Breaking news

ക്യാന്‍സര്‍ ദിനാചരണവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു

കോട്ടയം:  ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ജീവിതശൈലി അവലംബനത്തിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കുവാന്‍ സാധിക്കുമെന്ന്  സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം, ചൈതന്യയില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ ദിനാചരണത്തിന്റെയും ചികിത്സാ സഹായ വിതരണത്തിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ രോഗത്തെ ഭയപ്പെടാതെ നേരിടുവാനുള്ള ഇച്ഛാശക്തി നേടിയെടുക്കാവന്‍ കഴിയുന്നതോടൊപ്പം ക്യാന്‍സര്‍ ബാധിതരായ ആളുകള്‍ക്ക് സഹായഹസ്തവും കരുതലും ഒരുക്കുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ക്യാന്‍സര്‍ ബാധിതരായ ആളുകള്‍ക്ക് കെ.എസ്.എസ്.എസ് ലഭ്യമാക്കുന്ന ചികിത്സാ സഹായത്തിന്റെ വിതരണോദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. എഴുപതോളം പേര്‍ക്കാണ് ചികിത്സാ സഹായം ലഭ്യമാക്കിയത്. ദിനാചാരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട ക്യാന്‍സര്‍ സുരക്ഷാ ബോധവല്‍ക്കരണ സെമിനാറിന് കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്ററിലെ ഗൈനക്കോളജിക്കല്‍ ഓങ്കോളജിസ്റ്റ്  ഡോ. അനു എന്‍. ജോസഫ് നേതൃത്വം നല്‍കി. കൂടാതെ ക്യാന്‍സര്‍ അവബോധ പോസ്റ്റര്‍ പ്രദര്‍ശനവും ക്യാന്‍സര്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹകാരികളാകുന്ന വോളണ്ടിയേഴ്‌സിന്റെ സംഗമവും നടത്തപ്പെട്ടു.  ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുമായി സഹകരിച്ച് കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദിനാചരണത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലാകളില്‍ നിന്നായുള്ള സന്നദ്ധ പ്രവര്‍ത്തകരും വോളണ്ടിയേഴ്‌സും പങ്കെടുത്തു.

Facebook Comments

knanayapathram

Read Previous

ഷിക്കാഗോ കെ. സി. എസ്. വിമൺസ് ഫോറം ഹോളിഡേ പാർട്ടി അത്യുജ്വലമായി

Read Next

ചിക്കാഗോ കെ.സി.എസ് 2023-25 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം വര്‍ണ്ണാഭമായി