കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമയ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ വികസന ബാങ്കായ നബാര്‍ഡുമായി സഹകരിച്ചുകൊണ്ട് ഗ്രാമീണ വനിതകള്‍ക്കായി നടപ്പിലാക്കിയ ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പരിശീലന പരിപാടിയുടെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയ 30 വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി 60 ദിവസത്തെ ശാസ്ത്രീയ തയ്യല്‍ പരിശീലനം സൗജന്യമായിട്ടാണ് ലഭ്യമാക്കിയത്. പരിശീലനം വിജകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് തയ്യല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ തുടങ്ങുന്നതിന് നബാര്‍ഡിന്റെ സഹകരണത്തോടെയുള്ള ഇതര ക്രമീകരണങ്ങളും കെ.എസ്.എസ്.എസ് ലഭ്യമാക്കും.