Breaking news

ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു ,കൗതുകമുണര്‍ത്തി പോത്ത് രാജാക്കന്മാരുടെ പ്രദര്‍ശനവും പെറ്റ് ഷോയും

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സഹകരണ രജിസ്‌ട്രേഷന്‍ സാംസ്‌ക്കാരിക സിനിമാ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ മേളയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് കാര്‍ഷിക സംസ്‌ക്കാരം പിന്തുടരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭക്ഷ്യമേഖലയില്‍ സ്വയംപര്യാപ്ത കൈവരിക്കുവാന്‍ പ്രോത്സാഹനം നല്‍കുന്നതോടൊപ്പം കൂട്ടായ്മയുടെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും നല്ല പാഠങ്ങള്‍ പകര്‍ന്ന് നല്‍കുവാനും ചൈതന്യ കാര്‍ഷിക മേള പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയ്ക്ക് പുതുജീവനും ചൈതന്യവും പകരുവാന്‍ ചൈതന്യ കാര്‍ഷിക മേളയിലൂടെ സാധിക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. നാനാജാതി മതസ്ഥരായ എല്ലാവരെയും സ്വാശ്രയസംഘ കൂട്ടായ്മയില്‍ ഒന്നിപ്പിച്ച് നന്മയുടെ പുതുചരിത്രം രചിക്കുവാന്‍  കെ.എസ്.എസ്.എസിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം അതിരൂപത ചാന്‍സിലര്‍ ഡോ. ജോണ്‍ ചേന്നാകുഴി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രകള്‍ച്ചര്‍ ഓഫീസര്‍ ഗീത വര്‍ഗ്ഗീസ്, കോട്ടയം ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ഷംനാദ് വി.എ, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ്് ജനറല്‍ റവ. സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടില്‍, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേക്കണ്ടംകരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷിക മഹോത്സവത്തിന്റെ ഉദ്ഘാടന ദിവസം സര്‍ഗ്ഗസംഗമ ദിനം എന്ന പേരിലാണ് സംഘടിപ്പിച്ചത്. രാവിലെ 11.45 ന് നടത്തപ്പെട്ട പതാക ഉയര്‍ത്തല്‍ കര്‍മ്മം കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരവും തുടര്‍ന്ന് മീന്‍ പിടുത്ത മത്സരവും സിബിആര്‍ ഉഴവൂര്‍ മേഖലാ കലാപരിപാടികളും നടത്തപ്പെട്ടു. ജൈവ കൃഷിയിലൂടെ ഭക്ഷ്യസമൃദ്ധിയിലേയ്ക്ക് എന്ന വിഷയത്തെ ആസ്പദമാക്കി  നടത്തപ്പെട്ട സെമിനാറിന് കോട്ടയം കൃഷി വിജ്ഞാനകേന്ദ്രം അസ്സി. പ്രൊഫസര്‍ ഡോ. ബിന്ദു പി.എസ് നേതൃത്വം നല്‍കി. വൈകുന്നേരം മലര്‍വാടി നാടോടി നൃത്ത മത്സരവും തൊമ്മനും മക്കളും വടംവലികൂട്ടായ്മയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വടംവലി മാമാങ്കവും വൈക്കം മാളവിക അവതരിപ്പിച്ച നാടകവും നടത്തപ്പെട്ടു.
കാര്‍ഷികമേളയുടെ രണ്ടാം ദിനമായ ഇന്ന് ഭക്ഷ്യസുരക്ഷ ദിനമായിട്ടാണ് ആചരിക്കുന്നത്. രാവിലെ 12.00 ന് കൈപ്പുഴ മേഖലയുടെ കലാപരിപാടികളും 12.30 ന് താറാവ് പിടുത്ത മത്സരവും 12.45 ന് നടനരസം ഭരതനാട്യ മത്സരവും തുടര്‍ന്ന് തുഞ്ചാണി ചീകല്‍ മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന ഭക്ഷ്യസുരക്ഷദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്  നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തോടൊനുബന്ധിച്ച് ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് ഏറ്റവും മികച്ച സ്വാശ്രയസംഘത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌ക്കാര സമര്‍പ്പണം നടത്തപ്പെടും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടയം നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ റെജി വര്‍ഗ്ഗീസ്, കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകരന്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ കരുണ എസ്‌വിഎം, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.45 ന് ഫലിതം കോമഡി സ്‌കിറ്റ് മത്സരവും 6.45 ന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന നാടകം ‘മൂക്കുത്തി’യും അരങ്ങേറും. മേളാങ്കണത്തില്‍ മെഡിക്കല്‍ എക്‌സിബിഷന്‍, പുരാവസ്തു പ്രദര്‍ശനം, കാര്‍ഷിക വിളപ്രദര്‍ശനം, പൗരാണിക ഭോജനശാല, മുറ-ജാഫര്‍വാദി ഇനത്തില്‍പ്പെട്ട പോത്ത് രാജക്കന്മാരായ സുല്‍ത്താന്റെയും മാണിക്യന്റെയും പ്രദര്‍ശനം, പെറ്റ് ഷോ, കലാസന്ധ്യകള്‍, പ്രദര്‍ശന വിപണന സ്റ്റോളുകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനം തുടങ്ങി നിരവധിയായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Facebook Comments

knanayapathram

Read Previous

മാങ്ങിടപള്ളി കാഞ്ഞിരത്തിങ്കല്‍ തമ്പി ജോസഫ് (69) നിര്യാതനായി. Live funeral telecasting available

Read Next

ന്യൂ യോർക്ക് സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തിന്റെ ദശവത്സരാഘോഷങ്ങളുടെ സമാപനം നവംബർ 26, 27 തീയതികളിൽ