനത്തിന് അവസരം ഒരുക്കുന്നത് ഉള്‍പ്പടെയുള്ള നിരവധിയായ അതിജീവന പ്രവര്‍ത്തനങ്ങളിലൂടെ സഹമനുഷ്യരോടുള്ള സാമൂഹിക പ്രതിബദ്ധതയാണ് കെ.എസ്.എസ്.എസ് പ്രകടിപ്പിക്കുന്നത് എന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ പരസ്പരം കരുതിയും സഹായിച്ചും മുന്നോട്ട് പോകുവാന്‍ കഴിയണമെന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, സാമൂഹ്യ പ്രവര്‍ത്തകന്‍ ജോസ് പുളിക്കല്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ 75ഓളം കുട്ടികള്‍ക്കാണ് കെ.എസ്.എസ്.എസ് ടെലിവിഷനുകള്‍ ലഭ്യമാക്കുന്നത്. 

Facebook Comments

knanayapathram

Read Previous

ക്നാനായക്കാരുടെ കരുണയുടെ ചിറകിലേറി തിരുവല്ലക്കാരി ദീപസാജൻ ഇന്ന് ഹീത്രുവിൽ നിന്ന് നാട്ടിലേക്ക് പറക്കുന്നു

Read Next

സാന്‍ഹൊസെ ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു