Breaking news

പ്രളയദുരിതം ബാധിച്ച കോട്ടയം ജില്ലയിലെ 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രളയദുരിതം ബാധിച്ച കോട്ടയം ജില്ലയിലെ 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നു. സിബിഎം ഇന്‍ഡ്യ ട്രസ്റ്റിന്റെ സഹകരണത്തോടെ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള ആര്‍ജ്ജവവും ഇച്ഛാശക്തിയും സ്വായത്തമാക്കി മുന്‍പോട്ട് പോകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ദുരിതം അനുഭവിക്കുന്ന ജനവിഭാഗത്തിന് സഹായഹസ്തമൊരുക്കി ചേര്‍ത്ത് പിടിക്കുവാനുള്ള മനസ്ഥിതിയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അരി, പഞ്ചസാര, ഗോതമ്പ് പൊടി, കടല, ചെറുപയര്‍, റവ, ചായപ്പൊടി, കടുക്, കുക്കിംഗ് ഓയില്‍ എന്നിവ ഉള്‍പ്പെടുന്ന 1000 രൂപാ വീതം വിലയുള്ള ഭക്ഷ്യകിറ്റുകളാണ് ഓരോ കുടുംബത്തിനും ലഭ്യമാക്കുന്നത്.

Facebook Comments

knanayapathram

Read Previous

യുവജനങ്ങൾക്ക് ആവേശമായി കെ. സി. വൈ. എൽ. 53-ാം ജന്മദിനാഘോഷം

Read Next

താങ്ക്സ് ഗിവിങ്ങ് ഡേ വ്യസ്തമാക്കി ന്യൂജേഴ്സിയിലെ കുട്ടികൾ